അധ്യാപകന്റെ മരണത്തില്‍ ദുരൂഹതയെന്ന് പോലീസ്

Posted on: June 7, 2018 10:01 am | Last updated: June 7, 2018 at 10:01 am

കുറ്റിയാടി: വട്ടോളി അമ്പലക്കുളങ്ങരയില്‍ റിട്ട. അധ്യാപകന്‍ കാറിനുള്ളില്‍ വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ്. ഇന്നലെ പുലര്‍ച്ചെ കുറ്റിയാടി-വടകര സംസ്ഥാന പാതയില്‍ അമ്പലക്കുളങ്ങര ടൗണിന് സമീപമാണ് നരിപ്പറ്റയിലെ മണിയൂര്‍ താഴെ കൊയ്യാല്‍ നാണു ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

ഓടുന്ന കാറിന് ഇത്തരത്തില്‍ തീപ്പിടിക്കാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. അഥവാ തീപ്പിടിച്ചാല്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ സാധിക്കും. കുട്ടിയെ കാണിക്കുന്നതിന്റെ ഭാഗമായി ഡോക്ടറെ ബുക്ക് ചെയ്യാന്‍ പോകുന്നതിനിടെയാണ് കാറിന് തീപ്പിടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേ സമയം, മരിച്ച നാണു പ്രദേശവാസികളായ ചിലരോട് പെട്രോള്‍ വാങ്ങാന്‍ കുപ്പി ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. ഇയാളുടെ മരണം ആത്മഹത്യയാണെന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.