Connect with us

National

ഒറ്റത്തിരഞ്ഞെടുപ്പിന് സന്നദ്ധമെന്ന് യു പി

Published

|

Last Updated

ലക്‌നോ: ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തിന് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ പിന്തുണയുമായി ഉത്തര്‍ പ്രദേശ്. മന്ത്രി സിദ്ധാര്‍ഥ നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി ഇത് സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് അയച്ചതായി സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഇന്‍ഫര്‍മേഷന്‍) അവനീഷ് അശ്വതി അറിയിച്ചു.

പ്രാദേശിക, സംസ്ഥാന, ദേശീയ തിരഞ്ഞെടുപ്പുകള്‍ക്ക് പൊതു വോട്ടര്‍പ്പട്ടിക ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ആദ്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് സമര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ അംഗീകാരത്തോടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് അയച്ചുകൊടുക്കുകയായിരുന്നു. 2021 ഡിസംബര്‍ 31ന് മുമ്പ് കാലാവധി അവസാനിക്കുന്ന നിയമസഭകള്‍ പിരിച്ചുവിട്ട് അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടണമെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കാലാവധി അവസാനിക്കുന്ന നിയമസഭകള്‍ക്ക് കാലാവധി നീട്ടിനല്‍കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അടുത്ത ലോക്‌സഭയുടെ ആദ്യ സമ്മേളനം നടക്കുന്ന സമയം എന്നത് കണക്കിലെടുത്താണ്, നിയമസഭകള്‍ പിരിച്ചുവിടുന്നതിനുള്ള തീയതി 2021 ഡിസംബര്‍ 31ന് മുമ്പ് എന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഈ തീയതിക്ക് ശേഷം കാലാവധി അവസാനിക്കുന്ന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് 2024ലെ ലോക്‌സഭാ തിരഞ്ഞടുപ്പിന് ഒപ്പം നടത്താം.

2029ഓടെ പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ എല്ലാം ഒരുമിച്ച് നടത്താന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 വരെ കാലാവധിയുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്, റിപ്പോര്‍ട്ട് പ്രകാരം 2024 വരെ അധികാരത്തില്‍ തുടരാന്‍ സാധിക്കും. എന്നാല്‍, റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം തന്നെ തിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. റിപ്പോര്‍ട്ട് അനുസരിച്ച് തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, കേരളം, ബിഹാര്‍, അസാം സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം തന്നെ നടത്തേണ്ടിവരും.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. തിരിച്ചറിയല്‍ കാര്‍ഡിന്റെ വ്യാജനിര്‍മാണം തടയുന്നതിനാണ് ഈ നിര്‍ദേശം മുന്നോട്ടുവെക്കുന്നത്.

ബി ജെ പിക്ക് എസ് പിയുടെ വെല്ലുവിളി

ലക്‌നോ: ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്നതിനോട് വിയോജിപ്പില്ലെന്നും സംസ്ഥാന മന്ത്രിസഭ പിരിച്ചുവിട്ട് അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടാന്‍ ബി ജെ പിക്ക് ധൈര്യമുണ്ടോ എന്നും സമാജ്‌വാദി പാര്‍ട്ടി.

തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ ഭയമില്ലെന്നും പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കി. അടുത്തിടെ നടന്ന ഗോരഖ്പൂര്‍, ഫൂല്‍പൂര്‍, കൈരാന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയെ തറപറ്റിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് എസ് പി. അതേസമയം, ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രത്യേക നിര്‍ദേശങ്ങളൊന്നും മുന്നോട്ട് വെക്കാനില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഒടുവില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ജയിച്ച ആര്‍ എല്‍ ഡിയിലെ തബസ്സും ഹസനെയും നൂര്‍പൂരില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച എസ് പി. എം എല്‍ എ നഈമുല്‍ ഹസനെയും പാര്‍ട്ടി ആസ്ഥാനത്തേക്ക് അഖിലേഷ് യാദവ് സ്വാഗതം ചെയ്തു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പിയുമായി സീറ്റ് വീതം വെപ്പില്ലെന്നും അനുയോജ്യമായ സമയത്ത് മാത്രം അക്കാര്യം ചെയ്യുമെന്നും കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു.