രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെ; പ്രത്യേക സാഹചര്യമെന്ന് ഉമ്മന്‍ ചാണ്ടി

വിട്ടുവീഴ്ചയെന്ന് യുഡിഎഫിനെ ശക്തിപ്പെടുത്താനെന്ന് എം എം ഹസന്‍
Posted on: June 7, 2018 3:41 pm | Last updated: June 8, 2018 at 10:06 am
SHARE

ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് തീരുമാനം. മുന്നണിയുടെ പൊതു താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. രാജ്യസഭാ സീറ്റ് വിട്ടുതന്നതിനെ കേരളാ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു.

ഇതൊരു പ്രത്യേക കേസായി കണക്കിലെടുത്താണ് സീറ്റ് വിട്ട് നല്‍കാന്‍ തീരുമാനിച്ചതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാണിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും വീണ്ടും ഒഴിവുവരുമ്പോള്‍ ആ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്നും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു ഡി എഫിനെ ശക്തിപ്പെടുത്താനാണ് ഈ വിട്ടുവീഴ്ച്ചയെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസിനൊപ്പം മുസ്‌ലിം ലീഗും ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തതോടെ സീറ്റ് സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. രാജ്യസഭാ സീറ്റിന് കേരളാ കോണ്‍ഗ്രസിന് കൂടി അര്‍ഹതയുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.