Connect with us

Articles

മുത്വവ്വല്‍ ബിരുദധാരികള്‍ക്ക് ത്രിവത്സര റിസര്‍ച്ച് കോഴ്‌സ്: ഉന്നത മതപഠന രംഗത്തെ പുതുവഴി

Published

|

Last Updated

പ്രത്യേക വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനവും ഗവേഷണവും നടത്തി നിരവധി വര്‍ഷങ്ങളുടെ അദ്ധ്വാനത്തിലൂടെ ഗവേഷണ ബിരുദം നേടിയവര്‍ ലോകത്ത് എത്ര പേരുണ്ടാകും? ഇങ്ങനെ ഒരു ചോദ്യത്തിനു ഉത്തരം പറയേണ്ടി വന്നാല്‍ നാം ഉത്തരത്തിനായി അന്വേഷിക്കുന്നത് ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളെയായിരിക്കും. ഭൗതിക വൈജ്ഞാനിക വിഷയങ്ങളില്‍ ഗവേഷണം നടത്തിയവര്‍ ലോകത്തിലെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നും വര്‍ഷം തോറും ഗവേഷണ ബിരുദം നേടി പുറത്തിറങ്ങുന്നു. ബ്രിട്ടനിലും, അമേരിക്കയിലും മറ്റു യൂറോപ്യന്‍ നാടുകളിലും ഏറ്റവും ആധുനികമായി രൂപപ്പെട്ട ശാസ്ത്ര ശാഖകളില്‍ പോലും ഗവേഷണങ്ങള്‍ നടക്കുന്നു. കൃത്രിമ ബുദ്ധി, (Artifical Intelligence-AI) ഊര്‍ജത്തിന്റെയും പദാര്‍ഥങ്ങളുടെയും ഘടനയെക്കുറിച്ചുള്ള നൂതന പഠനങ്ങള്‍, സാംക്രമിക രോഗങ്ങള്‍ക്കെതിരെ വിവിധ ജനവിഭാഗങ്ങള്‍ പ്രകടിപ്പിക്കുന്ന പ്രതിരോധ ശക്തി തുടങ്ങിയവയെല്ലാം നവീന ഗവേഷണ പഠന മേഖലകളാണ്.

ഇസ്‌ലാമിക ഭരണത്തിന് കീഴിലായിരുന്ന സ്‌പെയിനിലും പാരീസിലുമാണ് യൂറോപ്പില്‍ ആദ്യമായി ഗവേഷണ ബിരുദങ്ങള്‍ നല്‍കപ്പെട്ടതെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. നിയമം, സാഹിത്യം, കല, ശാസ്ത്രം മേഖലകളിലായിരുന്നു ആദ്യകാല ഗവേഷണങ്ങള്‍. എ ഡി 910 നൂറ്റാണ്ടില്‍…. ഇവിടെ ഗവേഷണ ബിരുദം നല്‍കിയിരുന്നു എന്ന് ചരിത്രപഠനങ്ങളില്‍ കാണാം.

