എട്ടിക്കുളത്ത് എന്തിനാണവര്‍ അക്രമിക്കാന്‍ വരുന്നത്?

Posted on: June 8, 2018 6:00 am | Last updated: June 7, 2018 at 10:06 pm
ഗുണ്ടകള്‍ തകര്‍ത്ത കാര്‍

വിശുദ്ധ റമസാനിലെ പവിത്രമായ വെള്ളിയാഴ്ച വിശ്വാസികള്‍ക്ക് ഏറ്റവും വിശിഷ്ട ദിവസമാണ്. പതിവില്‍ കവിഞ്ഞ് നേരത്തെ പള്ളിയിലെത്തി ആരാധനകളില്‍ മുഴുകുന്നത് എല്ലാ നാടുകളിലും കാണാം. എന്നാല്‍, കണ്ണൂരിലെ പയ്യന്നൂരിനടുത്ത എട്ടിക്കുളത്ത് സമുദായ രാഷ്ട്രീയക്കാരായ പത്തിരുന്നൂറ് പേര്‍ ഇക്കഴിഞ്ഞ മൂന്ന് വെള്ളിയാഴ്ചകളിലും ചെയ്ത പുണ്യകര്‍മമെന്താണ്?

17 വര്‍ഷം പഴക്കമുള്ള താജുല്‍ ഉലമ എജ്യൂക്കേഷനല്‍ കോപ്ലക്‌സിന് കീഴിലുള്ള തഖ്‌വ മസ്ജിദില്‍ കയറി മിമ്പറടക്കം തകര്‍ക്കുകയും ജുമുഅയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളെ ആക്രമിക്കുകയും ചെയ്തു. രണ്ടാം വെള്ളിയാഴ്ച സമുദായ രാഷ്ട്രീയ പാര്‍ട്ടിയുടെ വനിതാ വിംഗിനെ പള്ളിയിലെത്തിച്ച് പോലീസുകാരെയും വശ്വാസികളെയും തെറി വിളിപ്പിച്ചു. മൂന്നാം വെള്ളിയാഴ്ച പള്ളിയിലേക്കുള്ള എല്ലാ വഴികളിലും നിലയുറപ്പിച്ചുകൊണ്ട് ജുമുഅക്ക് വരുന്നവരെ അക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ക്രമസമാധാനം തകര്‍ക്കപ്പെടുന്നത് കണ്ട പോലീസുകാര്‍ ഇടപെട്ടപ്പോള്‍ അവര്‍ക്കെതിരെ കല്ലെറിഞ്ഞു. ടിയര്‍ ഗ്യാസ് പ്രയോഗിച്ചാണ് പോലീസ് ഇവരെ തുരത്തിയത്.

എന്തിനാണ് ഈ ക്രൂരമായ അതിക്രമങ്ങള്‍ ഈ വിശുദ്ധ മാസത്തില്‍ ചെയ്യുന്നത് എന്നാലോചിക്കുമ്പോഴാണ് അത്ഭുതം തോന്നുന്നത്. സമുദായ രാഷ്ട്രീയക്കാരുടെ പള്ളിയിലോ ഓഫീസിലോ കയറി സുന്നികള്‍ ജുമുഅ തുടങ്ങിയിട്ടില്ല. അല്ലെങ്കില്‍ അവരുടെ പള്ളിയില്‍ നടക്കുന്ന ആരാധനാ കര്‍മങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ ശല്യമാകുന്നതിനാലുമല്ല. 14 വര്‍ഷം പഴക്കമുള്ള സുന്നികളുടെ നിയന്ത്രണത്തിലുള്ള തഖ്‌വാ മസ്ജിദിലാണ് പുതുതായി ജുമുഅ ആരംഭിച്ചത്. ഇതാവട്ടെ പഴയ പള്ളിയുമായി ഒന്നര കിലോമീറ്ററിലധികം ദൂരെയുമാണ്. ഈ ഗ്രാമത്തില്‍ ഞങ്ങളല്ലാതെ ആരുമുണ്ടാകാന്‍ പാടില്ല എന്ന ‘പാര്‍ട്ടി ഗ്രാമം’ ചിന്തയാണോ അതല്ല, ചില തത്പര കക്ഷികള്‍ ഈ പാവം എട്ടിക്കുളത്തുകാരെ വെച്ച് ചില ഹിഡന്‍ അജന്‍ഡകള്‍ നടപ്പാക്കുകയാണോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

