രാജ്യസഭാ സീറ്റ്: രാഹുല്‍ ഗാന്ധി സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും

Posted on: June 7, 2018 6:13 am | Last updated: June 6, 2018 at 11:18 pm
SHARE

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പോര് രൂക്ഷമായിരിക്കെ ഇന്ന് സംസ്ഥാന നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ എന്നിവര്‍ ഇന്നലെ ഡല്‍ഹിയിലെത്തി. ഒപ്പം മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ജോസ് കെ മാണിയും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നലെ വൈകീട്ട് കേരളാ ഹൗസില്‍ നാല് നേതാക്കളും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. തൊട്ടുപിന്നാലെ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നികുമായും ചര്‍ച്ച നടന്നു. ഇന്ന് രാഹുല്‍ ഗാന്ധിയുമായി നടക്കക്കുന്ന ചര്‍ച്ചയില്‍ രാജ്യസഭാ സീറ്റ്, കെ പി സി സി പ്രസിഡന്റ്, യു ഡി എഫ് കണ്‍വീനര്‍ എന്നി വിഷയത്തില്‍ തീരുമാനമുണ്ടായേക്കും.

ചര്‍ച്ചക്ക് പിന്നാലെ കെ പി സി സി പ്രസിഡന്റിന്റെ പ്രഖ്യാപനവും നടന്നേക്കും. രാജ്യസഭാ സീറ്റിന്റെ പേരില്‍ മുതിര്‍ന്ന നേതാവായ പി ജെ കുര്യനെയും വയലാര്‍ രവിയെയും പരസ്യമായി പരിഹസിക്കുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വിമര്‍ശിച്ച യുവ എം എല്‍ എമാര്‍ക്കെതിരെ എം പിമാര്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചിരുന്നു. രാജ്യസഭാ സീറ്റ് അടക്കമുള്ളവ പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം പരസ്യമായ വിമര്‍ശനം നടത്തുക വഴി മുതിര്‍ന്ന നേതാക്കളെയെല്ലാം സമൂഹ മധ്യത്തില്‍ പരിഹസിക്കുന്ന നിലപാടാണ് യുവ എം എല്‍ എമാര്‍ കൈക്കൊണ്ടതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പരാതി. അതേസമയം, പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പി ജെ കുര്യന് വീണ്ടും രാജ്യസഭയിലേക്ക് സീറ്റ് നല്‍കാന്‍ സാധ്യതയില്ല. എന്നാല്‍ കെ എം മാണിയെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ പ്രാധാന്യമാകും കുഞ്ഞാലികുട്ടി രാഹുലുമായുള്ള ചര്‍ച്ചയില്‍ പങ്കുവെക്കുക. യു ഡി എഫ് ചെയര്‍മാന്‍, കണ്‍വീനര്‍ സ്ഥാനങ്ങള്‍ ലീഗ് ആവശ്യപ്പെട്ടേക്കും.

യുവ എം എല്‍ എമാരെ തള്ളി ഉമ്മന്‍ചാണ്ടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ തലമുറാ പോരില്‍ പരസ്യ വിമര്‍ശനം നടത്തിയ യുവ എം എല്‍ എമാരെ തള്ളി എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. എം എല്‍ എമാര്‍ക്കും നേതാക്കള്‍ക്കും അഭിപ്രായങ്ങളും വ്യത്യസ്ത സമീപനങ്ങളുമുണ്ടാകാമെന്നും എന്നാല്‍ വിമര്‍ശനങ്ങളെല്ലാം ഉന്നയിക്കേണ്ടത് ചട്ടക്കൂട്ടിനുള്ളില്‍ നിന്നുകൊണ്ട് പാര്‍ട്ടി ഫോറങ്ങളിലായിരിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.