Connect with us

Articles

സത്കാരം: ചില പാഠങ്ങള്‍

Published

|

Last Updated

അതിഥി സത്കാരം മഹത്വമുള്ള പുണ്യകര്‍മമാണ്. സഹോദരനെ സ്വീകരിച്ച് വിഭവങ്ങള്‍ ഒരുക്കി സത്കരിച്ചാല്‍ ആതിഥ്യമരുളിയവന് ലഭിക്കുന്ന പ്രതിഫലം പറഞ്ഞറിയിക്കാവുന്നതിലുമപ്പുറമാണ്. നബി(സ) പറഞ്ഞു: “അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ അതിഥികളെ ആദരിച്ച് സത്കരിക്കട്ടെ”(ബുഖാരി). “നിങ്ങള്‍ അതിഥികളെ വിഷമിപ്പിക്കരുത്”, “അതിഥികളെ വെറുപ്പിച്ചവന്‍ അല്ലാഹുവിനെ വെറുപ്പിച്ചു.” “അതിഥിയെ സത്കരിക്കാത്തവന് ക്ഷേമമില്ല” തുടങ്ങിയ ഹദീസുകള്‍ അതിഥി സത്കാരത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു.

വിരുന്നുകാരന്‍ വീട്ടിലെത്തിയാല്‍ യാതൊരു പ്രയാസവുമില്ലാത്ത വിധം സത്കരിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണ്. ഹസ്‌റത്ത് ഇബ്‌റാഹീം(അ) സത്കാരത്തില്‍ അതീവ തത്പരനായിരുന്നു. ഇബ്‌റാഹീം നബിയുടെ ഈ ആവേശം കൊണ്ടുതന്നെയാണ് മഹാനവര്‍കള്‍ക്ക് അബുള്ളീഫാന്‍ (അതിഥികളുടെ പിതാവ്) എന്ന പേരു ലഭിച്ചത്. ഇമാം ഗസാലി(റ) പറയുന്നു: “ഇക്കാര്യത്തിലുള്ള ആത്മാര്‍ഥത നിമിത്തം ഇബ്‌റാഹീം(അ) അന്ത്യവിശ്രമം കൊള്ളുന്ന ഹിബ്രോണ്‍ കുന്നിലെ വിശുദ്ധ ഖബറിടത്തില്‍ ഇന്നുവരെ വിരുന്ന് സത്കാരം നിലച്ചിട്ടില്ല. മൂന്ന് മുതല്‍ പത്ത് വരെയും ചിലപ്പോള്‍ നൂറിലധികം അതിഥി സംഘങ്ങള്‍ അവിടെ വെച്ച് ആഹാരം കഴിക്കാത്ത ഒരു രാത്രിയും കഴിഞ്ഞുപോയിട്ടില്ല”(ഇഹ്‌യ 2/13). നബി(സ)യോട് ചോദിച്ചു: ഈമാന്‍ എന്നാല്‍ എന്താണ്? “ഭക്ഷിപ്പിക്കലും സലാം പറയലുമാ”ണെന്നായിരുന്നു മറുപടി. ഭക്ഷണം നല്‍കലും രാത്രിനിസ്‌കാരവും പാപം പൊറുപ്പിക്കാനുള്ള പ്രായശ്ചിത്തമാണെന്നും നബി(സ) പറഞ്ഞിട്ടുണ്ട്. അനസ്(റ) പറയുന്നു: “അതിഥികള്‍ പ്രവേശിക്കാത്ത വീട്ടില്‍ മലക്കുകളും പ്രവേശിക്കില്ല.

സത്കാരം വിരുന്നുകാരനോടുള്ള ബഹുമാനമാണ്. ബഹുമാനത്തോടെ ക്ഷണിച്ച് സത്കരിച്ചാലേ വീട്ടുകാരന്‍ കടമ നിറവേറ്റിയവനാകൂ. അടുത്ത കാലത്തായി നമുക്കിടയില്‍ കണ്ടുവരുന്ന ബുഫെ സംസ്‌കാരം ഇതിനോട് എത്രമാത്രം നീതി പുലര്‍ത്തുന്നു എന്നാലോചിക്കേണ്ടതുണ്ട്. ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന ആതിഥ്യ മര്യാദകള്‍ ബുഫെയിലൂടെ അവഗണിക്കപ്പെടുന്നില്ലേ? പലപ്പോഴും അതിഥികള്‍ തനിച്ചിരുന്ന് ഭക്ഷണം കഴിക്കേണ്ട സാഹചര്യം ബുഫെകളില്‍ കണ്ടുവരുന്നു. കൂട്ടമായിരുന്ന് ഭക്ഷിക്കുന്നതിനെ ബറകതുള്ളതായി കണക്കാക്കുന്നതാണ് ഇസ്‌ലാമിക ഭോജന സംസ്‌കാരം.

