Connect with us

Kannur

കത്വ സംഭവം: രാമനുണ്ണിയുടെ പ്രായശ്ചിത്ത ശയനപദക്ഷിണം ആര്‍എസ്എസുകാര്‍ തടഞ്ഞു

Published

|

Last Updated

കണ്ണൂര്‍: കത്വ സംഭവത്തെ അപലപിച്ച് സാഹിത്യകാരന്‍ കെ പി രാമനുണ്ണി നടത്തിയ പ്രായശ്ചിത്ത ശയനപ്രദക്ഷിണത്തിനെതിരെ പ്രതിഷേധം. കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്തിയ രാമനുണ്ണിയെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. രാവിലെ ഒമ്പത് മണിയോടെ ക്ഷേത്രപരിസരത്തെത്തിയ രാമനുണ്ണിയെ ആര്‍എസ് എസ്, ബിജെപി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

ആചാരപ്രകാരം പ്രദക്ഷിണം നടത്താമെന്നും എന്നാല്‍ സമരരൂപമെന്ന നിലയിലാണെങ്കില്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പും നല്‍കി. ക്ഷേത്രക്കുളത്തില്‍ കുളിച്ച ശേഷം രാമനുണ്ണി ക്ഷേത്രത്തില്‍ പ്രവേശിച്ചു ശയനപ്രദക്ഷിണം നടത്തി.
പിന്നീട് പ്രവര്‍ത്തകര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് ശയനപ്രദക്ഷിണം തടയുകയായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ക്ഷേത്ര പരിസരത്ത് നിലയുറപ്പിച്ചിരുന്നു.

അതേസമയം തനിക്കെതിരെ പ്രതിഷേധമുണ്ടായിട്ടില്ലെന്ന് രാമനുണ്ണി പ്രതികരിച്ചു. ആരാധനാലയങ്ങള്‍ കലുഷിതമാക്കുന്നതിനെതിരായ സന്ദേശമാണ് ശയനപ്രദക്ഷിണത്തിലൂടെ ലക്ഷ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആര്‍ക്കും എതിരായല്ല. ഇതില്‍ രാഷ്ട്രീയവുമില്ല. ശയനപ്രദക്ഷിണം പ്രതീകാത്മകമായി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിഷേധമായി ശയനപ്രദക്ഷിണം നടത്തുന്നതിനെയാണ് എതിര്‍ത്തതെന്ന് യുവമോര്‍ച്ച അറിയിച്ചു.

Latest