Connect with us

International

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ പുറത്തുപോകുന്നതിന് വിലക്ക്

Published

|

Last Updated

ബഗ്ദാദ്: ഇറാഖ് തിരഞ്ഞെടുപ്പിനിടെ സംബന്ധിച്ച ഗുരുതരമായ കൃത്യവിലോപം പുറത്തുവന്ന സാഹചര്യത്തില്‍ രാജ്യത്തെ മുതിര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ രാജ്യംവിട്ട് പുറത്തുപോകുന്നതിന് ഇറാഖ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബ്ബാദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്തിടെ ഫലം പുറത്തുവന്ന ഇറാഖ് പൊതുതിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകളും മറ്റും അരങ്ങേറിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ആയിരത്തോളം ബാലറ്റ് ബോക്‌സുകളിലെ വോട്ടെണ്ണല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവായി പ്രഖ്യാപിച്ചിരുന്നു.

മെയ് 12ന് നടന്ന വോട്ടെടുപ്പില്‍ ശിയാ നേതാവും അമേരിക്കയെയും ഇറാനെയും ഒരേസമയം ശത്രുവായി കാണുകയും ചെയ്യുന്ന മുഖ്താദ അല്‍സദറിന്റെ സഖ്യത്തിനായിരുന്നു വിജയം. അഴിമതിക്കെതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രചാരണവും പ്രവര്‍ത്തനവുമാണ് വോട്ടെടുപ്പില്‍ നിഴലിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.

ചിലര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ വോട്ടിംഗ് മെഷീനുകള്‍ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വേണ്ടി ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍ ഈ നടപടികളൊന്നും പാലിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മൊത്തം വോട്ട് രേഖപ്പെടുത്താന്‍ ഉപയോഗിച്ച 53,000 ബാലറ്റ് ബോക്‌സുകളില്‍ 1021 ബോക്‌സുകളിലെ വോട്ടെണ്ണല്‍ കഴിഞ്ഞ ബുധനാഴ്ച ഇറാഖ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവായി പ്രഖ്യാപിച്ചിരുന്നു. ഇസില്‍ ഭീകരവാദികളെ പരാജയപ്പെടുത്തിയ ശേഷം ഇറാഖില്‍ നടന്ന ആദ്യ പൊതു തിരഞ്ഞെടുപ്പായിരുന്നു ഇത്.