അര്‍ജന്റീനയുടെ ശരി

Posted on: June 8, 2018 6:00 am | Last updated: June 7, 2018 at 11:55 pm
SHARE

കളി കാര്യമാകുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ സംഭവവികാസങ്ങളും തര്‍ക്കങ്ങളും നയതന്ത്ര വടം വലികളും ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങളുടെ വേദിയും സമയവും നിശ്ചയിക്കുന്നതില്‍ കടന്ന് വരാറുണ്ട്. കളി ബഹിഷ്‌കരണങ്ങള്‍ സമരായുധമായതിന്റെ ചരിത്രവും ഏറെ പറയാനുണ്ട്. ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം ശനിയാഴ്ച ജറൂസലമില്‍ കളിക്കേണ്ടിയിരുന്ന സന്നാഹ മത്സരം ഉപേക്ഷിച്ചതിനെ അക്കൂട്ടത്തിലാണ് ഉള്‍പ്പെടുത്തേണ്ടത്. തീവ്രവാദികളുടെ ഭീഷണി മൂലം കളി ഉപേക്ഷിച്ചുവെന്ന് ഇസ്‌റാഈലും ആ രാജ്യത്തെ പിന്തുണക്കുന്നവരും പറയുന്നു. അതല്ല മെസ്സിയുടെ സ്‌പോണ്‍സര്‍മാരും അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം കാത്തു സൂക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവരും ഉപദേശിച്ചതനുസരിച്ചാണ് കളി ഉപേക്ഷിച്ചതെന്നും വ്യാഖ്യാനമുണ്ട്. വ്യാഖ്യാനങ്ങള്‍ എന്തുമാകട്ടേ. മനുഷ്യരെ കൊന്നു തള്ളുന്ന അക്രമി രാഷ്ട്രത്തിന്റെ മണ്ണില്‍ കളിക്കാനില്ലെന്ന അത്യന്തം പ്രഹര ശേഷിയുള്ള തീരുമാനത്തിന് മെസ്സിയും സംഘവും തയ്യാറായിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. അത് ലോകത്താകെ അലയടിക്കുന്ന അധിനിവേശവിരുദ്ധ വികാരത്തെ ജ്വലിപ്പിക്കുന്നു. ഇസ്‌റാഈല്‍ കവര്‍ന്നെടുത്ത തങ്ങളുടെ മണ്ണ് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീനികള്‍ അതിര്‍ത്തിയില്‍ പ്രക്ഷോഭത്തിലാണ്. ഒരാഴ്ചക്കിടെ അമ്പതിലധികം പേരെയാണ് ഇസ്‌റാഈല്‍ സൈന്യം വെടിവെച്ച് കൊന്നത്. പരുക്കേറ്റവരെ ശുശ്രൂഷിക്കാന്‍ ചെന്ന നഴ്‌സിനെ പോലും വെറുതെ വിട്ടില്ല. യു എന്നടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ പാസ്സാക്കിയ പ്രമേയങ്ങള്‍ പാലിക്കണമെന്ന് മാത്രമാണ് ഈ പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍, യൂനിസെഫ് അംബാസിഡറായ ലയണല്‍ മെസ്സിക്ക് എങ്ങനെ ജറൂസലമില്‍ കളിക്കാന്‍ സാധിക്കും?

ഇസ്‌റാഈലിലെ മറ്റൊരു പ്രധാന നഗരമായ ഹൈഫയിലായിരുന്നു സന്നാഹ മത്സരം ആദ്യം നിശ്ചയിച്ചിരുന്നത്. ജറൂസലമിലേക്ക് വേദി മാറ്റുക വഴി കുതന്ത്ര രാഷ്ട്രീയം കളിച്ചത് ഇസ്‌റാഈല്‍ തന്നെയാണ്. ഹൈഫയിലാണ് മത്സരമെങ്കില്‍ ഒരു പ്രശ്‌നവുമില്ലാതെ അത് നടന്നു പോകുമായിരുന്നു. മെസ്സി വന്നുവെന്ന് ഇസ്‌റാഈലിന് മേനി പറയുകയുമാകാമായിരുന്നു. പക്ഷേ, അത്യാഗ്രഹം അനുവദിച്ചില്ല. ഇസ്‌റാഈല്‍ സ്‌പോര്‍ട്‌സ് മന്ത്രി മിരി രെഗേവിന്റെതാണ് കുബുദ്ധി. ഇസ്‌റാഈല്‍ രൂപവത്കരണത്തിന്റെ 70ാം വാര്‍ഷികം ടെഡി സ്‌റ്റേഡിയത്തിലെ സന്നാഹ മത്സരത്തിലൂടെ ആഘോഷിക്കാനായിരുന്നു പരിപാടി. ഈ നീക്കത്തിന് പ്രഖ്യാപിത മുസ്‌ലിംവിരുദ്ധനും പ്രതിരോധ മന്ത്രിയുമായ അവിഗ്‌ദോര്‍ ലീബര്‍മാന്റെ പിന്തുണയുമുണ്ടായിരുന്നു.

