പറവകള്‍ക്ക് നിശ്ചയദാര്‍ഢ്യക്കാരായ കുട്ടികളുടെ ‘സ്‌നേഹ വീട്’

Posted on: June 7, 2018 9:25 pm | Last updated: June 7, 2018 at 9:25 pm
SHARE

റാസ് അല്‍ ഖൈമ: സായിദ് വര്‍ഷാചരണത്തോടനുബന്ധിച്ച് സായിദ് ജീവകാരുണ്യ ദിനത്തില്‍ പറവകള്‍ക്ക് സ്‌നേഹ വീടൊരുക്കി നിശ്ചയദാര്‍ഢ്യക്കാരായ കുട്ടികള്‍. യു എ ഇ സാമൂഹിക വികസന മന്ത്രാലയം അവതരിപ്പിച്ച ‘ഒരു പറവയെ സംരക്ഷിക്കൂ’ ക്യാമ്പയിനോടനുബന്ധിച്ചാണ് റാസ് അല്‍ ഖൈമ പ്യൂപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ സെന്ററിലെ കുട്ടികള്‍ കിളിക്കൂടുകള്‍ തയ്യാറാക്കിയത്.

പൊതുജനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ കിളിക്കൂടുകള്‍ ഓര്‍ഡര്‍ ചെയ്യാം. വീടുകളിലെ ജനലരികിലും ബാല്‍കണികളിലും പൂന്തോട്ടങ്ങളിലും സ്ഥാപിക്കാനാകുന്ന മനോഹരമായ കൂടുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ചൂടിന്റെ കാഠിന്യത്തില്‍ നിന്ന് പക്ഷികളെ സംരക്ഷിക്കാനും തീറ്റ കൊടുക്കാനും ഇതിലൂടെ സാധ്യമാകും. സമൂഹത്തിന് തങ്ങളുടെ സംഭാവനയര്‍പിക്കാനുള്ള അവസരമാണ് നിശ്ചയദാര്‍ഢ്യക്കാരായ കുട്ടികള്‍ക്ക് മന്ത്രാലയം ക്യാമ്പയിനിലൂടെ നല്‍കിയിരിക്കുന്നത്.

അജ്മാന്‍: സായിദ് ജീവകാരുണ്യ ദിനത്തോടനുബന്ധിച്ച് അജ്മാന്‍ കമ്മ്യൂണിറ്റി പോലീസ് ഡിപ്പാര്‍ട്‌മെന്റ,് മൈ അഡൈ്വസര്‍ സെന്റര്‍ ഫോര്‍ ട്രെയ്‌നിംഗ് കണ്‍സള്‍ട്ടേഷന്‍ എന്നിവയുമായി ചേര്‍ന്ന് സാമൂഹിക വികസന മന്ത്രാലയം സെമിനാറും സംഘടിപ്പിച്ചു. രാഷ്ട്രപിതാവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സ്വദേശത്തും വിദേശത്തുമുള്ള സഹായ പ്രവര്‍ത്തനങ്ങളും സെമിനാറില്‍ വിഷയീഭവിച്ചു.

സായിദ് ജീവകാരുണ്യദിനത്തില്‍ മന്ത്രാലയം തങ്ങളുടെ 40 ഓഫീസുകളും സെന്ററുകളും വഴി നൂറിലധികം പരിപാടികളാണ് സംഘടിപ്പിച്ചത്. രാജ്യത്താകമാനം പരോപകാര ശീലവും സാമൂഹിക സഹാനുഭാവവും വളര്‍ത്താന്‍ ലക്ഷ്യമിട്ടായിരുന്നു പരിപാടികള്‍. അനാഥര്‍, പ്രായം ചെന്നവര്‍, പ്രത്യേകാനുകൂല്യങ്ങള്‍ ആവശ്യമുള്ള കുടുംബങ്ങള്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് മന്ത്രാലയത്തിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങളും.