Connect with us

International

ഗ്വാട്ടിമല അഗ്നിപര്‍വത സ്‌ഫോടനത്തില്‍ മരണം 75; ഇരുനൂറോളം പേരെ കാണാതായി

Published

|

Last Updated

ഗ്വാട്ടിമലയില്‍ ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുപോകുന്നു

ഗ്വാട്ടിമല: മധ്യഅമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമലയില്‍ ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 75 ആയി. 200ഓളം പേരെ കാണാതാകുകയും ചെയ്തു. നൂറുക്കണക്കിന് പേര്‍ക്ക് അഗ്നിപര്‍വത സ്‌ഫോടനത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

മൊത്തം 192 പേരെ കാണാതായെന്ന് ഗ്വാട്ടിമല ദേശിയ ദുരന്ത നിവാരണ ഏജന്‍സി കോന്‍ റെഡ് അറിയിച്ചു. അതിനിടെ ചൊവ്വാഴ്ച രാവിലെ വീണ്ടും അഗ്നിപര്‍വതം തീതുപ്പിയതോടെ, അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല് പതിറ്റാണ്ടിനിടെ ഇത്ര ഭയാനകമായ രീതിയില്‍ ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത് ഇതാദ്യമായാണ്.

ദുരന്തബാധിത പ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. വീണ്ടും സ്‌ഫോടന മുന്നറിയിപ്പുള്ളതിനാല്‍ ദുരന്തം ബാധിച്ച മുഴുവന്‍ പ്രദേശങ്ങളിലേക്കും ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. ഫ്യൂഗോ അഗ്നിപര്‍വതത്തിന്റെ തെക്ക് ഭാഗത്തേക്ക് ഇപ്പോഴും ശക്തമായ രീതിയില്‍ ലാവ ഒഴുകിക്കൊണ്ടിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. പത്ത് കിലോമീറ്റര്‍ ദൂരത്തേക്ക് വരെ അഗ്നിപര്‍വതത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ആകാശമാര്‍ഗം എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിന്ന് 30 കിലോമീറ്റര്‍ ദൂരെയുള്ള തലസ്ഥാനമായ ഗ്വാട്ടിമല സിറ്റിയില്‍ വരെ അവശിഷ്ടങ്ങള്‍ എത്തിയിട്ടുണ്ട്.

ചാരം മൂടിയ വീടുകള്‍ക്കുള്ളില്‍ പരിശോധന നടത്തുന്ന ദുരന്ത നിവാരണ സംഘത്തിലെ അംഗങ്ങള്‍

192 പേരെ ഇപ്പോഴും കണ്ടെത്തനായിട്ടില്ലെന്ന് ദുരന്ത നിവാരണ ഏജന്‍സി മേധാവി സെര്‍ജിയോ കബാനസ് പറഞ്ഞു. നിലവിലെ സാഹചര്യം അതീവ ഗുരുതരമാണ്. പൊട്ടിത്തെറിയുണ്ടായതിനെ തുടര്‍ന്ന് ചാരംമൂടിയ വീടുകളില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ദുഷ്‌കരമാകുന്നുണ്ട്. കഴിഞ്ഞ ദിവസം കുറച്ചുപേരുടെ മൃതദേഹങ്ങള്‍ കൂടി ദുരന്ത നിവാരണ ഏജന്‍സി കണ്ടെടുത്തിരുന്നു. ഇതില്‍ പല മൃതദേഹങ്ങളും ചാരം മൂടി തിരിച്ചറിയാനാകാത്ത വിധമായിട്ടുണ്ട്. ഒരു മണിക്കൂറില്‍ പത്തിലേറെ തവണ ഇപ്പോഴും അഗ്നിപര്‍വത്തിനുള്ളില്‍ സ്‌ഫോടനം നടക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. അതേസമയം, ഇനിയും ശക്തമായ രീതിയിലുള്ള സ്‌ഫോടനം ഉണ്ടാകില്ലെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

Latest