1967ലെ യുദ്ധത്തില്‍ ഇസ്‌റാഈല്‍ പിടിച്ചടക്കുകയും എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തി കൈവശം വെക്കുകയും ചെയ്യുന്ന പ്രദേശമാണ് കിഴക്കന്‍ ജറൂസലം. നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട നഗരം. ഇസ്‌റാഈല്‍ രാഷ്ട്ര സംസ്ഥാപനത്തിന് അസ്തിവാരമിട്ട ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ പോലും ഈ പ്രദേശത്ത് മുമ്പുള്ള നില തുടരണമെന്നാണ് പറയുന്നത്. ഇതൊന്നും വകവെക്കാതെ ഇസ്‌റാഈല്‍ തലസ്ഥാനം ടെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റാനുള്ള കൊണ്ടുപിടിച്ച ശ്രമം നടക്കുകയാണ്. യു എസ് എംബസി ജറൂസലമിലേക്ക് മാറ്റി യു എസ് പ്രസിഡന്റ് ട്രംപ് ഈ നീക്കത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നു. ഈ നിലയില്‍ നെറികേടിന്റെ പ്രതീകമായി മാറിക്കഴിഞ്ഞ ജറൂസലമില്‍ തന്നെ മെസ്സിയും സംഘവും കളിക്കണമെന്ന ശാഠ്യം ലോകത്തോട് തന്നെയുള്ള വെല്ലുവിളിയല്ലാതെ മറ്റെന്താണ്? ആ ഘട്ടത്തിലാണ് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിബ്രീല്‍ റജൗബ് ശക്തമായ താക്കീതുമായി രംഗത്തെത്തിയത്. മെസ്സി അവിടെ കളിക്കാന്‍ വന്നാല്‍ അദ്ദേഹത്തിന്റെ ജഴ്‌സി കത്തിച്ച് പ്രതിഷേധിക്കുമെന്ന് റജൗബ് പ്രഖ്യാപിച്ചു.

ഇസ്‌റാഈലിനെതിരെ 2005ല്‍ തുടങ്ങുകയും 2010ന് ശേഷം ശക്തിയാര്‍ജിക്കുകയും ചെയ്ത ബി ഡി എസ് പ്രസ്ഥാനത്തിന്റെ വിജയം കൂടിയാണ് അര്‍ജന്റീനിയന്‍ പിന്‍മാറ്റം. നത്തിംഗ് ഫ്രണ്ട്‌ലി എന്ന ഹാഷ് ടാഗില്‍ ബി ഡി എസ് ആണ് ക്യാമ്പയിന് നേതൃത്വം നല്‍കിയത്. ബോയ്‌കോട്ട്, ഡിവസ്റ്റ്, സാന്‍ക്ഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ബി ഡി എസ്. ഇസ്‌റാഈലിനെ ബഹിഷ്‌കരിക്കുക, അവിടെ നിക്ഷേപം നടത്തുന്നവരെ നിരുത്സാഹപ്പെടുത്തുക, ഉപരോധം സൃഷ്ടിക്കുക എന്നതാണ് മുദ്രാവാക്യം. ബിഗോട്ടറി, ഡിസ്‌ഹോണസ്റ്റ്, ഷെയിം എന്ന് നെതന്യാഹു പരാവര്‍ത്തനം ചെയ്യുമ്പോഴും ബി ഡി എസ് പ്രസ്ഥാനം ലോകത്താകെ പടരുകയാണ്. ബ്രിട്ടനിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇസ്‌റാഈലുമായുള്ള കരാറുകള്‍ റദ്ദാക്കി. നിരവധി കമ്പനികള്‍ ഇസ്‌റാഈലില്‍ നിന്ന് അവരുടെ നിക്ഷേപം പിന്‍വലിച്ചു. ഗാസാ കൂട്ടക്കുരുതിക്ക് പിറകേ ഇസ്‌റാഈലിലെ വിദേശ നിക്ഷേപം 46 ശതമാനം കണ്ടാണ് ഇടിഞ്ഞത്. ടെല്‍ അവീവില്‍ പ്രസംഗിക്കില്ലെന്ന് പ്രഖ്യാപിച്ച് സ്റ്റീഫന്‍ ഹോകിംഗ് ഈ പോരാട്ടത്തില്‍ പങ്കാളിയായിരുന്നു.

ഗാന്ധിയന്‍ സമരമുറയായ ബഹിഷ്‌കരണം എത്രമാത്രം ശക്തമായ ആയുധമാണെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. മെസ്സിയെ പേടിത്തൊണ്ടനെന്ന് ആക്ഷേപിക്കുകയാണിപ്പോള്‍ അവിഗ്‌ദോര്‍ ലീബര്‍മാന്‍. എന്നാല്‍ ഇത് ജയിച്ച കളിയാണ്. ധീരതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here