Connect with us

National

ദേശീയത മതാധിഷ്ഠിതമാകരുത്: പ്രണാബ് മുഖര്‍ജി

Published

|

Last Updated

നാഗ്പൂര്‍: ആര്‍ എസ് എസ് സ്ഥാപകനെ പ്രകീര്‍ത്തിച്ചും ഇന്ത്യന്‍ ബഹുസ്വരത ഓര്‍മിപ്പിച്ചും പ്രണാബ് മുഖര്‍ജി നാഗ്പൂരില്‍. രാജ്യത്തെ ബഹുസ്വരതയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും നാനാത്വത്തെ ആഘോഷിക്കുകയും ചെയ്യണമെന്ന് മുന്‍ രാഷ്ട്രപതി പറഞ്ഞു. ദീര്‍ഘകാലത്തെ പ്രക്രിയയിലൂടെയാണ് രാജ്യത്തിന്റെ ഏകതാരൂപം നാം സ്വാംശീകരിച്ചെടുത്തത്. വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളും വിശ്വാസങ്ങളുമാണ് നമ്മെ സവിശേഷതയുള്ളവരും സഹിഷ്ണുതയുള്ളവരുമാക്കുന്നത്. സാര്‍വലൗകികതയില്‍ നിന്നാണ് ഇന്ത്യന്‍ ദേശീയത ഉത്ഭവിച്ചത്. ദേശീയതയെ ഒരിക്കലും മതം ഉപയോഗിച്ച് നിര്‍വചിക്കരുത്. മതം, പ്രാദേശികത, വിദ്വേഷം എന്നിവ ഉപയോഗിച്ചുള്ള ഇത്തരം ശ്രമങ്ങള്‍ അസഹിഷ്ണുതക്ക് കാരണമാകുമെന്നും പ്രണാബ് മുഖര്‍ജി അഭിപ്രായപ്പെട്ടു.

നമ്മുടെ ഭരണഘടന രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക പരിവര്‍ത്തനത്തിനുള്ള മാഗ്ന കാര്‍ട്ടയാണ്. ജനാധിപത്യം നമുക്ക് ലഭിച്ച ഉപഹാരമല്ലെന്നും അതൊരു ഉത്തരവാദിത്വമാണെന്നും പ്രണാബ് ഓര്‍മിപ്പിച്ചു. സംഘര്‍ഷം, ഏറ്റുമുട്ടല്‍ എന്നിവയില്‍ നിന്ന് സമാധാനം, സന്തോഷം തുടങ്ങിയവയിലേക്ക് രാജ്യം മാറണം. അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യ. സന്തോഷത്തിന്റെ സൂചികയില്‍ അപ്പോഴും ഏറെ പിന്നിലാണ്. ജനങ്ങളുടെ സന്തോഷത്തിലാണ് രാജാവിന്റെ സന്തോഷമെന്ന കൗടില്യന്റെ വാചകവും പ്രണാബ് ഉദ്ധരിച്ചു.

പ്രചാരകന്മാര്‍ക്ക് നല്‍കുന്ന പരിശീലന പരിപാടിയായ തൃതീയ സംഘ് ശിക്ഷാ വര്‍ഗിന്റെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് പ്രണാബ് മുഖര്‍ജി ആര്‍ എസ് എസ് ആസ്ഥാനമായ നാഗ്പൂരിലെത്തിയത്. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതും ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയും ചേര്‍ന്ന് പ്രണാബിനെ സ്വീകരിച്ചു. ആര്‍ എസ് എസ് സ്ഥാപകനായ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ഭാരതാംബയുടെ മഹാനായ പുത്രനാണെന്ന് പ്രണാബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. ഹെഡ്‌ഗേവാറിന്റെ ജന്മ സ്ഥലം സന്ദര്‍ശിച്ച ശേഷം സന്ദര്‍ശക പുസ്തകത്തിലാണ് പ്രണാബ് ഇതെഴുതിയത്.

 

Latest