പാരീസിലെത്തിയ നെതന്യാഹുവിനെതിരെ പ്രതിഷേധം

ഗാസയിലെ കൂട്ടക്കുരുതിയുടെ പേരില്‍ യുദ്ധക്കുറ്റം ചുമത്തണമെന്ന്
Posted on: June 7, 2018 6:02 am | Last updated: June 6, 2018 at 10:46 pm
SHARE
നെതന്യാഹുവിനെതിരെ പാരീസില്‍ നടന്ന പ്രതിഷേധം

പാരീസ്: യൂറോപ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിലെത്തിയ ഇസ്‌റാഈല്‍ പ്രധാനമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമിരമ്പി. നിരപരാധികളായ ഫലസ്തീനികളെ വെടിവെച്ചു കൊല്ലുന്ന വിഷയത്തില്‍ നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്നും വിചാരണ ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഗാസയില്‍ അടുത്തിടെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്ന റസാന്‍ അല്‍നജ്ജാറിന്റെ ചിത്രമുള്‍പ്പടെയുള്ള ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഫലസ്തീന്‍ പതാക വീശി പ്രതിഷേധക്കാര്‍ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

തങ്ങളിവിടെ ഒരുമിച്ചു കൂടിയത് നെതന്യാഹുവിനോട് ഹലോ പറയാനാണ്. അതോടൊപ്പം, ഗാസ മുനമ്പില്‍ നിരപരാധികളായ ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തെയും ലോകത്തെയും അറിയിക്കാനും കൂടിയാണ് ഈ ഒത്തുകൂടിയിരിക്കുന്നതെന്ന് പ്രതിഷേധത്തിലേര്‍പ്പെട്ട 19കാരനായ വിദ്യാര്‍ഥി ആന്റണി വിളിച്ചുപറഞ്ഞു. ഫ്രഞ്ച്- ഇസ്‌റാഈല്‍ സംയുക്ത ശാസ്ത്ര, സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്യാനായിരുന്നു നെതന്യാഹു പാരീസിലെത്തിയതെങ്കിലും തെരുവുകളില്‍ മുഴുവന്‍ ഗാസയിലെ നിരപരാധികള്‍ക്ക് വേണ്ടി ഒത്തുകൂടിയവരെ കൊണ്ട് നിറഞ്ഞിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെ മുഴുവന്‍ കാറ്റില്‍പ്പറത്തി റസാന്‍ അല്‍നജ്ജാര്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ നടപടിയില്‍ ശക്തമായ ആശങ്കയുണ്ടെന്ന് പ്രതിഷേധത്തില്‍ പങ്കാളിയായ മറ്റൊരു മെഡിക്കല്‍ വിദ്യാര്‍ഥി പറഞ്ഞു. ഇസ്‌റാഈല്‍ കൊലയാളിയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇതിനോട് താദാത്മ്യപ്പെടുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധം പൊതുവെ സമാധാനപരമായിരുന്നു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും പോലീസുകാരും ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്.