Connect with us

National

മത ആഘോഷങ്ങള്‍ക്ക് നികുതിപ്പണം നല്‍കില്ലെന്ന്: രാഷ്ട്രപതി ഭവന്‍ ഇഫ്താര്‍ വിരുന്ന് നിര്‍ത്തിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: വര്‍ഷങ്ങളായി രാഷ്ട്രപതി ഭവനില്‍ നടന്നുവരുന്ന ഇഫ്താര്‍ വിരുന്ന് ഈ വര്‍ഷം നടത്തേണ്ടതില്ലെന്ന് രാഷ്ട്രപതി ഭവന്‍ തീരുമാനിച്ചു. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായ ശേഷമുള്ള ആദ്യ ഇഫ്താര്‍ വിരുന്നാണ് വേണ്ടെന്ന് വെക്കുന്നത്. രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് നടത്തുന്നില്ലെന്ന് തീരുമാനിച്ചതായി രാഷ്ട്രപതിയുടെ മാധ്യമ സെക്രട്ടറി അശോക് മാലികും സ്ഥിരീകരിച്ചു. മതനിരപേക്ഷ രാഷ്ട്രത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രപതി ഭവനില്‍ മതപരമായ ചടങ്ങുകള്‍ നടത്തേണ്ടതില്ലെന്ന നിലപാടിന്റെ ഭാഗമായിട്ടാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ദീപാവലി ആഘോഷങ്ങള്‍ക്കും രക്ഷാബന്ധന്‍ ദിനാചരണത്തിനും രാഷ്ട്രപതി ഭവന്‍ വേദിയായിരുന്നു.

മതവിശ്വാസവും ഭരണകാര്യങ്ങളും വെവ്വേറെ കൈകാര്യം ചെയ്യണം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് രാഷ്ട്രപതി ഭവനില്‍ ഏത് മതമെന്ന വ്യത്യാസമില്ലാതെ ഒരു മതത്തിന്റെ ആഘോഷവും സംഘടിപ്പിക്കില്ലെന്നാണ് തീരുമാനമെന്ന് അശോക് മാലിക് പറഞ്ഞു.

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം രാഷ്ട്രപതി ഭവനില്‍ നടന്ന ഒരു ഇഫ്താര്‍ സംഗമത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. നേരത്തെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായുള്ള കരോള്‍ ഗാനം ആലപിക്കുന്ന ചടങ്ങും ഒഴിവാക്കിയിരുന്നു. അതേസമയം, ദീപാവലി ദിനത്തില്‍ വൈകിട്ട് രാഷ്ട്രപതി ഭവനില്‍ പ്രത്യേക ദീപാലങ്കാരങ്ങള്‍ നടത്തിയിരുന്നു. കൂടാതെ രക്ഷാബന്ധന്‍ ദിനത്തില്‍ സ്‌കൂള്‍ കുട്ടികള്‍ രാംനാഥ് കോവിന്ദിന്റെ കൈയില്‍ രാഖി കെട്ടിക്കൊടുക്കുന്ന ചടങ്ങും നടന്നിരുന്നു.

Latest