ഇന്റര്‍നെറ്റില്‍ കാണുന്നതെല്ലാം വിശ്വസിക്കരുതെന്ന് ദുബൈ പോലീസ്

Posted on: June 7, 2018 9:33 pm | Last updated: June 7, 2018 at 9:33 pm

ദുബൈ: ഇന്റര്‍നെറ്റില്‍ കാണുതെല്ലാം വിശ്വസിക്കരുതെന്ന് പൊതു ജനങ്ങളോട് ദുബൈ പോലീസ്. സാമൂഹ മാധ്യമങ്ങളില്‍ കാണുന്ന വീഡിയോകളുടെ നിജസ്ഥിതി അറിയാതെ അവ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ഒരു ഷോപ്പിംഗ് മാളില്‍ വെച്ച് ഒരാള്‍ക്ക് ശരീരത്തില്‍ തീപിടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചത്. എന്നാല്‍ ഈ വീഡിയോ ദൃശ്യങ്ങളില്‍ സൂചിപ്പിക്കുന്നത് പോലെദുബൈ മാളില്‍ അല്ലായെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

58 സെക്കന്‍ഡുകള്‍ നീളുന്ന ദൃശ്യങ്ങളില്‍ അയാളുടെ ടി ഷര്‍ട്ടിനും തീപിടിച്ചതിനെ തുടര്‍ന്ന് മാള്‍ സെക്യൂരിറ്റി ജീവനക്കാരനും സന്ദര്‍ശകരും തീയണക്കുന്നതിന് ശ്രമിക്കുന്നതായുള്ള രംഗങ്ങളുമുണ്ട്. ഇതാണ് ദുബൈ മാളിലേതാണെന്നുള്ള രൂപത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. വീഡിയോയില്‍ കാണുന്നത് പോലുള്ള ദൃശ്യങ്ങള്‍ ദുബൈയില്‍ നടന്ന സംഭവമല്ല. ദുബൈ മാളിലോ മറ്റേതെങ്കിലും മാളിലോ ഇത്തരമൊരു സംഭവം നടന്നിട്ടില്ല. ഈ മാളുകളില്‍ ദുബൈ പോലീസിന്റെ എയ്ഡ് പോസ്റ്റുകളുണ്ട്. അവിടെയൊന്നും ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ദുബൈ പോലീസ് ഉപ മേധാവിയും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് തലവനുമായ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. അവ്യക്തമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കരുത്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും 250,000 ദിര്‍ഹം പിഴയും ലഭിക്കും. സുഹൃത്തുക്കള്‍ക്കും തങ്ങളുടെ മറ്റ് ഗ്രൂപിലേക്കും അയക്കുന്നതിന് മുന്‍പ് വാര്‍ത്തകളുടെയും വീഡിയോകളുടെയും നിജസ്ഥിതി ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള വീഡിയോകളില്‍ ദുബൈയുടെ പേര് ഉപയോഗിക്കുന്നതോടെ ദൃശ്യങ്ങള്‍ കൂടുതല്‍ പ്രചരിക്കുന്നതിനാണ് ആളുകള്‍ ശ്രമിക്കുന്നത്. ദുബൈയുടെ പേര് ചേര്‍ത്തിട്ടുള്ള ഇത്തരം വീഡിയോകളോ, ഫോട്ടോകളോ പ്രചരിപ്പിക്കുന്നതിലൂടെ ആളുകള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിനും ഫോള്ളോവെഴ്‌സിനെ ലഭിക്കുന്നതിനുമാണ് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

റമസാന്‍ കാലയളവില്‍ ഒരു മാളിലും ദുബൈയുടെ മറ്റിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യു എ ഇയുടെ മറ്റിടങ്ങളില്‍ പോലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഓണ്‍ലൈന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ചു മൊറോക്കോയിലെ അഗാധിര്‍ നഗരത്തില്‍ ഇത്തരത്തിലൊരു തീപിടുത്തമുണ്ടായതായി ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.