ഇസ്‌ലാമിക പഠന വിഷയങ്ങളില്‍ ഗവേഷണവും പഠനവും ആധുനിക കാലഘട്ടത്തില്‍ ഒഴിച്ചുകൂടാനാവാത്തതും കാലം ആവശ്യപ്പെടുന്നതുമാണ്. വിശുദ്ധ ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാനങ്ങള്‍, മറ്റു ഖുര്‍ആനിക വിജ്ഞാനീയങ്ങള്‍, ഹദീസുകളുടെ വ്യാഖ്യാനങ്ങളും ഹദീസ് നിദാന ശാസ്ത്രവും, കര്‍മ ശാസ്ത്രവും നിദാന ശാസ്ത്രവും, അവയുടെ പരിധിയില്‍ വരുന്ന ഖവാഇദുകളും, ചരിത്രവും ചരിത്രത്തെ വഴിതിരിച്ചു വിടുന്നതില്‍ മഹത് വ്യക്തികള്‍ നടത്തിയ ഇടപെടലുകളും, നൂതന ശാസ്ത്രവുമായി മത നിര്‍ദേശങ്ങള്‍ക്കുള്ള പാരസ്പര്യം… എല്ലാം പഠനവും ഗവേഷണവും ആവശ്യപ്പെടുന്ന മേഖലകളാണ്. ഇവിടെ ഒരു കാര്യം ആദ്യമേ വ്യക്തമാക്കേണ്ടതുണ്ട്. ഗവേഷണം എന്ന വാക്കിന് ഉള്‍ക്കൊള്ളാവുന്ന അര്‍ഥകല്‍പ്പനയുടെ ഏറ്റവും ഉന്നതവും ഉദാത്തവുമായ -രൂപമെന്ന നിലക്ക് കര്‍മശാസ്ത്രത്തിലെ നാല് മദ്ഹബിന്റെ ഇമാമുകളുടെ പരിശ്രമങ്ങളെ സൂചിപ്പിക്കാറുണ്ട്. ഇസ്തിന്‍ബാത്വ്, ഇജ്തിഹാദ് തുടങ്ങി അറബി പദങ്ങളുടെ ഭാഷാന്തരം എന്ന നിലക്കാണ് ഇവിടെ ഗവേഷണം എന്ന വാക്കുപയോഗിക്കുന്നത്. പൂര്‍ണാര്‍ഥത്തിലുള്ള സ്വതന്ത്രമായ ഗവേഷണം നടത്തി മതവിധികള്‍ വ്യക്തമാക്കാന്‍ കഴിവുള്ള മുജ്തഹിദുകള്‍ നാല് മദ്ഹബിന്റെ ഇമാമുകള്‍ക്ക് ശേഷം ഇതുവരെ ഉണ്ടായില്ലന്ന് കര്‍മ നിദാന ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാഗികമോ സോപാധികമോ ആയ ഇജ്തിഹാദുപോലും കഴിവുള്ളവരുടെ അഭാവത്തില്‍ നിലച്ചുപോയിട്ട് നൂറ്റാണ്ടുകളായി.

ഇത്തരം ഗവേഷണം നമ്മുടെ പ്രതിപാദ്യ വിഷയത്തില്‍ കടന്നുവരുന്നതേയില്ല. മറിച്ച് നമ്മുടെ പൂര്‍വികരായ ഇമാമുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിവെച്ച കര്‍മശാസ്ത്ര ചര്‍ച്ചകള്‍, ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ് വിശകലനം തുടങ്ങിയ മറ്റെല്ലാ ഇസ്‌ലാമിക ശാസ്ത്ര ഗ്രന്ഥങ്ങളെയും ആഴത്തില്‍ പഠിച്ച് സമൂഹത്തിന് ഉപകാരപ്രദമാകുന്ന വിധത്തില്‍ സമര്‍പ്പിക്കുകയാണ് ഇവിടെ ഗവേഷണ പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇസ്‌ലാമിക പഠന വിഷയങ്ങളില്‍ ആഴത്തിലുള്ള അന്വേഷണവും ഗവേഷണവും ആവശ്യപ്പെടുന്ന നിരവധി മേഖലകള്‍ ഉണ്ട്. സ്രഷ്ടാവിന്റെ കലാമായ വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ വിജ്ഞാനങ്ങളുടെ നിറകുടമാകുന്നു. എന്നാല്‍ ഈ വൈജ്ഞാനിക സംഭരണികള്‍ തുറന്ന പൂര്‍വ സൂരികളായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞു വെച്ചതും രേഖപ്പെടുത്തിയതും ആഴത്തില്‍ പഠിച്ച് കാലോചിതമായി അവതരിപ്പിക്കാന്‍ ഏറെ അദ്ധ്വാനവും സമര്‍പ്പണവും ആവശ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന അതിവിപുലമായ ഈ ആശയങ്ങള്‍ നമുക്ക് വിശദീകരിച്ച് തരുന്നത് ആധികാരിക മുഫസ്സിറുകളുടെ തഫ്‌സീര്‍ ഗ്രന്ഥങ്ങളാകുന്നു.

