ഫലസ്തീന്റെ പ്രതിഷേധം; അര്‍ജന്റീന ഇസ്രാഈലില്‍ കളിക്കില്ല

Posted on: June 7, 2018 6:18 am | Last updated: June 6, 2018 at 11:56 pm
SHARE

ജെറുസലെം: ഇസ്രാഈലുമായുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി. ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണിത്. തങ്ങളുടെ ആവശ്യം മാനിച്ച അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനോടും സൂപ്പര്‍താരം ലയണല്‍ മെസിയോടും നന്ദി അറിയിക്കുന്നതായി ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. അര്‍ജന്റീനയുമായുള്ള സൗഹൃദ മത്സരത്തിന് ആദ്യം വേദിയായി നിശ്ചയിച്ചിരുന്നത് ഇസ്രാഈലിലനെ തീരദേശ നഗരമായ ഹെയ്ഫയിലായിരുന്നു. എന്നാല്‍, ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം മത്സരം ജെറുസലേമിലേക്ക് മാറ്റുകയായിരുന്നു.

ഇത് തികച്ചും രാഷ്ട്രീയ നീക്കമാണെന്നും ഫലസ്തീനെതിരെ അവര്‍ നടത്തുന്ന കാടത്തത്തെ മറയ്ക്കാന്‍ അര്‍ജന്റീനയെയും മെസിയെയും ഒപ്പം ചേര്‍ക്കാനുള്ള തന്ത്രമാണെന്നും ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിബ്രില്‍ റജൂദ് ചൂണ്ടിക്കാട്ടിയിയിരുന്നു. ജറുസലേമില്‍ കളിച്ചാല്‍ മെസിയുടെ ജഴ്‌സി കത്തിച്ച് രാജ്യം പ്രതിഷേധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.