Connect with us

Kerala

എട്ടിക്കുളം പള്ളി ആക്രമണം: ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂര്‍ എട്ടിക്കുളം തഖ്‌വ മസ്ജിദില്‍ ജുമുഅ നിസ്‌കാരത്തിനിടെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി. സമസ്ത പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി(ഉള്ളാള്‍) തങ്ങളുടെ ദര്‍ഗയോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പള്ളിയില്‍ ജുമുഅ ആരംഭിക്കുന്നത് തടഞ്ഞ അക്രമികള്‍ സുന്നി തര്‍ക്കമാണെന്ന് വരുത്തിത്തീര്‍ത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്ന് നിവേദനത്തില്‍ പറയുന്നു.

നിലവില്‍ പ്രദേശത്തെ മഹല്ല് പള്ളിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണെന്നിരിക്കെ ദര്‍ഗയിലെത്തുന്ന ദൂരപ്രദേശങ്ങളിലുള്ളവര്‍ക്കും സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഇവിടെ ജുമുഅക്കെത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് ഈ റമസാന്‍ മാസം ജുമുഅ ആരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ജുമുഅ നിസ്‌കാരത്തിന് പള്ളിയിലെത്തിയ വര്‍ക്ക് നേരെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി ചിലര്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിന് നേരെയും ആക്രമണം അഴിച്ചുവിട്ടിരുന്നു. പിന്നീട് അടുത്ത വെള്ളിയാഴ്ച ജുമുഅക്കെത്തിയവരുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പള്ളിയില്‍ ആരാധനക്ക് സംരക്ഷണം നല്‍കണമെന്നും നേതാക്കള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് രണ്ട് വിഭാഗം സുന്നികളും പ്രോത്സാഹിപ്പിക്കുന്നില്ലെന്നിരിക്കെ ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് സ്വാഭാവികമായും സംശയിക്കുന്നതായും നേതാക്കള്‍ പറഞ്ഞു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനും മുസ്‌ലിംകള്‍ പുണ്യമായി കരുതുന്ന വിശുദ്ധ റമസാനില്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുമുള്ള സാമൂഹിക ദ്രോഹികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാ പരമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി, സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എസ് വൈ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്.

Latest