മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍

Posted on: June 7, 2018 6:03 am | Last updated: June 6, 2018 at 11:31 pm
സുദീപ്

മാനന്തവാടി: മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍. കോഴിക്കോട് പുതിയറ മാണിക്കോത്ത് വീട്ടില്‍ എം സുദീപി(33)നെയാണ് മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എം കെ സുനിലിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘവും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റ് പാര്‍ട്ടിയും നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കര്‍ണാടക ആര്‍ ടി സി ബസിലെ യാത്രക്കാരനായ പ്രതിയില്‍ നിന്ന് 695 മയക്കുമരുന്ന് ഗുളികകളാണ് എക്‌സൈസ് സംഘം പിടികൂടിയത്.

ബുധനാഴ്ച പുലര്‍ച്ചെ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ സംയുക്ത വാഹനപരിശോധനയിലാണ് ഗുളികകള്‍ പിടികൂടിയത്. ഭാരത സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി നാര്‍ക്കോട്ടിക് ഡ്രഗ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ട്രഡാമോള്‍ അടങ്ങിയ സ്പാസ്‌മൊ പ്രോക്‌സി വോണ്‍ പ്ലസ്, പീവോണ്‍ സ്പാസ് പ്ലസ് എന്നീ വിഭാഗത്തിലെ 695 ടാബ്‌ലറ്റുകളാണ് പിടിച്ചെടുത്തത്. പ്രതിയെ എന്‍ ഡി പി എസ് നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണിയാള്‍. പെരുന്നാളിനോടനുബന്ധിച്ച് കച്ചവടകേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ക്കിടയില്‍ ഈ ടാബ്‌ലറ്റുകള്‍ ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ടെന്നും മൈസൂര്‍, ബംഗളൂരു നഗരങ്ങളില്‍ നിന്ന് രഹസ്യമായി വാങ്ങിക്കുന്ന ടാബ്‌ലറ്റ് അമിത വിലയില്‍ കോഴിക്കോട് നഗരത്തിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ടയാളാണ് താനെന്നും എക്‌സൈസ് സംഘത്തോട് സുദീപ് പറഞ്ഞു. പ്രതിയെ മാനന്തവാടി ജെഎഫ് സി എം 2 കോടതി മുമ്പാകെ ഹാജരാക്കി. റിമാന്‍ഡ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ സുനിലിനൊപ്പം പ്രിവന്റീവ് ഓഫീസര്‍ കെ വി ഷാജിമോന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജയകുമാര്‍ കെ കെ, പ്രിന്‍സ്, അജേഷ് വിജയന്‍, മന്‍സൂര്‍ അലി, സനൂപ്, അനുദാസ്, അമല്‍ തോമസ് എക്‌സൈസ് ഡ്രൈവര്‍ രമേശ് ബാബു എന്നിവരുണ്ടായിരുന്നു,