തഖ്‌വാ മസ്ജിദിന് മുമ്പില്‍ നിലയുറപ്പിച്ച പോലീസ് സേന

സുന്നികള്‍ ഐക്യ ചര്‍ച്ച ആരംഭിച്ചപ്പോള്‍ മുതല്‍ ചില കേന്ദ്രങ്ങള്‍ അതില്‍ നീരസം പ്രകടിപ്പിച്ചിരുന്നു. ഇരു സുന്നീ സംഘടനാ പ്രവര്‍ത്തകരും നേതൃത്വത്തിന്റെ നീക്കത്തില്‍ സന്തോഷിക്കുകയും ഐക്യത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ സലഫീ ധാരയോട് മാനസികമായി ചേര്‍ന്ന് നില്‍ക്കുകയും അതേസമയം സുന്നിയായി അഭിനയിക്കുകയും ചെയ്യുന്ന ചിലര്‍ സമുദായ രാഷ്ട്രീയത്തിലുണ്ട്. ഇത്തരക്കാര്‍ ഏത് ചെറിയ അവസരവും സുന്നികളെ തമ്മിലടിപ്പിക്കാന്‍ ഉപയോഗിച്ചേക്കും. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അതിക്രമമെന്ന് ആരെങ്കിലും ആലോചിച്ചുപോയാല്‍ അത് ശരിയല്ലേ?

മൂന്ന് വെള്ളിയാഴ്ചകളായി ഈ അതിക്രമങ്ങള്‍ തുടര്‍ന്നിട്ടും പാര്‍ട്ടിയുടെ ജില്ലാ നേതൃത്വമോ സംസ്ഥാന ഭാരവാഹികളോ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചില്ല എന്നത് സംശയാസ്പദമാണ്. മുംബൈയിലും മറ്റും ജുമുഅക്ക് വരുന്നവര്‍ പള്ളി നിറഞ്ഞുകവിഞ്ഞ് നിസ്‌കാരം റോഡിലേക്ക് നീളുന്നത് പലപ്പോഴും സംഭവിക്കാറുള്ളതാണ്. ചില വര്‍ഗീയ കക്ഷികള്‍ ഇതിനെതിരെ രംഗത്ത് വരാറുള്ളത് ചൂണ്ടിക്കാണിക്കാറുള്ള സമുദായ രാഷ്ട്രീയ നേതൃത്വമാണ് ഇങ്ങനെ മൗനം പുലര്‍ത്തുന്നത്.

എട്ടിക്കുളത്ത് ഈ അക്രമത്തില്‍ പങ്കാളികളായവര്‍ കേരളത്തിലെ ആരാധനാലയങ്ങളുടെ കാഴ്ചകള്‍ ഒന്നു പഠിക്കാന്‍ തയ്യാറാകണം. മുസ്‌ലിംകളും ഇതര മതവിഭാഗങ്ങളും ക്രൈസ്തവരിലെയും മുസ്‌ലിംകളിലെയും വ്യത്യസ്ത വിഭാഗങ്ങളും അടുത്തടുത്ത് പള്ളികളും അമ്പലങ്ങളും ചര്‍ച്ചുകളുമുണ്ടാക്കി ആരാധനകള്‍ നിര്‍വഹിക്കുന്ന കാഴ്ച കേരളത്തിലുടനീളം കാണാം.

നിങ്ങള്‍ ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റെ മഹല്ലിലേക്ക് വരിക. മുന്നൂറില്‍ താഴെ മാത്രം മുസ്‌ലിം വീടുകളുള്ള ഈ ഗ്രാമത്തില്‍ നാല് ജുമുഅയാണ് നടക്കുന്നത്. ഇതില്‍ മൂന്നും മുസ്‌ലിം ലീഗുകാര്‍ നിയന്ത്രിക്കുന്നതോ പങ്കാളിത്തം വഹിക്കുന്നതോ ആണ്. നാലാമത്തെ പള്ളി ലീഗുകാരുടെയടക്കം സഹകരണത്തോടെ സലഫികള്‍ നടത്തുന്നതുമാണ്. അദ്ദേഹത്തിന്റെ വീടിനു മുമ്പിലുള്ള സുന്നി പള്ളിയില്‍ നിന്ന് വുളു ഉണ്ടാക്കുന്ന ശബ്ദം കേള്‍ക്കുന്ന സ്ഥലത്താണ് സലഫി പള്ളിയുള്ളത്. അവിടെ നിന്ന് കൂവി വിളിച്ചാല്‍ കേള്‍ക്കുന്ന സ്ഥലത്താണ് മറ്റു രണ്ട് ജുമുഅ നടക്കുന്നത്. ഇത്തരം അനുഭവങ്ങളെങ്കിലും ചൂണ്ടിക്കാണിച്ച് കൊടുത്ത് ഈ അണികളെ ശാന്തരാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചിരുന്നെങ്കില്‍ സമുദായത്തെ നാണം കെടുത്തുന്ന ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു.

