Connect with us

Editorial

എല്ലാ മരുന്നുകള്‍ക്കും വിലനിയന്ത്രണം

Published

|

Last Updated

രാജ്യത്ത് വില്‍ക്കുന്ന എല്ലാ മരുന്നുകളെയും വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നിലവില്‍ 850 അവശ്യ മരുന്നുകള്‍ മാത്രമാണ് പട്ടികയില്‍ ഉള്ളത്. ഇത് രാജ്യത്തെ മരുന്നുവിപണിയുടെ 17 ശതമാനം മാത്രമേ വരൂ. വില നിയന്ത്രണ അതോറിറ്റിയുടെ പട്ടികയില്‍ ഇല്ലാത്ത മരുന്നുകള്‍ക്ക് വര്‍ഷാന്തം 10 ശതമാനം വരെ വില വര്‍ധിപ്പിക്കാന്‍ മരുന്നുകമ്പനികള്‍ക്ക് അനുവാദമുണ്ട്. ഇത് മൂലം ഇത്തരം മരുന്നുകള്‍ക്ക് വന്‍വിലയാണ് നല്‍കേണ്ടി വരുന്നത്. ഇതിന് പരിഹാരമായി നിതി ആയോഗിന്റെ നിര്‍ദേശാനുസരണം കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പാണ് മരുന്നുകളെ ഒന്നടങ്കം വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം സമര്‍പ്പിച്ചത്. ജൂണ്‍ അവസാനത്തോടെ പുതിയ മരുന്നുവില നിയന്ത്രണ നയം നിലവില്‍ വരുമെന്നാണ് സൂചന. മരുന്നു വിലയെ മൊത്ത വില സൂചികയുമായി ബന്ധിപ്പിക്കുകയായിരുന്നു വില നിയന്ത്രണത്തിന് സര്‍ക്കാര്‍ ആദ്യം കണ്ടിരുന്ന മാര്‍ഗം. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ മേഖല ഇതിനോട് ശക്തമായ വിയോജിപ്പ് പ്രകടിച്ച പശ്ചാത്തലത്തിലാണ് പുതിയ സൂചിക തയാറാക്കാനുള്ള നിര്‍ദേശം നല്‍കിയത്. ഇത് നടപ്പിലാകുന്നതോടെ സൂചികയുമായി പൊരുത്തപ്പെടുന്ന തരത്തില്‍ മാത്രമേ മരുന്ന് നിര്‍മാതാക്കള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

വികസ്വര രാജ്യങ്ങളില്‍ ഔഷധവില ഏറ്റവും കുറവായ രാജ്യമായിരുന്നു നേരത്തെ ഇന്ത്യ. 1972ല്‍ നടപ്പിലാക്കിയ ഉത്പാദനരീതി അടിസ്ഥാനമാക്കിയുള്ള പേറ്റന്റ് നിയമവും 1977 ലെ ഔഷധവില നിയന്ത്രണ നിയമവും, ഔഷധവ്യവസായത്തില്‍ വിദേശ മുതല്‍മുടക്കിനും മാര്‍ക്കറ്റിംഗ് രീതികള്‍ക്കുമുണ്ടായിരുന്ന നിയന്ത്രണവുമായിരുന്നു കാരണം. വിദേശ നിക്ഷേപ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യന്‍ പൊതുസ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായ നയം സ്വീകരിച്ചതിനാല്‍ മിക്ക അവശ്യമരുന്നുകളും ഉത്പാദിപ്പിക്കാനുള്ള ആഭ്യന്തര സാങ്കേതിക ശേഷി കൈവരിക്കാനും രാജ്യത്തിന് സാധിച്ചു. ആഗോള വിപണിയിലെ ബഹുരാഷ്ട്രകുത്തക കമ്പനികളുടെ മരുന്നുകളേക്കാള്‍ വളര കുറഞ്ഞ വിലക്കാണ് ഇന്ത്യന്‍ കമ്പനികള്‍ വില്‍പന നടത്തിയിരുന്നത്. വികസ്വര രാജ്യങ്ങള്‍ക്കാവശ്യമായ ജീവന്‍രക്ഷാ ഔഷധങ്ങളുടെ 40 ശതമാനത്തോളം നല്‍കിയിരുന്നതും ഇന്ത്യന്‍ കമ്പനികളായിരുന്നു. വികസ്വര രാജ്യങ്ങളുടെ ഫാര്‍മസി എന്നായിരുന്നു ലോകാരോഗ്യസംഘടന അന്ന് ഇന്ത്യയെ വിശേഷിപ്പിച്ചിരുന്നത്.

2005ല്‍ ലോകവ്യാപാര സംഘടനയുടെ സമ്മര്‍ദത്തതിന് വഴങ്ങി ഇന്ത്യന്‍ പേറ്റന്റ് നിയമം പുതുക്കിയതോടെയാണ് രാജ്യത്ത് മരുന്നു വില ക്രമാതീതമായി ഉയരാന്‍ തുടങ്ങിയത്. ഉത്പാദനത്തിന് പകരം ഉത്പന്നത്തെ അടിസ്ഥാനമാക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ പേറ്റന്റ് നിയമം. മാത്രമല്ല പേറ്റന്റ് കാലാവധി ഏഴ് വര്‍ഷത്തില്‍ നിന്നു 20 ആക്കി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ വിദേശരാജ്യങ്ങളില്‍ പേറ്റന്റ് ചെയ്യപ്പെടുന്ന നവീന ഔഷധങ്ങള്‍ മറ്റൊരു ഉത്പാദനരീതിയിലൂടെ നിര്‍മിച്ച് വിലകുറച്ചു വില്‍ക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കാതായി. വിദേശത്ത് പേറ്റന്റ് ചെയ്യപ്പെടുന്ന മരുന്നുകള്‍ ബഹുരാഷ്ട്ര മരുന്നു കമ്പനികള്‍ക്ക് ഇഷ്ടമുള്ള വിലക്ക് 20 വര്‍ഷക്കാലം ഇന്ത്യയില്‍ വില്‍ക്കാനും കഴിയുന്നു. രാജ്യത്തെ മരുന്നു വിപണി വിദേശ കമ്പനികള്‍ നിയന്ത്രിക്കുന്ന അവസ്ഥ വന്നതോടെയാണ് വില കുത്തനെ ഉയരാന്‍ തുടങ്ങിയത്. മാത്രമല്ല, ഗുണ നിലവാരമില്ലാത്തതിനാല്‍ വിദേശ രാജ്യങ്ങള്‍ നിരോധിച്ച മരുന്നുകള്‍ വിറ്റഴിക്കാനുള്ള വിപണിയായും അവര്‍ ഇന്ത്യയെ ഉപയോഗപ്പെടുത്തി. അമേരിക്കയില്‍ നിരോധിച്ച പല മരുന്നുകളും ഇവിടെ സുലഭമാണ്. രാജ്യത്ത് വിറ്റഴിക്കുന്ന മരുന്നുകളുടെ 60 ശതമാനവും നിര്‍മിക്കുന്നതോ, അതിനുള്ള പേറ്റന്റുള്ളതോ അമേരിക്കന്‍, ബ്രിട്ടീഷ് കമ്പനികള്‍ക്കാണ്.

ബ്രാന്‍ഡഡ് കമ്പനിയുടെ കൊള്ള വിലയില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാനായി, ഡോക്ടര്‍മാര്‍ മരുന്നു കുറിച്ചു കൊടുക്കുമ്പോള്‍ ബ്രാന്‍ഡ്‌നാമത്തിനുപകരം ജെനറിക് നാമമേ എഴുതാവൂ എന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഉത്തരവിറക്കിയിരുന്നു. ആ നിര്‍ദേശം മരുന്നു കമ്പനികളും ഡോക്ടര്‍മാരും ചേര്‍ന്നു അട്ടിമറിക്കുകയും ചെയ്തു. ജെനറിക് മരുന്നുകള്‍ക്ക് ബ്രാന്റഡ് കമ്പനികളെ അപേക്ഷിച്ചു ഏറെ വിലക്കുറവായതിനാല്‍ സാധാരണക്കാരായ രോഗിക്കള്‍ക്ക് ഏറെ ആശ്വാസമായിരുന്നു കൗണ്‍സിലിന്റെ ഉത്തരവ്. എന്നാല്‍ ജെനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കഴിയില്ലെന്നു പറഞ്ഞു മിക്ക ഡോക്ടര്‍മാരും ബ്രാന്‍ഡ് നാമം തന്നെയാണ് കുറിപ്പടികളില്‍ എഴുതുന്നത്. ഗുണമേന്മയുള്ള ജെനറിക് ഔഷധനിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള ഇന്ത്യന്‍ കമ്പനികളുടെ വിലകുറഞ്ഞ മരുന്നുകള്‍ ഒട്ടേറെ അവികസിതരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നുണ്ടെന്നിരിക്കെയാണ് കുത്തക മരുന്നു കമ്പനികളില്‍ നിന്നുള്ള ആനുകൂല്യങ്ങളിലും ഓഫറുകളിലും ആകൃഷ്ടരായി മെഡിക്കല്‍ കൗണ്‍സില്‍ ഉത്തരവിനോട് ഇവര്‍ പുറം തിരിയുന്നത്. ഇതിന് ഒരു പരിധിയെങ്കിലും തടയിടാനാവുമെന്ന പ്രതീക്ഷയിലാണ് 2013-ല്‍ 850 മരുന്നുകള്‍ക്ക് വിലനിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട ചേരുവകളുടെ പേരിനൊപ്പം പുതിയ പേര് കൂടി ചേര്‍ത്തുള്ള മരുന്നുകള്‍ വിപണിയിലെത്തിച്ചു ഔഷധ ലോബി ഈ നിയന്ത്രണത്തെയും അപ്രസക്തമാക്കി. പഴയ മരുന്നിനേക്കാള്‍ മൂന്നും നാലും ഇരട്ടി വിലയാണ് ഇവക്ക് ഈടാക്കിയത്. എല്ലാ മരുന്നുകളും വിലനിയന്ത്രണ പട്ടികയില്‍ വരുന്നതോടെ കമ്പനികളുടെ ചൂഷണവും കൊള്ളയും തടയാനാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ, ഇതിനെ മറികടക്കാനുള്ള പുതിയ തന്ത്രം മരുന്നു കമ്പനികളും ഔഷധ ലോബിയും അണിയറയില്‍ ആസൂത്രണം ചെയ്യുന്നുണ്ടാകണം.

Latest