‘ഇത് ആ ബ്രസീല്‍ അല്ല ! സ്‌പെയിന്‍ കരുത്തര്‍’

Posted on: June 7, 2018 6:15 am | Last updated: June 6, 2018 at 11:53 pm
SHARE

നാല് വര്‍ഷം മുമ്പ് ബ്രസീലിനെ അവരുടെ മണ്ണില്‍ ജര്‍മനി കശാപ്പ് ചെയ്തത് ആരാണ് മറക്കുക. 7-1നായിരുന്നു അന്ന് മഞ്ഞപ്പടക്ക് ജര്‍മനിയൊരുക്കിയ കുഴിമാടം. അന്ന് രണ്ട് ഗോളുകള്‍ നേടുകയും മധ്യനിരയില്‍ മത്സരം നിയന്ത്രണത്തിലാക്കുകയും ചെയ്ത ടോണി ക്രൂസിനെ ബ്രസീലുകാര്‍ മറന്നു പോകാന്‍ സാധ്യതയില്ല. റയല്‍മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക്ക് കിരീടനേട്ടം ആഘോഷിച്ചാണ് ടോണി ക്രൂസ് ഇത്തവണ ലോകകപ്പിന് വരുന്നത്. ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മനസ് തുറക്കുന്നു..

2014 കിരീടം ജര്‍മനി നിലനിര്‍ത്തുമെന്നാണ് പൊതു അഭിപ്രായം. എന്ത് തോന്നുന്നു..

കേള്‍ക്കാന്‍ സുഖമുണ്ട്, പക്ഷേ അതത്ര എളുപ്പമല്ല എന്നതാണ് യാഥാര്‍ഥ്യം. രണ്ട് ടീമുകള്‍ മാത്രമാണ് കിരീടം നിലനിര്‍ത്തിയിട്ടുള്ളത്. അതെത്രമാത്രം പ്രയാസകരമായ ദൗത്യമാണെന്നത് ചരിത്രം പറഞ്ഞ് തരും. നാല് വര്‍ഷം മുമ്പ് കളിച്ചതിനേക്കാള്‍ മികവ് പുറത്തെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ ഞങ്ങള്‍ക്ക് കപ്പ് നിലനിര്‍ത്താന്‍ സാധിക്കൂ.

താങ്കളുടെ നിരീക്ഷണത്തില്‍ ഏതൊക്കെ മേഖലയിലാണ് ജര്‍മനി മെച്ചപ്പെടേണ്ടത്….

എത്രമാത്രം മെച്ചപ്പെടുത്താന്‍ സാധിക്കുമോ അത്രയും ചെയ്യണം, അതിന് പരിധികളില്ല. പ്രതിരോധം, ആക്രമണം, പന്ത് വരുതിയില്‍ നിര്‍ത്തല്‍, പാസിംഗ് എല്ലാ മേഖലയും പ്രധാനമാണ്. പ്രമുഖ ടീമുകള്‍ തമ്മില്‍ ധാരാളം മത്സരങ്ങള്‍ കളിക്കുന്നില്ല. ചില മത്സരങ്ങളില്‍ മറ്റ് ടീമുകള്‍ മികവ് കാട്ടും. ചിലപ്പോള്‍ തിരിച്ചാകും. അപ്പോള്‍ മാത്രമാണ് വ്യക്തമായ ചിത്രം നമുക്ക് ലഭിക്കുക. നാല് വര്‍ഷത്തെ ഇടവേളയില്‍ ഓരോ ടീമുകളും ഏറെ മെച്ചപ്പെട്ടിട്ടുണ്ടാകും.

ബെലൊ ഹൊറിസോന്റെയില്‍ ജര്‍മനി 7-1ന് ബ്രസീലിനെ സെമിയില്‍ തോല്‍പ്പിച്ചു. അതിന് ശേഷം, സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ 1-0ന് ജര്‍മനിയെ തോല്‍പ്പിച്ചു. എന്താണിതില്‍ നിന്ന് മനസ്സിലാക്കേണ്ടത് ?

ബ്രസീല്‍ ഏറെ മെച്ചപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കണം. റയല്‍ മാഡ്രിഡില്‍ എന്റെ സുഹൃത്തുക്കളായ കാസിമെറോ ഉള്‍പ്പടെയുള്ള മികച്ച കളിക്കാരുണ്ടവര്‍ക്ക്. 2014 നേക്കാള്‍ മികച്ച ടീം 2018ലേതാണ്. ബ്രസീലിനെ പോലെ ചില ടീമുകള്‍ വലിയ തോതില്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. അത് തിരിച്ചറിഞ്ഞു വേണം കളിക്കാന്‍. തീര്‍ച്ചയായും ജര്‍മനിയും ഫേവറിറ്റുകളാണ്. പക്ഷേ, ഞങ്ങള്‍ മാത്രമല്ല ഫേവറിറ്റുകള്‍ എന്ന് മാത്രം.

കപ്പ് നേടാന്‍ സാധ്യതയുള്ള മറ്റ് ടീമുകള്‍ ഏതൊക്കെ ?

