Connect with us

National

ജമ്മു കശ്മീര്‍ പീഡനം: മുന്‍ ഡി എസ് പിക്കും ഡി ഐ ജിക്കും പത്ത് വര്‍ഷം തടവ്

Published

|

Last Updated

ചണ്ഡീഗഢ്: ഉന്നതര്‍ ഉള്‍പ്പെട്ട ജമ്മു കശ്മീര്‍ ലൈംഗിക പീഡനക്കേസില്‍ മുന്‍ ഡി എസ് പി, മുന്‍ ഡി ഐ ജി (ബി എസ് എഫ്) എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പത്ത് വര്‍ഷം തടവ് വിധിച്ചു. 2006ല്‍ നടന്ന സംഭവത്തില്‍ സി ബി ഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
ജമ്മു കശ്മീരിലെ ഏറ്റുമുട്ടല്‍ വിദഗ്ധനായിരുന്ന മുന്‍ ഡി എസ് പി മുഹമ്മദ് അശ്രഫ് മീര്‍, മുന്‍ ബി എസ് എഫ്. ഡി ഐ ജി. കെ സി പധി, ഷബീര്‍ അഹമ്മദ് ലാവെ, ഷബീര്‍ അഹമ്മദ് ലാന്‍ഗൂ, മസൂദ് അഹമ്മദ് മഖ്‌സൂദ് എന്നിവര്‍ക്കാണ് അഞ്ച് വര്‍ഷം തടവ് വിധിച്ചത്.

2009ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ രാജി സന്നദ്ധതക്ക് വരെ ഇടയാക്കിയ കേസാണിത്. വ്യാപാര പ്രമുഖനായ മെഹ്‌റാജുദ്ദീന്‍ മാലിക്, ജമ്മു കശ്മീര്‍ മുന്‍ അഡ്വക്കറ്റ് ജനറല്‍ അനില്‍ സേഠി എന്നിവരെ കോടതി കുറ്റമുക്തരാക്കിയിരുന്നു.

2006ല്‍ പ്രായപൂര്‍ത്തിയാകാത്ത കശ്മീരി പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നതിന്റെ വീഡിയോ സിഡികള്‍ പോലീസ് കണ്ടെടുത്തതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

ലൈംഗിക വ്യാപാരത്തിനിരയായ പെണ്‍കുട്ടികളെ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം നിരന്തരം പീഡിപ്പിക്കുകയായിരുന്നു. മുഖ്യ പ്രതി ശ്രീനഗറില്‍ വ്യഭിചാര കേന്ദ്രം നടത്തുന്ന സബീന എന്ന സ്ത്രീ ഉള്‍പ്പെടെ 56 ഓളം പേരാണ് കേസില്‍ കുറ്റാരോപിതരായി ഉണ്ടായിരുന്നത്. ഇവരില്‍ പലരും ഉന്നത ഉദ്യോഗസ്ഥരായിരുന്നു. സംസ്ഥാനത്തെ മന്ത്രിമാരും എം എല്‍ എമാരും വരെ ആരോപണ വിധേയരുടെ പട്ടികയില്‍ ഉണ്ടായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഉമര്‍ അബ്ദുല്ലയുടെ പേര് കൂടി ഉയര്‍ന്നുവന്നതോടെയാണ് 2009ല്‍ അദ്ദേഹം മുഖ്യമന്ത്രി പദം രാജിവെച്ചത്. എന്നാല്‍, ഗവര്‍ണര്‍ പിന്നീട് രാജിക്കത്ത് തള്ളിക്കളയുകയായിരുന്നു. സംഭവത്തിലെ ഉന്നത ബന്ധം പരിഗണിച്ച് കേസ് പിന്നീട് സി ബി ഐ ആണ് അന്വേഷിച്ചത്.

Latest