തൗഹീദിനെതിരായ വാദഗതികളുമായി രംഗത്ത് വരുന്നവരുടെ വിവിധ കാലത്തെ വികല വാദങ്ങള്‍, ശിര്‍ക്കിന്റെ പ്രചാരണത്തിന് അവര്‍ സ്വീകരിച്ച് പോന്ന കുതന്ത്രങ്ങള്‍, അവരുടെ വാദങ്ങളുടെ ഖണ്ഡനം, അഹ്‌ലുസ്സുന്നയുടെ ആശയ സമര്‍ഥനത്തിന് സുന്നീപരമായ സമര്‍ഥനം, ബിദ്അതുകാരുടെ വാദങ്ങള്‍ എന്ത് കൊണ്ട് ബാലിശമാണ്, ഇല്‍മുല്‍ കലാമിന്റെ അടിസ്ഥാന ദര്‍ശനങ്ങള്‍, വിശ്വാസ ദര്‍ശനത്തില്‍ യുക്തിവാദികളുടെ വികലമായ കാഴ്ചപ്പാടുകളും അവയുടെ ഖണ്ഡനവും , തൗഹീദിന്റെ വിവിധ തലങ്ങള്‍, ഇസ്‌ലാമിലേക്ക് പുതുതായി കടന്നു വന്ന ഒരാളുടെ കാഴ്ചപ്പാടില്‍ നിന്നും പടിപടിയായി വികസിച്ചും സൃഷ്ടികള്‍ നിറഞ്ഞ ഉഭപദാര്‍ഥ ലോകത്തില്‍ ഏതവസ്ഥയിലും സ്രഷ്ടാവായ അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചു ജീവിക്കുന്നതിന്റെ പ്രായോഗിക രേഖകള്‍ അവതരിപ്പിച്ച് ഉന്നതരായ ആരിഫുകളുടെ വിശ്വാസ ദര്‍ശനം വരെ എത്തുന്നതിന്റെ വിവരണം ഓരോ വിഭാഗത്തിനും ഖുര്‍ആന്‍ നല്‍കുന്ന മാര്‍ഗദര്‍ശനം, അവ ഉള്‍ക്കൊള്ളുന്ന ആയതുകളുടെ രഹസ്യങ്ങള്‍, തുടങ്ങിയ വിഷയങ്ങളില്‍ ഇമാം റാസി, ഖുശൈരി, നൈസാബൂരി തുടങ്ങി നിരവധി മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുള്ള വിജ്ഞാനങ്ങള്‍ സമകാലിക ലോകത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കാന്‍ അന്വേഷണങ്ങളും ഗവേഷണ കൃതികളും ഉണ്ടാവണം.

അല്ലാഹുവിന്റെ ആസ്തിക്യത്തിനും സമ്പൂര്‍ണമായ നിയന്ത്രണ ശക്തിക്കും സൃഷ്ടികര്‍മത്തിനും അന്ത്യനാളിലെ പുനഃ സൃഷ്ടിക്കും എല്ലാം തെളിവായി ഖുര്‍ആന്‍ അവതരിപ്പിക്കുന്ന പച്ചയായ പ്രപഞ്ച യാഥാര്‍ഥ്യങ്ങള്‍ ഏതൊരു നിഷേധിയെയും വിശ്വാസത്തിലേക്ക് കൊണ്ടുവരാന്‍ പര്യപ്തമായതാണ്. വെള്ളം, മണ്ണ്, കാറ്റ്, അഗ്നി, തുടങ്ങിയ സൃഷ്ടികളും അവയില്‍ നിന്ന് രൂപപ്പെടുത്തിയ വിവിധ രൂപ പ്രകൃതികള്‍, ജീവജാലങ്ങളിലെ വൈവിധ്യങ്ങള്‍, ഇടി, മിന്ന്, കാറ്റ്, മഴ, ഭൂകമ്പങ്ങള്‍ തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങള്‍ ഇവയെല്ലാം ഖുര്‍ആന്‍ പ്രതിപാദിക്കുകയും സജീവ ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു. ഈ വിഷയങ്ങളെല്ലാം ഭൗതിക ശാസ്ത്ര മേഖലയില്‍ പ്രത്യേക ശാസ്ത്ര വിഷയങ്ങളായി രൂപപ്പെടുകയും അവയില്‍ പഠനങ്ങളും ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും ഉപകരണങ്ങളും എല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഖുര്‍ആന്‍ പഠിതാവ് ഇത്തരം ആധുനിക ശാസ്ത്ര മേഖലകളില്‍ സ്വീകരിക്കേണ്ട നിലപാട് മുഫസ്സിറുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പരിധിയില്‍ നിന്നുകൊണ്ട് പുതിയ ശാസ്ത്ര മേഖലകളെ കൂടി ഉള്‍ക്കൊള്ളുന്ന ഗവേഷണ കൃതികള്‍ കാലം ഏറെ ആവശ്യപ്പെടുന്നു.

