റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചു: ഭവന, വാഹന വായ്പാ നിരക്ക് ഉയരും

Posted on: June 7, 2018 6:08 am | Last updated: June 6, 2018 at 11:24 pm
SHARE

ന്യൂഡല്‍ഹി: അടിസ്ഥാന പലിശ നിരക്കില്‍ കാല്‍ ശതമാനമുയര്‍ത്തി റിസര്‍വ് ബേങ്ക് പുതിയ ദൈ്വമാസ പണനയം പ്രഖ്യാപിച്ചു. നാലര വര്‍ഷത്തിന് ശേഷം ആദ്യമായാണ് റിപ്പോ നിരക്കില്‍ വര്‍ധന വരുത്തിയത്. വാണിജ്യ ബേങ്കുകള്‍ക്ക് റിസര്‍വ് ബേങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്കില്‍ 0.25 ബേസിസ് പോയിന്റ് വര്‍ധന വരുത്താനാണ് ആര്‍ ബി ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനം. ഇതോടെ നിലവിലെ റിപ്പോ നിരക്ക് ആറ് ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി ഉയര്‍ന്നു. റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്ന് ദിവസത്തെ യോഗത്തിനൊടുവിലാണ് തീരുമാനമെടുത്തത്. റിപ്പോ നിരക്കിനൊപ്പം ബേങ്കുകള്‍ റിസര്‍വ് ബേങ്കില്‍ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് ആറ് ശതമാനമാക്കി. ഇതിന് മുമ്പ് 2014 ജനുവരിയിലാണ് ആര്‍ ബി ഐ റിപ്പോ നിരക്ക് ഉയര്‍ത്തിയത്. റിപ്പോ നിരക്കിലെ മാറ്റം പ്രതീക്ഷിച്ച് പ്രമുഖ ബേങ്കുകള്‍ ജൂണ്‍ ഒന്നിന് തന്നെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

ആര്‍ ബി ഐ റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ ബേങ്കുകള്‍ക്ക് അവരുടെ കുറഞ്ഞ പലിശ നിരക്ക് ഉയര്‍ത്താന്‍ കഴിയും. പല ബേങ്കുകളും കഴിഞ്ഞ ആഴ്ച മുതല്‍ തന്നെ ഇത്തരത്തലുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ബേങ്കായ എസ് ബി ഐ കുറഞ്ഞ പലിശ നിരക്ക് ഈ വര്‍ഷം തന്നെ രണ്ട് തവണകളിലായി വര്‍ധിപ്പിച്ചിട്ടുണ്ട്. 0.10 ശതമാനമായിരുന്നു അവസാന തവണ അടിസ്ഥാന പലിശനിരക്കായി വര്‍ധിപ്പിച്ചിരുന്നത്. റിപ്പോ നിരക്ക് ഉയരുന്നതോടെ ഇനിയും വര്‍ധന വരുത്താനാകും.

ഭവന, വാഹന വായ്പാ പലിശ നിരക്ക് ഉയരും. മുപ്പത് ലക്ഷം രൂപയുടെ ഭവന വായ്പക്ക് ഇരുപത് വര്‍ഷത്തേക്ക് നിലവിലുള്ള അടിസ്ഥാന പലിശ നിരക്ക് 8.45 ശതമാനമാണ്. റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതോടെ ഇത് 8.70 ശതമാനമായി ഉയരും. അതുപോലെ അഞ്ച് വര്‍ഷത്തേക്കുള്ള പത്ത് ലക്ഷത്തിന്റെ വാഹന വായ്പക്ക് അടിസ്ഥാന പലിശ നിരക്ക് പത്ത് ശതമാനമാണ്. ഇത് 10.25 ശതമാനമായി ഉയരും.