ഗുഡ്ഗാവ് സ്‌കൂളിലെ കൊല: പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജാമ്യമില്ല

Posted on: June 7, 2018 6:12 am | Last updated: June 6, 2018 at 11:41 pm
SHARE

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവ് സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ പ്രയാപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുടെ സ്ഥിരജാമ്യം സംബന്ധിച്ച ഹരജി പഞ്ചാബ്- ഹരിയാന ഹൈക്കോടതി തള്ളി. ഗുരുഗ്രാം അഡീഷണല്‍ സെഷന്‍ കോടതി തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രതിയുടെ പിതാവാണ് സമാന ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന കൊലപാതക കേസില്‍ ജൂലൈ നാലിനകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ മാസം ആദ്യം ഗുഡ്ഗാവ് കോടതി ആവശ്യപ്പെട്ടിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് സി ബി ഐക്ക് ഒന്നര മാസം അധികം സമയം അഡീഷനല്‍ സെഷന്‍സ് ജഡ്ജി അനുവദിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിചാരണക്ക് വിധേയമാക്കുമ്പോള്‍ പ്രായപൂര്‍ത്തിയായ ആളായി തന്നെ പരിഗണിക്കണമെന്ന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദേശം മെയ് 31ന് കുട്ടികളുടെ പ്രത്യേക കോടതി ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹരജിയും ഹൈക്കോടതി തള്ളി.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടുള്ള വിദ്യാര്‍ഥിക്ക് 16 വയസ്സാണുള്ളത്. ഇയാള്‍ക്കെതിരെ ഭാവിയില്‍ എന്ത് നിയമ നടപടികള്‍ എടുക്കേണ്ടിവന്നാലും പ്രായപൂര്‍ത്തിയായ ആളായി തന്നെ പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കിയതായി കൊല്ലപ്പെട്ട ഏഴ് വയസ്സുകാരന്റെ പിതാവിന് വേണ്ടി ഹാജരായ അഡ്വ. സുശീല്‍ തെക്രിവാള്‍ അറിയിച്ചു.

കഴിഞ്ഞ സെപ്തംബര്‍ എട്ടിന് രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്രതിയാക്കി സി ബി ഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായി അതില്‍ വ്യക്തമാക്കിയിരുന്നു. സ്‌കൂള്‍ പരീക്ഷയും രക്ഷാകര്‍തൃ യോഗവും മാറ്റിവെപ്പിക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം.

സ്‌കൂളിലെ ശുചിമുറിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് കേസൊതുക്കാന്‍ ഗുഡ്ഗാവ് പോലീസ് ആദ്യം ശ്രമിച്ചിരുന്നു. എന്നാല്‍, ഇയാള്‍ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്ന് കണ്ട് വിട്ടയക്കുകയും കേസന്വേഷണം സി ബി ഐക്ക് കൈമാറുകയുമായിരുന്നു. പിന്നീടാണ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here