Connect with us

Sports

ബംഗ്ലാദേശിനെതിരെ പരമ്പര ജയം; അഫ്ഗാന് ചരിത്ര നേട്ടം

Published

|

Last Updated

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് മത്സരത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീം ഒന്ന് കരുതുന്നത് നല്ലത്. കരുത്തരായ ബംഗ്ലാദേശിനെതിരേ ട്വന്റി20 പരമ്പര സ്വന്തമാക്കിയാണ് അഫ്ഗാന്‍ വരുന്നത്. ബംഗ്ലാദേശിനെതിരേ ഇതാദ്യമായാണ് അഫ്ഗാന്‍ ട്വന്റി20 പരമ്പര കൈക്കലാക്കുന്നത്. മാത്രമല്ല സിംബാബ്‌വെയെക്കൂടാതെ ടെസ്റ്റ് അംഗത്വമുള്ള ഒരു രാജ്യത്തിനെതിരേ അഫ്ഗാന്‍ പരമ്പര നേടുന്നതും ഇതാദ്യമായാണ്.

ബംഗ്ലാ കടുവകള്‍ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ജയിച്ച് അഫ്ഗാന്‍ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാമത്തെ മല്‍സരത്തില്‍ ആറു വിക്കറ്റിനാണ് അഫ്ഗാന്‍ എതിരാളികളെ തുരത്തിയത്. സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും താരമായി മാറി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടാന്‍ സാധിച്ചത്. ബംഗ്ലാ നിരയില്‍ ഒരാള്‍ക്കു പോലും അര്‍ധസെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ല. 18.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അഫ്ഗാന്‍ ലക്ഷ്യത്തിലെത്തി. സമിയുള്ള ഷെന്‍വാരിയുടെയും (49) മുഹമ്മദ് നബിയുടെയും (31*) ബാറ്റിങാണ് അഫ്ഗാന്‍ ജയം അനായാസമാക്കിയത്. 41 പന്തില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഷെന്‍വാരിയുടെ ഇന്നിംഗ്‌സ്. എന്നാല്‍ മുഹമ്മദ് നബി വെറും 15 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് പുറത്താവാതെ 31 റണ്‍സ് നേടിയത്. മുഹമ്മദ് ഷഹ്‌സാദ് (24), ഉസ്മാന്‍ ഗാനി (21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

Latest