സ്‌പെയിനും ബ്രസീലും തന്നെ ഒന്നാം സ്ഥാനത്ത്. റയല്‍ മാഡ്രിഡില്‍ കളിക്കുന്നത് കൊണ്ട് തന്നെ സ്‌പെയിന്‍ കളിക്കാരെ കുറിച്ച് നല്ല ധാരണയുണ്ട്. അസെന്‍സയോ നല്ല വാഗ്ദാനമാണ്. ഇസ്‌കോ, വാസ്‌ക്വുസ് എന്നിവര്‍ സ്‌പെയ്‌നിനെ കരുത്തുറ്റതാക്കുന്നു. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, വൈസ് ക്യാപ്റ്റന്‍ ആന്ദ്രെ ഇനിയെസ്റ്റ എന്നിവരുടെ പരിചയ സമ്പത്തും സ്‌പെയ്‌നിനെ ശക്തമായ ടീമാക്കുന്നു.
മാര്‍സലോ, കാസിമെറോ എന്നീ റയല്‍ താരങ്ങള്‍ കളിക്കുന്ന ബ്രസീല്‍ ഗംഭീര ടീമാണ്.

ഇവരല്ലാതെ മറ്റാരൊക്കെ…

ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ബെല്‍ജിയം, ഇംഗ്ലണ്ട്, അര്‍ജന്റീന. പരമ്പരാഗത ശക്തികള്‍ ലോകകപ്പില്‍ മികവറിയിക്കും എന്ന് തോന്നുന്നു. ഇറ്റലിയെ മാത്രം നമുക്ക് നഷ്ടമായി. ഇറ്റലിയില്ലാത്ത ലോകകപ്പ് അസൂറി ആരാധകര്‍ക്ക് മാത്രമല്ല നഷ്ടം സൃഷ്ടിക്കുന്നത്.

കഴിഞ്ഞ മൂന്ന് ലോകകപ്പിലും യൂറോപ്യന്‍ ടീമുകളാണ് ചാമ്പ്യന്‍മാരായത്. ഇത്തവണ മാറ്റമുണ്ടാകുമോ ?

പ്രവചനം സാധ്യമല്ല. എന്നാല്‍, യൂറോപ്പില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പാണ് യൂറോപ്പിലെ ടീമുകള്‍ക്ക് കിരീടം നേടാന്‍ എളുപ്പം. മറ്റ് വന്‍കരകളില്‍ കിരീടം നേടുക എളുപ്പമല്ല. അങ്ങനെ ചെയ്തത് രണ്ട് ടീമുകള്‍ മാത്രമാണ്. 1958 ല്‍ ബ്രസീലും 2014 ല്‍ ജര്‍മനിയും. മറ്റ് വന്‍കരകളിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുക, മികച്ച പ്രകടനം പുറത്തെടുക്കുക അങ്ങനെ വിവിധ ഘടകങ്ങള്‍ പ്രധാനമാണ്. യൂറോപ്പില്‍ കളിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ബ്രസീലിലും അര്‍ജന്റീനയിലുമുണ്ട്. അവര്‍ ആരെയും അതിശയിപ്പിക്കുന്ന നിരയാണ്. ഇതൊക്കെയാണെങ്കിലും, യൂറോപ്പ് തന്നെ ലോകകിരീടം നിലനിര്‍ത്തിയേക്കാം !

2014 ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന ഫിലിപ് ലാം, മിറോസ്ലാവ് ക്ലോസ്, ഷൈ്വന്‍സ്റ്റിഗര്‍ എന്നിവര്‍ വിരമിച്ചു…

അവരെ പോലുള്ള ഇതിഹാസങ്ങള്‍ വിരമിക്കുമ്പോള്‍ ടീം പ്രതിസന്ധിയിലാകും. എല്ലാ ടീമുകളും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും. പുതിയൊരു തലമുറയിലേക്കുള്ള മാറ്റം ആയാസം നിറഞ്ഞതാണ്. എങ്ങനെയാണ് അവരുടെ പരിചയ സമ്പത്തിനെ ഞങ്ങള്‍ നികത്തുക ? പക്ഷേ, ജര്‍മന്‍ ഫുട്‌ബോളില്‍ പ്രതിഭാധനന്‍മാരായ കളിക്കാര്‍ക്ക് പഞ്ഞമില്ലെന്നത് പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുന്നു.

റയല്‍ മാഡ്രിഡിനൊപ്പം ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം…

ബയേണ്‍ മ്യൂണിക്കിനൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടിയതും ഇവിടെ ഓര്‍മിക്കട്ടെ. അത് മഹത്തായ അനുഭവമായിരുന്നു. പിന്നീട് റയലിലെത്തിയപ്പോഴും ആ നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചു. നാല് തവണ ജേതാവിന്റെ മെഡലണിഞ്ഞു. യൂറോപ്പില്‍ റയല്‍ മാഡ്രിഡ് പതിമൂന്നാം തവണ കപ്പുയര്‍ത്തി. മഹത്തായ ടീമിന്റെ ഭാഗമാകുവാന്‍ സാധിച്ചതില്‍ കൃതാര്‍ഥനാണ്. ക്ലബ്ബ് സീസണിലെ വലിയ വിജയവുമായി ദേശീയ ടീം ക്യാമ്പിലെത്തുന്നത് തന്നെ പോസിറ്റീവ് എനര്‍ജിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here