Connect with us

National

രാഹുല്‍ ഗാന്ധി മന്ദ്‌സോറില്‍; പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കണ്ടു

Published

|

Last Updated

മധ്യപ്രദേശിലെ മന്ദ്‌സോറിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരില്‍ ഒരാളുടെ ബന്ധുവിനെ ആശ്വസിപ്പിക്കുന്നു

മന്ദ്‌സോര്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ദേയീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ വര്‍ഷം മന്ദ്‌സോറില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ആറ് കര്‍ഷകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉറ്റവര്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ മുറവിളി കൂട്ടിയപ്പോള്‍ പ്രധാനമന്ത്രി പ്രതികരിച്ചത്, കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഒരു കോടി നല്‍കി എന്നാണ്. ഇത്തരത്തിലാണോ രാജ്യത്തെ കര്‍ഷകരെ ബി ജെ പി രക്ഷിക്കുകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പരാജയപ്പെട്ടു. ഭരണ പരിഷ്‌കാരത്തെ കുറിച്ച് നാട് തോറും പ്രസംഗിച്ച് നടക്കുന്ന പ്രധാനമന്ത്രിക്ക് കര്‍ഷകരുടെ പരാതികള്‍ കേള്‍ക്കാന്‍ സമയമില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

വിളകള്‍ക്ക് മികച്ച വില ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ ആറിന് കര്‍ഷകര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ഇത് പല ഭാഗങ്ങളിലും അക്രമത്തിലേക്ക് നീങ്ങുകയും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിവെക്കുകയുമായിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര കാര്‍ഷിക മന്ത്രി പുരുഷോത്തം രുപാല ലോക്‌സഭയില്‍ നല്‍കിയ കണക്ക് പ്രകാരം മധ്യപ്രദേശില്‍ 2016ല്‍ മാത്രം 1,321 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷക ആത്മഹത്യയുടെ എണ്ണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനമാണ് മധ്യപ്രദേശിന്.

Latest