ബശീറിന്റെ രൂപസാദൃശ്യമുള്ള ഷണ്‍മുഖന്‍ കൗതുകമായി

Posted on: June 7, 2018 10:05 am | Last updated: June 7, 2018 at 10:05 am

ബേപ്പൂര്‍: വൈക്കം മുഹമ്മദ് ബശീറിന്റെ രൂപസാദൃശ്യവുമായി സദസ്സിനെയാകെ കൗതുകത്തിലാക്കി ഷണ്‍മുഖന്‍ വരവ് ശ്രദ്ധേയമായി. ബശീറിന്റെ മകള്‍ ഷാഹിന കൂടി അംഗമായ ബേപ്പൂര്‍ തമ്പി റോഡ് ഈസ്റ്റ് വെസ്റ്റ് റെസിഡന്‍സ് അസോസിയേഷന്‍ കുടുംബസംഗമത്തിലാണ് കാണികളെ അമ്പരപ്പിച്ച് കൊണ്ടുള്ള ‘ബശീറി’ന്റെ വരവ്. ബശീറിനോട് ഏറെ രൂപസാദൃശ്യമുള്ള അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ റിട്ട. എസ് ഐ ഷണ്മുഖനാണ് വേദിയില്‍ വൈക്കം മുഹമ്മദ് ബശീര്‍ ആയി രംഗത്തെത്തിയത്.

ബശീര്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായാണ് കഷണ്ടിയുള്ള ഷണ്മുഖന്‍ ജുബ്ബയും കണ്ണടയും കുടയുമായി ബശീറിന്റെ അവതാരകനായി മാറിയത്. സദസ്സിലുണ്ടായിരുന്ന ബശീറിന്റെ മകള്‍ ഷാഹിനക്കും ആഹ്ലാദമായി. സന്തോഷഭരിതരായ നാട്ടുകാര്‍ ‘ബശീറി’നെ അക്ഷരാര്‍ഥത്തില്‍ നേര്‍ക്കുനേര്‍ കണ്ട് നിര്‍വൃതിയടഞ്ഞു.
ബശീറിനോളം ഉയരാന്‍ കഴിഞ്ഞില്ലെങ്കിലും രൂപസാദൃശ്യം കൊണ്ട് അനുഗ്രഹീതനായതില്‍ ഏറെ സന്തോഷവാനാണെന്ന് ഷണ്‍മുഖന്‍ പറഞ്ഞു. ബശീറിന്റെ വീടായ വൈലാലിന്റെ അടുത്തുതന്നെയാണ് ഷണ്‍മുഖന്റെയും വീട്.

പരിപാടി നാടക സിനിമാ നടന്‍ കോഴിക്കോട് നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു കെ മേനോന്‍ അധ്യക്ഷനായി.