പ്രണാബ് മുഖര്‍ജിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല: അഹ്മദ് പട്ടേല്‍

Posted on: June 7, 2018 1:36 pm | Last updated: June 7, 2018 at 6:00 pm
SHARE

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ അഹ്മദ് പട്ടേല്‍ രംഗത്ത്. പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചില്ലെന്ന് പട്ടേല്‍ ട്വീറ്റ് ചെയ്തു. അതേസമയം, പ്രണാബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജിയും പിതാവിന്റെ സന്ദര്‍ശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. അദ്ദേഹം അവിടെ പ്രസംഗിക്കുന്ന കാര്യങ്ങള്‍ എല്ലാവരും മറന്നുപോയേക്കാം. എന്നാല്‍, ദൃശ്യങ്ങള്‍ എന്നും നിലനില്‍ക്കും. ഇത് ഉപയോഗിച്ച് ബി.ജെ.പി തെറ്റായ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുമെന്നും ശര്‍മിഷ്ഠ മുഖര്‍ജി ട്വീറ്റ്‌ചെയ്തു.

എതിര്‍പ്പുകള്‍ക്കിടെ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കാനായി മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണാബ് മുഖര്‍ജി ഇന്നലെ വൈകീട്ട് നാഗ്പൂരിലെത്തിയിരുന്നു. നാഗ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയെ മുഖര്‍ജിയെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഹര്‍ഷാരവങ്ങളോടെ എതിരേറ്റു. നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് ഇന്ന് നടക്കുന്ന ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ് എന്ന പരിപാടിയിലാണ് മുഖര്‍ജി മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. എണ്ണൂറോളം വരുന്ന ആര്‍ എസ് എസ് വളണ്ടിയര്‍മാര്‍ പരിപാടിയില്‍ സംബന്ധിക്കും. ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണാബ് മുഖര്‍ജിയുടെ തീരുമാനത്തിനെതിരെ നേരത്തെ തന്നെ പല കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നിരുന്നു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ മുഖര്‍ജിക്ക് കത്തയച്ചിരുന്നു. എന്നാല്‍, വിവാദങ്ങള്‍ക്കും നാഗ്പൂരില്‍ മറുപടി പറയുമെന്നായിരുന്നു മുഖര്‍ജിയുടെ പ്രതികരണം.