മുഖ്യമന്ത്രിക്കെതിരെ അസഭ്യം; കൃഷ്ണകുമാറിന്റെ ജോലി പോയി

Posted on: June 7, 2018 9:35 pm | Last updated: June 7, 2018 at 9:35 pm
SHARE

അബുദാബി: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇയാളെ ഉടനെ നാട്ടിലേക്ക് കയറ്റിയയക്കും.

അബുദാബി ആസ്ഥാമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്പനിയിലെ റിഗ്ഗ് സൂപ്പര്‍വൈസര്‍ കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍ (56) ആണ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കുന്ന വിഡിയോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് കുടുക്കിലായത്.

ആര്‍ എസ് എസുകാരനാണ് താനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍, താന്‍ ജോലി ഉപേക്ഷിച്ച് പഴയ ആയുധങ്ങള്‍ വൃത്തിയാക്കി കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു വിഡിയോയില്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും അസഭ്യം പറഞ്ഞു.

സംഭവം വിവാദമായപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, അപ്പോഴേക്കും വിഡിയോ നവ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ മറ്റൊരു വിഡിയോ പോസ്റ്റുചെയ്തു. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് മാപ്പു ചോദിക്കുന്നതായാണ് ഈ വിഡിയോയിലുള്ളത്. താന്‍ ഇപ്പോഴും അടിയുറച്ച ആര്‍ എസ് എസുകാരനാണെന്നും ജോലി നഷ്ടപ്പെട്ടതിനാല്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ പറയുന്നു.

ഭയന്ന് ഞാന്‍ ആര്‍ എസ് എസ് അല്ലെന്ന് പറഞ്ഞിരുന്നു. ഇന്നലെ രാവിലെ കമ്പനിയില്‍ ചെന്നപ്പോഴാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി അറിഞ്ഞത്. എല്ലാ തെറ്റിനും മാപ്പ് ചോദിക്കുന്നതായും ഇയാള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here