ആദ്യ ഹജ്ജ് വിമാനം ആഗസ്റ്റ് ഒന്നിന്

Posted on: June 7, 2018 6:09 am | Last updated: June 6, 2018 at 11:20 pm
SHARE

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്കുള്ള വിമാന സമയ വിവര പട്ടികയായി. ആഗസ്റ്റ് ഒന്ന് മുതല്‍ പതിനഞ്ച് വരെ 29 വിമാനങ്ങളിലായി 11,890 ഹാജിമാരാണ് യാത്ര തിരിക്കുന്നത്. 29 വിമാനങ്ങളും 410 ഹാജിമാരെയും വഹിച്ചായിരിക്കും നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടുക. സഊദി എയര്‍ലൈന്‍സിന്റെ ജംബോ ജെറ്റ് വിമാനമാണ് ഹജ്ജ് യാത്രാ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഹാജിമാരുടെ യാത്ര ജിദ്ദ വഴിയായതിനാല്‍ ഇഹ്‌റാമിലായിരിക്കും പുറപ്പെടുക. എന്നാല്‍, മടക്കം മദീന വഴിയായിരിക്കും.

ആഗസ്റ്റ് ഒന്നിന് ആദ്യ വിമാനം പുലര്‍ച്ചെ 5:35ന് നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്ര തിരിക്കും. രണ്ടാമത്തെ വിമാനം വൈകീട്ട് 5:30നും പുറപ്പെടും. ആഗസ്റ്റ് രണ്ട്, മൂന്ന്, നാല്, അഞ്ച്, എട്ട് തീയതികളില്‍ ഓരോ വിമാനവും ആറ്, ഏഴ്, പത്ത്, 13, 14 തീയതികളില്‍ രണ്ട് വിമാനങ്ങളും ഒമ്പത്, 11, 12, 13, 15 തീയതികളില്‍ മൂന്ന് വിമാനങ്ങളും ഹാജിമാരുമായി വിശുദ്ധ ഭൂമിയിലേക്ക് പറക്കും.

യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. നേരത്തെ ഹജ്ജ് ക്യാമ്പ് ആലുവയിലാണ് നിശ്ചയിച്ചതെങ്കിലും സിയാല്‍ അധികൃതര്‍ ക്യാമ്പ് വിമാനത്താവള പരിസരത്ത് തന്നെ നടത്തുന്നതിന് സൗകര്യം ചെയ്തുകൊടുത്തതോടെ ഹാജിമാര്‍ക്ക് യാത്രാ പ്രയാസം ഒഴിവായി.

ഹജ്ജ് വിമാന സമയ പട്ടികയായെങ്കിലും ഓരോ ഹാജിയും പുറപ്പെടേണ്ട ദിവസവും സമയവും അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധപ്പെടുത്തും. സെപ്തംബര്‍ 12 മുതല്‍ 26 വരെ തീയതികളിലായിരിക്കും ഹാജിമാരുടെ മടക്കയാത്ര. ആദ്യ വിമാനം പന്ത്രണ്ടിന് ഉച്ചക്ക് ഒരു മണിക്ക് നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തും. ആഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ പുറപ്പടുന്ന ഹാജിമാര്‍ക്ക് 43 ദിവസവും നാല്, അഞ്ച്, ഏഴ്, 13ലെ ഒന്ന്, മൂന്ന് വിമാനങ്ങളിലും ആഗസ്റ്റ് 15ലെ വിമാനങ്ങളിലും പുറപ്പെടുന്നവര്‍ക്ക് 42 ദിവസവും മറ്റുള്ളവര്‍ക്ക് 41 ദിവസവും വിശുദ്ധ ഭൂമിയില്‍ ചെലവഴിക്കാനാകും.