Connect with us

Kerala

സാമ്പത്തിക സ്ഥിതി നിരാശാജനകം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച 2017ലെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. സാമ്പത്തിക സ്ഥിതി നിരാശാജനകമെന്ന് വ്യക്തമാക്കുന്ന സി എ ജി റിപ്പോര്‍ട്ട് ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് നിയമസഭയില്‍ വെച്ചത്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ സാമ്പത്തിക വര്‍ഷത്തെ കണക്കുകളാണ് സി എ ജി റിപ്പോര്‍ട്ടിലുള്ളത്.

സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയും ധനക്കമ്മിയും വന്‍തോതില്‍ കുതിക്കുന്നതോടൊപ്പം വികസന കാര്യങ്ങള്‍ക്ക് ചെലവാക്കാന്‍ സര്‍ക്കാറിന്റെ പക്കല്‍ പണമില്ലാത്ത അവസ്ഥ സംജാതമായെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, ചെലവിനനുസരിച്ച് കൂടുതല്‍ വരുമാനം കണ്ടെത്താന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു. വരുമാനം കുറവായിട്ടും ചെലവില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ചെലവ് കഴിഞ്ഞ വര്‍ഷം 15.77 ശതമാനം വര്‍ധിച്ച് 91,096 കോടിയിലെത്തി. ഇതോടൊപ്പം പ്രതിശീര്‍ഷ കടവും വര്‍ധിച്ചിട്ടുണ്ട്. പൊതുകടത്തിന്റെ വളര്‍ച്ചാ നിരക്കും കൂടുതലാണ്. 3,350 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് നല്‍കിയിട്ടും കടം 1,89,769 കോടിയിലെത്തി നില്‍ക്കുന്നു.

നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ദൈനംദിന കാര്യങ്ങള്‍ക്കായി സംസ്ഥാനം വായ്പ വാങ്ങേണ്ട അവസ്ഥയിലേക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയും ധനക്കമ്മിയും ഗണ്യമായ തോതില്‍ വര്‍ധിച്ചു. റവന്യൂ വരുമാനം അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 2016-17 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 15,484 കോടി. തൊട്ടുമുമ്പുള്ള വര്‍ഷത്തെ അപേക്ഷിച്ച് 5,827 കോടിയുടെ വര്‍ധന രേഖപ്പെടുത്തി. നിലവിലെ ധനക്കമ്മി 26,448 കോടിയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 8,630 കോടി രൂപയാണ് കൂടുതല്‍.

അതേസമയം, റവന്യൂ വരവ് 75,612 കോടിയായി ഉയര്‍ന്നിട്ടുണ്ടെങ്കിലും വളര്‍ച്ചാ നിരക്ക് 9.53 ശതമാനം മാത്രമാണ്. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ്. സംസ്ഥാന വരുമാനത്തിന്റെ നല്ലൊരു പങ്കും പലിശയടക്കാനും പെന്‍ഷന്‍ നല്‍കാനുമാണ് ചെലവിടുന്നത്. ഇത് സംസ്ഥാനത്തെ സംബന്ധിച്ച് ആശങ്കയുളവാക്കുന്നതാണെന്ന് സി എ ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കടംവാങ്ങുന്ന പണത്തില്‍ നിന്ന് 32 ശതമാനം മാത്രമാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നത്. ശേഷിക്കുന്ന 68 ശതമാനവും നേരത്തെയുള്ള കടങ്ങള്‍ തിരിച്ചടക്കാനാണ് വിനിയോഗിക്കുന്നത്. കൂടുതല്‍ കടം വാങ്ങുന്നതോടെ ഈ പരിമിതി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
മാത്രമല്ല വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയ ഫണ്ടുകളില്‍ വിനിയോഗിക്കാതെ കിടക്കുന്ന മിച്ചം തുക തിരിച്ചടക്കാതെ ട്രഷറി സേവിംഗ്‌സ് ബേങ്ക് അക്കൗണ്ടിലോ, ദേശസാത്കൃത ബേങ്കുകളിലോ കൂടിക്കിടക്കുന്ന സ്ഥിതിയാണ്. ഇത് സാമ്പത്തിക വിനിയോഗത്തിലെ ഉദാസീനതയാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇതോടൊപ്പം സംസ്ഥാനത്തെ 26 സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകളുടെ ഓഡിറ്റ് ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് നിയമപ്രകാരം നടത്തേണ്ടതുണ്ടെങ്കിലും പത്തോളം സ്ഥാപനങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷമായി കണക്കുകള്‍ കൈമാറിയിട്ടില്ല.

അഞ്ച് ജില്ലകളില്‍ ഏഴ് വര്‍ഷത്തിനിടെ സ്ഥാനമൊഴിഞ്ഞ 33 എം പിമാരുടെ അക്കൗണ്ടുകളിലായി 12.34 കോടി രൂപ കൈമാറ്റം ചെയ്യാതെ കിടക്കുന്നു. ബജറ്റ് വകയിരുത്തലിലെ മിച്ചം കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് അഞ്ച് ശതമാനം കുറഞ്ഞത് മൊത്തത്തില്‍ ബജറ്റ് പ്രക്രിയയിലുള്ള പുരോഗതിയാണ് കാണിക്കുന്നത്. റവന്യൂ വിഭാഗത്തിലെ നഗര വികസനം, ഗ്രാമ വികസനം മൂലധന വിഭാഗത്തിലെ ശുദ്ധജല വിതരണം, പലവക സാമ്പത്തിക സര്‍വീസുകള്‍, കൃഷി, പൊതുകടം തിരിച്ചടക്കല്‍ എന്നീ ഗ്രാന്റുകളിലെ സ്ഥിരമായിട്ടുള്ള മിച്ചം നൂറ് കോടിയിലധികവും ബജറ്റ് വകയിരുത്തലിനേക്കാള്‍ കൂടുതലുമാണ്. സംസ്ഥാനത്തിന്റെ റവന്യൂ കമ്മി വര്‍ധനയില്‍ നിയന്ത്രണം വേണമെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest