Connect with us

Gulf

ജനിതക മാറ്റം വരുത്തിയ ഭക്ഷ്യോത്പന്നങ്ങളുടെ ഗുണമേന്മ ദുബൈ നഗരസഭ പരിശോധിക്കും

Published

|

Last Updated

ദുബൈ: ജനിതക മാറ്റം വരുത്തിയ ഭക്ഷ്യോത്പന്നങ്ങള്‍ പരിശോധിക്കാന്‍ ദുബൈ നഗരസഭയുടെ ഫുഡ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ലബോറട്ടറീസ് വിഭാഗം ദുബൈ സെന്‍ട്രല്‍ ലബോറട്ടറിയില്‍ പരിശോധനാ സംവിധാനം ഏര്‍പെടുത്തി. ഉത്പന്നങ്ങളുടെ ലേബലില്‍ നല്‍കിയ വിവരണങ്ങള്‍ ശരിയാണോയെന്ന് ലബോറട്ടറിയില്‍ പരിശോധനക്ക് വിധേയമാക്കും.

റിയല്‍ ടൈം പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍ (റിയല്‍ ടൈം പി സി ആര്‍) ഉപയോഗിച്ചാണ് സൂക്ഷ്മ പരിശോധന നടത്തുക. പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താന്‍ പരിചയ സമ്പന്നരായവരെയാണ് ലബോറട്ടറിയില്‍ നിയോഗിച്ചിരിക്കുന്നത്.

അന്താരാഷ്ട്രതലത്തില്‍ ജനിതകമാറ്റം വരുത്തിയ 28 സസ്യങ്ങള്‍ക്കാണ് അംഗീകാരമുള്ളത്. ലോകത്ത് 40ലധികം രാജ്യങ്ങളിലായി അംഗീകാരത്തോടെ 404 തരമുള്ള ജനിതക മാറ്റങ്ങള്‍ നടത്തുന്നുണ്ട്. സോയാബീനും ചോളവുമാണ് കൂടുതലും ജനിതകമാറ്റം വരുത്തുന്ന സസ്യങ്ങള്‍.

ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ച് സസ്യത്തിന്റെ ജീനുകളില്‍ മാറ്റം വരുത്തിയാണ് ജി എം വിള ഉണ്ടാക്കുന്നത്. കാര്‍ഷിക വിളകള്‍ ഉള്‍പെടെയുള്ള ചെടികള്‍ക്ക് കൂടുതല്‍ ഗുണങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.