കാലാവസ്ഥാ പ്രവചനം (weather forecasting) ഭാവി നിരീക്ഷണം (futurology), സ്ഥിതി വിവരക്കണക്കുകള്‍ (statistics) തുടങ്ങിയ മേഖലകളില്‍ മഅ്‌ലൂമായ (അറിയപ്പെട്ട) വിവരങ്ങള്‍ ഉള്‍പ്പെടുത്തി മജ്ഹൂലിനെ (അറിയാത്തതിനെ) അന്വേഷിക്കാന്‍ നള്‌റിനെ (ചിന്തയെ) ഉപയോഗപ്പെടുത്തേണ്ടതെങ്ങനെ? നിലവിലുള്ള ഭൗതിക ശാസ്ത്ര വിജ്ഞാനീയങ്ങളുടെ രീതി ശാസ്ത്രത്തില്‍ നിന്ന് അതെങ്ങനെ വിത്യാസപ്പെട്ടിരിക്കണം എന്ന് ഒരു നിരീക്ഷണത്തിലെത്താന്‍ ഉന്നതശീര്‍ഷരായ പണ്ഡിതരുടെ കീഴില്‍ അന്വേഷണ ഗവേഷണങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കഴിയണം. അത് ഭൗതിക ശാസ്ത്ര രംഗത്തുള്ളവര്‍ക്കും വഴികാട്ടിയാകും.

വിശുദ്ധ ഖുര്‍ആന്‍ വിവരിച്ച പൂര്‍വ പ്രവാചകരുടെയും ജന സഞ്ചയങ്ങളുടെയും ചരിത്രം പ്രത്യേകം പഠനം അര്‍ഹിക്കുന്ന മേഖലയാണ്. ജൂതരുടെയും ക്രിസ്ത്യാനികളുടെയും വാദങ്ങള്‍ക്ക് വിരുദ്ധമായി പലപ്പോഴും ഖുര്‍ആന്‍ പൂര്‍വ സമുദായങ്ങളുടെ ചരിത്രം പ്രതിപാദിക്കുന്നു. ആധുനിക നരവംശ ശാസ്ത്ര പഠനങ്ങള്‍ ഈ രംഗത്ത് കൂടുതല്‍ വെളിച്ചം വീശുന്നു. ചരിത്രം വളച്ചൊടിക്കുകയും പുനര്‍സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ കൂടി വരികയും ചെയ്യുന്ന ഇക്കാലത്ത് യഥാര്‍ഥ ചരിത്ര വസ്തുതകളെ ഖുര്‍ആനിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ അന്വേഷിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുക എന്നത് മാനവ പുരോഗതിക്ക് വലിയ മുതല്‍കൂട്ടാകും എന്ന് കാണാന്‍ പ്രയാസമില്ല.

