ഫൈസലിന്റെ അവസരോചിത ഇടപെടല്‍ പിഞ്ചുജീവന് രക്ഷയായി

Posted on: June 7, 2018 10:22 am | Last updated: June 7, 2018 at 10:22 am
SHARE

വേങ്ങര: കുളത്തില്‍ മുങ്ങിത്താണ നാല് വയസ്സുകാരന്‍ യുവാവിന്റെ അവസരോചിത ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. കൂരിയാട് പാക്കടപ്പുറായ റോഡില്‍ മാതാട് മദ്‌റസക്ക് സമീപത്തുള്ള കുളത്തിലാണ് താഴെ കൊളപ്പുറം പരേതനായ സൈതലവിയുടെ മകന്‍ ജൗഹര്‍ (നാല്) അബദ്ധത്തില്‍ വീണത്.

ഈ സമയം ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന കൂരിയാട് മാതാട് പാലപ്പെട്ടി ഫൈസല്‍ (36) സ്ത്രീയുടെ കരച്ചില്‍ കേട്ട് കാര്യമന്വേഷിച്ചപ്പോള്‍ കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചു. കുളത്തില്‍ വീഴാനുള്ള സാധ്യത കണ്ടറിഞ്ഞ് ഫൈസല്‍ മറ്റൊന്നുമാലോചിക്കാതെ കുളത്തിലേക്കെടുത്തു ചാടി പലതവണ മുങ്ങി പരിശോധിച്ചപ്പോഴാണ് പായലില്‍ കുടുങ്ങി ചളിയില്‍ പുതഞ്ഞ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയുമായി പുറത്തു വന്ന ഫൈസല്‍ കരയിലെത്തിയ ഉടന്‍ തനിക്കറിയാവുന്ന പ്രാഥമിക ചികിത്സകള്‍ നടത്തി. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചെളി ഉള്ളില്‍ പ്രവേശിച്ചിരുന്നതിനാല്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്.

കുട്ടിയുടെ പിതാവ് താഴെ കുളപ്പുറത്ത് സെയ്തലവിയുടെ മരണത്തെ തുടര്‍ന്ന് മാതൃവീട്ടില്‍ ഉമ്മയുടെ സഹോദരിയുടെ സംരക്ഷണത്തിലായിരുന്നു അപകടത്തില്‍പ്പെട്ട ബാലന്‍. ഫൈസലിന്റ പ്രാഥമിക ചികിത്സയാണ് കുട്ടി രക്ഷപ്പെടാന്‍ ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അവസരത്തിനൊത്തുയര്‍ന്ന് കുട്ടിയുടെ ജീവന്‍ രക്ഷിച്ച ഫൈസലിനെ യൂത്ത് കോണ്‍ഗ്രസ് കൂരിയാട് യൂനിറ്റ് അനുമോദിച്ചു. റിയാസ് മുക്കോളി മൊമെന്റോ നല്‍കി ആദരിച്ചു. വി ടി മുജീബ് അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here