Connect with us

National

പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത് എത്തി

Published

|

Last Updated

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയ പ്രണാബ് മുഖര്‍ജി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനൊപ്പം

ന്യൂഡല്‍ഹി: ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത് എത്തി. നാഗ്പൂരില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗോവാറിന്റെ സ്മാരകം അദ്ദേഹം സന്ദര്‍ശിച്ചു. ഭാരതമാതാവിന്റെ മഹത്തായ പുത്രന് മുന്നില്‍ ആദരങ്ങള്‍ അര്‍പ്പിക്കുന്നുവെന്നാണ് സ്മാരകത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം കുറിച്ചത്. വൈകീട്ട് ആറരക്ക് ആര്‍എസ്എസ് വളണ്ടിയര്‍മാരെ അദ്ദേഹം അഭിസംബോധന ചെയ്യും. ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ് എന്ന പരിപാടിയില്‍ മുഖ്യാതിഥിയായാണ് മുഖര്‍ജി പങ്കെടുക്കുന്നത്.

എതിര്‍പ്പുകള്‍ക്കിടെ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കാനായി പ്രണാബ് മുഖര്‍ജി ഇന്നലെ വൈകീട്ടാണ് നാഗ്പൂരില്‍ എത്തിയത്. നാഗ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയെ മുഖര്‍ജിയെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഹര്‍ഷാരവങ്ങളോടെ എതിരേറ്റു. ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണാബ് മുഖര്‍ജിയുടെ തീരുമാനത്തിനെതിരെ നേരത്തെ തന്നെ പല കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നിരുന്നു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ മുഖര്‍ജിക്ക് കത്തയച്ചിരുന്നു. എന്നാല്‍, വിവാദങ്ങള്‍ക്കും നാഗ്പൂരില്‍ മറുപടി പറയുമെന്നായിരുന്നു മുഖര്‍ജിയുടെ പ്രതികരണം.

Latest