തിരു നബി(സ)യെ ഏറ്റവും ഉന്നതമായ സ്വഭാവ വൈശിഷ്ട്യങ്ങളുള്ളവരായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. സ്വഭാവഗുണങ്ങളുടെ ഉന്നത നിലവാരം കൈവരിക്കാന്‍ വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ അടിക്കടി നിര്‍ദേശിക്കുന്നുണ്ട്. ഈ നിര്‍ദേശങ്ങളുടെ പ്രായോഗികതയും അവ സമൂഹത്തില്‍ വരുത്തിയ ഗുണപരമായ മാറ്റങ്ങളും ഇ ക്യൂ നിലവാരമുള്ള ഉദ്യോഗാര്‍ഥികളെ തേടി നടക്കുന്ന ആധുനിക തലമുറക്ക് വഴികാട്ടാന്‍ പര്യപ്തമായിരിക്കും. സ്വഭാവ സംസ്‌കരണ ശാസ്ത്രത്തിലെ മഹാരഥന്‍മാരായ ഇമാം ഗസ്സാലി, ഹാരിസുല്‍ മുഹാസിബി തുടങ്ങി ഇബ്‌നു അതാഇല്ല, അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ) അടക്കമുള്ള മഹാന്‍മാരുടെ നിര്‍ദേശങ്ങളും ഖുര്‍ആനിക ആയതുകളുടെ വ്യാഖ്യാനങ്ങളും പഠന വിധേയമാക്കിയാല്‍ ബിഹേവിയറല്‍ സയന്‍സില്‍ ഇന്ന് മുന്‍ നിരയില്‍ നില്‍ക്കുന്ന പ്രസിദ്ധരായ പലരുടെയും നിരീക്ഷണങ്ങളേക്കാള്‍ എത്രയോ മെച്ചപ്പെട്ടതായിരിക്കും അത്. സ്വഭാവ സംസ്‌കരണത്തിന്റെ ആത്യന്തിക ലക്ഷ്യം ഭൗതിക നേട്ടങ്ങളില്‍ ഒതുങ്ങിപ്പോകാതെ പാരത്രിക മോക്ഷം നേടുകയാണ് എന്ന അടിസ്ഥാന ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ പ്രത്യേകിച്ചും ഈ അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വലിയ പ്രസക്തിയുണ്ട്.
കര്‍മശാസ്ത്ര നിയമങ്ങള്‍ക്കാധാരമായി ഫുഖഹാക്കള്‍ വിവരിച്ചിട്ടുള്ള ആയതുകളുടെ പഠനത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഒന്നാം പ്രമാണമാണെന്ന നിലയില്‍ മുജ്തഹിദുകളായ ഇമാമുകള്‍ അവയെ എങ്ങനെ ഉപയോഗപ്പെടുത്തി എന്ന അന്വേഷണവും കാലാനുസൃതമായി ഫിഖ്ഹിലുണ്ടായ വളര്‍ച്ചക്ക് അത് എങ്ങനെ വഴി തെളിച്ചു തുടങ്ങിയ ചര്‍ച്ചകളും ആധികാരിക വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ വെളിച്ചത്തില്‍ കടന്നു വരുന്നു. പുതുതായി ഒരു മദ്ഹബിന്റെ അന്വേഷണമല്ല ഇവിടെ നടക്കുന്നത്. വ്യവസ്ഥാപിതമായി അംഗീകൃത മദ്ഹബിന്റെ ഇമാമുകളും അവരുടെ അനുയായികളും ഉദ്ധരിച്ച ഖുര്‍ആനിക സൂക്തങ്ങളുടെ വ്യാഖ്യാനങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി ക്രോഡീകൃതമായി പുതുതലമുറക്ക് ഗ്രഹിക്കാനും പഠിക്കാനും ഉതകുന്ന രൂപത്തില്‍ അവതരിപ്പിക്കുകയാണ്.

രാഷ്ട്രീയവും മാതൃകാ രാഷ്ട്ര ഭരണവും സംബന്ധിച്ച ചര്‍ച്ചക്ക് പ്ലാറ്റോയുടെ കാലത്തോളം പഴക്കമുണ്ട്. വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷയും ക്ഷേമവും വലിയ അളവില്‍ ഭരണത്തെ ആശ്രയിച്ച് നില്‍ക്കുന്നു. ഖുര്‍ആനിന് മുമ്പ് നിലവിലുണ്ടായിരുന്ന രാഷ്ട്ര ഭരണ രീതികളും ഖുര്‍ആന്‍ മുന്നോട്ട് വെച്ച ഉത്തമ നിലപാടുകളും തമ്മിലുള്ള വിശകലനം ആധുനിക കാലത്ത് വെളിച്ചം പരത്തുന്നതിന് ഉപയുക്തമായ അന്വേഷണ മേഖലകളാണ്. പൂര്‍വകാലത്തെ ഭരണാധികാരികള്‍ അക്രമപരമായി പെരുമാറിയപ്പോള്‍ അത് എങ്ങനെ നിയന്ത്രിക്കപ്പെട്ടു എന്ന് മറ്റുള്ളവര്‍ക്ക് പാഠമാകുന്ന വിധത്തില്‍ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. ഇവയുടെ വിശദാംശങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിക്കപ്പെട്ടാല്‍ രാഷ്ട്ര ഭരണ രംഗത്തെ മാനവിക മുഖം ഖുര്‍ആനിക അദ്ധ്യാപനങ്ങളുടെ വെളിച്ചത്തില്‍ പഠിക്കാന്‍ അവസരങ്ങളുണ്ടാകും. ഏറ്റവും പുതിയ ശാസ്ത്ര നിരീക്ഷണങ്ങളും കണ്ടെത്തലുകളും ഖുര്‍ആനിക അദ്ധ്യാപനങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യാനും ഇവിടെ അവസരങ്ങള്‍ ഉണ്ടാകും. (തുടരും)

Latest