Connect with us

Kerala

റേഷന്‍ അരി പാക്കറ്റുകളിലേക്ക്

Published

|

Last Updated

കൊച്ചി: റേഷന്‍ സാധനങ്ങളുടെ തൂക്കക്കുറവ് പരിഹരിക്കുന്നതിനായി റേഷനരി പാക്കറ്റുകളിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. റേഷന്‍ സാധനങ്ങളുടെ തൂക്കത്തിലുണ്ടാകുന്ന തട്ടിപ്പ് തടയുന്നതിനായി അരിയും ഗോതമ്പുമുള്‍പ്പടെ പാക്കറ്റിലാക്കി വിതരണം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. റേഷന്‍ ഉത്പന്നങ്ങളുടെ തൂക്കത്തിലെ തട്ടിപ്പിനെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വിവിധ അളവുകളിലായി പാക്കറ്റ് റേഷന്‍ വിതരണത്തിന് സിവില്‍ സപ്ലൈസ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഏതൊക്കെ ഉത്പന്നങ്ങള്‍ ഏത്ര അളവിലാണ് പാക്ക് ചെയ്യേണ്ടെതെന്നതുള്‍പ്പടെയുള്ള മുഴുവന്‍ നടപടി ക്രമങ്ങളുടെയും വിശദമായ ശിപാര്‍ശ സമര്‍പ്പിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൈലറ്റ് പദ്ധതി ഒന്നോ രണ്ടോ ജില്ലകളിലായി നടപ്പാക്കും. ഇത് വിജയകരമാണെങ്കില്‍ എല്ലാ ജില്ലകളിലേക്കും നടപ്പാക്കാനാണ് ആലോചന.

റേഷന്‍ തൂക്കത്തില്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കുന്നുണ്ടെന്ന പരാതി നിരന്തരമായി ഉയരാറുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ റെയ്ഡുകള്‍ നടക്കുകയും ബന്ധപ്പെട്ടവരില്‍ നിന്ന് പിഴ ഊടാക്കുകയും ചെയ്യാറുണ്ട്. റേഷന്‍ സാധനങ്ങളുടെ ക്രമക്കേട് സംബന്ധിച്ചുണ്ടായ പരാതിയെത്തുടര്‍ന്ന് രണ്ട് മാസം മുമ്പ് കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ ക്രമക്കേടുകളാണ് കണ്ടെത്തിയിരുന്നത്. കാര്‍ഡുടമകള്‍ക്ക് നല്‍കിയ സാധനങ്ങളുടെ തൂക്കം നോക്കിയപ്പോള്‍ അളവില്‍ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് റേഷന്‍ കടകള്‍ക്ക് 5,000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തിരുന്നു.

അരിയിലും പഞ്ചസാരയിലുമാണ് പ്രധാനമായും തൂക്കക്കുറവ് കണ്ടെത്തിയിരുന്നത്. ഗോഡൗണുകളില്‍ നടത്തിയ പരിശോധനയിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. ശരാശരി 750 കിലോ അരിയില്‍ 17 കിലോ വരെ കുറവാണ് കണ്ടെത്തിയത്. ഡിപ്പോകളിലേക്ക് കൊണ്ടുപോകാന്‍ ഗോഡൗണുകളില്‍ നിര്‍ത്തിയിട്ടിരുന്ന അരി ലോറികളിലായിരുന്നു അന്ന് പരിശോധന നടത്തിയിരുന്നത്. അതു പോലെ തന്നെ റേഷന്‍ പുഞ്ചയരി വിതരണത്തില്‍ ക്രമക്കേടുണ്ടെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

കര്‍ഷകരില്‍നിന്ന് സപ്ലൈകോ സംഭരിക്കുന്ന നെല്ല് കുത്തി സ്വകാര്യമില്ലുകളാണ് പുഞ്ചയരിയാക്കുന്നത്. ഇത് പിന്നീട് ചാക്കിലാക്കി സപ്ലൈകോക്ക് നല്‍കുകയാണ് ചെയ്യാറുള്ളത്. റേഷന്‍ പുഞ്ചയരി വിതരണത്തില്‍ ചില സ്വകാര്യമില്ലുകള്‍ അളവവ് കുറച്ച് പുഞ്ചയരി ചാക്കില്‍ നിറച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് പരാതിയുണ്ടായിരുന്നത്. ഇത്തരത്തിലുള്ള എല്ലാ പരാതികള്‍ക്കും തടയിടുന്നതിനായാണ് സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ തന്നെ റേഷനരിയും മറ്റും പാക്കറ്റുകളിലാക്കി വിതരണത്തിനായി സംവിധാനമൊരുങ്ങുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest