Connect with us

International

ഫലസ്തീന്‍ യുവാവിനെ ഇസ്‌റാഈല്‍ വെടിവെച്ചു കൊന്നു

Published

|

Last Updated

നബി സ്വലാഹിനെ ഇസ്‌റാഈല്‍ പട്ടാളം വെടിവെച്ചു കൊന്ന സ്ഥലത്ത് തളം കെട്ടിക്കിടക്കുന്ന രക്തം

ജറൂസലം സിറ്റി: ഇസ്‌റാഈല്‍ സൈന്യം ഫലസ്തീന്‍ യുവാവിനെ വെടിവെച്ചു കൊന്നു. വെസ്റ്റ് ബേങ്കിലെ നബി സ്വലാഹ് ഗ്രാമത്തില്‍ ഇസ്‌റാഈല്‍ നടത്തിയ റെയ്ഡിനിടെയാണ് ഫലസ്തീന്‍ യുവാവ് ഇസ്സുദ്ദീന്‍ തമീമിനെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയത്. കല്ലെറിഞ്ഞതിന്റെ പേരില്‍ ഇസ്സുദ്ദീന്‍ തമീമിനെ അറസ്റ്റ് ചെയ്യാന്‍ എത്തിയതായിരുന്നു സൈന്യം. എന്നാല്‍ തിരച്ചിലിനിടെ ഇദ്ദേഹത്തെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊല്ലുകയായിരുന്നു. 45 മീറ്റര്‍ ദൂരത്തുനിന്ന് യുവാവിന്റെ കഴുത്തിലേക്ക് മൂന്ന് തവണ വെടിയേറ്റതായി ഫലസ്തീന്‍ ആരോഗ്യ സംഘം അറിയിച്ചു. വെടിയേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്നതിനിടെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ സൈന്യം അനുവദിച്ചില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഇസ്‌റാഈല്‍ സൈന്യം നോക്കി നില്‍ക്കെ ഇസ്സുദ്ദീന്‍ തമീം രക്തത്തില്‍ കുളിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.


വെടിയേറ്റ നബി സ്വലാഹിന്റെ വസ്ത്രം

തിരച്ചിലിനിടെ ഒരു സൈനിക ഉദ്യോഗസ്ഥന് നേരെ കല്ലേറുണ്ടായതായും ഇതിനോടുള്ള പ്രതികരണമായാണ് യുവാവിനെ വെടിവെച്ചു കൊന്നതെന്നും ഇസ്‌റാഈല്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച അന്വേഷണം നടത്തുമെന്നും ഇസ്‌റാഈല്‍ അറിയിച്ചു. നിരായുധരായ ഫലസ്തീനികളെ നിഷ്ഠൂരമായി വെടിവെച്ചു കൊല്ലുന്ന ഇസ്‌റാഈല്‍ സൈന്യത്തിന്റെ നടപടിക്കെതിരെ അടുത്തിടെ അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയേറ്റുമരിക്കുന്ന ഫലസ്തീനികളുടെ എണ്ണം 119 ആയി. പ്രതിഷേധത്തിലേര്‍പ്പെടുന്നതിനിടെ പരുക്കേറ്റ ഒരു ഫലസ്തീന്‍ യുവാവിനെ ചികിത്സിക്കാനെത്തിയ ഫലസ്തീന്‍ വോളണ്ടിയര്‍ റസാന്‍ അല്‍നജ്ജാറിനെ ഇസ്‌റാഈല്‍ സൈന്യം കഴിഞ്ഞ വെള്ളിയാഴ്ച വെടിവെച്ചു കൊന്നിരുന്നു.

Latest