ഇനി കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പഞ്ചായത്തായ വാഴയൂരിലെ കോട്ടുപാടം അങ്ങാടിയില്‍ വരിക. താജുല്‍ ഉലമയുടെ നേതൃത്വമംഗീകരിക്കുന്ന സുന്നീ വിഭാഗമാണ് അവിടെ ആദ്യം പള്ളി സ്ഥാപിച്ച് ജുമുഅ തുടങ്ങിയത്. പിന്നീടാണ് ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരെ അംഗീകരിക്കുന്നവര്‍ വെറും നൂറ് മീറ്റര്‍ മാത്രം അകലത്തില്‍ പള്ളിയുണ്ടാക്കി ജുമുഅ ആരംഭിച്ചത്. ഇരു പള്ളികളിലെയും ഇഖാമത്തും ഖുര്‍ആന്‍ പാരായണവും വരെ പരസ്പരം കേള്‍ക്കും. എന്നിട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായോ?
ഇനി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പലത്ത് ചെന്നാല്‍, രണ്ട് വിഭാഗം ക്രൈസ്തവ വിഭാഗങ്ങളുടെ പള്ളികള്‍ ഒരേ പറമ്പില്‍ നിലകൊള്ളുന്നതായി കാണാം. രണ്ട് വിഭാഗക്കാരും ആരാധനകള്‍ നടത്തുന്നു. ആരും അക്രമത്തിന് മുതിരുന്നില്ല.

ഒരു പ്രദേശത്ത് രണ്ട് പള്ളി, അല്ലെങ്കില്‍ രണ്ട് ജുമുഅ എന്നത് നമ്മുടെ നാട്ടില്‍ ആദ്യത്തെ സംഭവമാണോ? എന്തുകൊണ്ട്, ഇപ്പോള്‍ മാത്രം പ്രശ്‌നങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ചിലര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു? സുന്നികള്‍ക്കല്ലാതെ യാതൊരവകാശവുമില്ലാത്ത ഒരു പള്ളിയില്‍ ജുമുഅ തുടങ്ങിയത് അക്രമത്തിലൂടെ തടയാന്‍ ശ്രമിക്കുന്ന ധാര്‍ഷ്ട്യത്തിന് പിന്നിലെ രാഷ്ട്രീയമെന്താണ്? എന്തുകൊണ്ട് റമസാന്‍ മാസമെന്ന പവിത്രത പോലും മാനിക്കാതെ ഇവര്‍ അതിക്രമത്തിനിറങ്ങി? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോഴാണ് ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സംശയമുയരുക. അത് എട്ടിക്കുളത്തോ കണ്ണൂരിലോ ഒതുങ്ങുന്ന ഒരു ലക്ഷ്യത്തിലുള്ളതുമല്ല.

എട്ടിക്കുളത്തെ അക്രമത്തിന് പിന്നില്‍ സുന്നികളാകാന്‍ തരമില്ല. കാരണം, സ്ത്രീകളെ പള്ളിയിലെത്തിക്കുന്നവര്‍ സുന്നികളല്ല. അല്ലെങ്കില്‍ സുന്നീ വിരുദ്ധ ഗൂഢാലോചനയില്‍ ചിലര്‍ പെട്ടുപോയതാകാം. ഏതായാലും ഇനിയെങ്കിലും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് മടങ്ങണം. അക്രമത്തിന് വന്ന പലര്‍ക്കും റമസാനിലെ ജുമുഅ നഷ്ടപ്പെട്ടിട്ടുണ്ടാകും. പലരും റിമാന്‍ഡിലുമാണ്. കുടുംബത്തോടൊപ്പം നോമ്പും പെരുന്നാളും കഴിക്കേണ്ട സമയത്ത് തികച്ചും തെറ്റായ കാര്യത്തിലേര്‍പ്പെട്ട് ജയിലില്‍ കഴിയേണ്ടിവന്നവര്‍ ഓര്‍ക്കുക. തലപ്പത്ത് ചില്ലുകൊട്ടാരത്തിലിരുന്ന് ‘നിങ്ങള്‍ തല്ലിത്തകര്‍ത്തുവരൂ, ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാം’ എന്നു പറഞ്ഞുവിട്ടവര്‍ പുറത്ത് സുഖവാസത്തിലാണ്. ചുരുക്കത്തില്‍ സുന്നികളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയാന്‍ ഇരുവിഭാഗം സുന്നികളും ജാഗ്രത പുലര്‍ത്തുകയും ഐക്യത്തിന്റെയും സഹകരണത്തിന്റെയും മാര്‍ഗത്തിനായുള്ള പരിശ്രമം അനവരതം തുടരുകയും ചെയ്യുക. പടച്ചവന്‍ സഹായിക്കട്ടെ.