ഇസ്‌ലാം ആതിഥ്യമര്യാദകളായി എണ്ണുന്ന നിരവധി കാര്യങ്ങള്‍ ബുഫെയില്‍ നഷ്ടപ്പെടുന്നു. അതിഥിയെ ഭക്ഷണത്തിന് വേണ്ടി അലയാന്‍ വിടുന്നു, സ്വന്തമായി ഭക്ഷണം വിളമ്പേണ്ടി വരുന്നു, ഇരിപ്പിടം സ്വയം കണ്ടെത്തേണ്ടി വരുന്നു, പലയിടങ്ങളിലും നിന്നുതന്നെ ഭക്ഷിക്കേണ്ടി വരുന്നു, സ്ത്രീ പുരുഷന്മാര്‍ പരസ്പരം കൂടിക്കലരുന്നു, അതിഥിക്ക് വിഭവങ്ങളെല്ലാം ഒറ്റ സ്ഥലത്ത് വെച്ച് തന്നെ ലഭിക്കാതെ വരുന്നു, ഇതുവഴി പലപ്പോഴും അതിഥി പൂര്‍ണ സംതൃപ്തനാവാതെ മടങ്ങുന്നു. ഇങ്ങനെ തുടങ്ങി ഒട്ടനവധി സുന്നത്തുകള്‍ ഒഴിവാകുകയാണ്. റമസാനിന്റെ ആഗമനത്തോടെ അതിഥി സത്കാരത്തിനുള്ള സാധ്യതകള്‍ ഏറുകയാണ്. ഈ ഘട്ടത്തില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അതിഥിയും ആതിഥേയനും പാലിക്കേണ്ട ചിട്ടവട്ടങ്ങള്‍ പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നുണ്ട്. അവയെല്ലാം പാലിച്ചുകൊണ്ട് സത്കാരത്തിനൊരുങ്ങിയാലേ അത് സ്വീകാര്യവും പ്രതിഫലാര്‍ഹവുമാകുകയുള്ളൂ. ഇമാം ഗസാലി(റ) ഇഹ്‌യയില്‍ സത്കാരത്തിനുള്ള നിരവധി മര്യാദകള്‍ എടുത്തുപറയുന്നുണ്ട്. അതിഥി ദൈവഭക്തിയുള്ളവനാണെന്ന് ശ്രദ്ധിക്കണം. ദുര്‍മാര്‍ഗികളെ സ്വീകരിക്കരുത്. കാരണം, ദൈവഭക്തിയുള്ളവനെ ഭക്ഷിപ്പിക്കല്‍ അവന്റെ ഭക്തിയുടെ മേല്‍ സഹായിക്കലും ദുര്‍നടപ്പുകാരനെ സത്കരിക്കല്‍ അവന്റെ തെമ്മാടിത്തരത്തെ അംഗീകരിക്കലുമാണ്. നബി(സ) പറഞ്ഞിട്ടുണ്ട്: “നീ ഭക്തിയുള്ളവരുടെ ഭക്ഷണം മാത്രം കഴിക്കുക. നിന്റെ ഭക്ഷണവും ദൈവഭക്തിയുള്ളവര്‍ മാത്രം കഴിച്ചുകൊള്ളട്ടെ.” പാവപ്പെട്ടവരെ അതിഥികളായി സ്വീകരിക്കുന്നതാണ് നല്ലത്. എന്നല്ല, സാധുക്കളെ പ്രത്യേകമായി പരിഗണിക്കുക തന്നെ വേണം. നബി തങ്ങള്‍ പറഞ്ഞു: പാവപ്പെട്ടവരെ ഒഴിവാക്കി സമ്പന്നരെ മാത്രം സത്കരിച്ച് നല്‍കുന്ന ഭക്ഷണമാണ് ഏറ്റവും ചീത്തയായ ഭക്ഷണം. സത്കാരം നടത്തുമ്പോള്‍ സ്വന്തം കുടുംബങ്ങളെയും ക്ഷണിച്ചു വരുത്തണം. സുഹൃത്തുക്കളെയും പരിചയക്കാരെയും വിളിക്കാന്‍ മറക്കരുത്.

വിരുന്നുകാരെ സ്വീകരിക്കുന്നത് ആത്മപ്രശംസക്കോ പെരുമ കാണിക്കാനോ ആകരുത്. അതിഥിയുടെ മനഃസംതൃപ്തിയും പ്രവാചകചര്യ നടപ്പാക്കലുമായിരിക്കണം ലക്ഷ്യം. ക്ഷണം സ്വീകരിക്കാന്‍ പ്രയാസമുള്ളവരെ ക്ഷണിക്കരുത്. ക്ഷണം സ്വീകരിക്കാന്‍ തനിക്ക് സാധിച്ചില്ലല്ലോ എന്ന ഖേദം അവന്റെ മനസ്സ് വേദനിപ്പിക്കാനിടയുണ്ട്. അതുപോലെ, ക്ഷണിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത്തരക്കാരെയും ക്ഷണിക്കരുത്.
ആതിഥ്യം സ്വീകരിക്കല്‍ ശക്തമായ സുന്നത്താണ്. നിര്‍ബന്ധമാണെന്നും അഭിപ്രായമുണ്ട്. നബി(സ) പറഞ്ഞു: ക്ഷണം സ്വീകരിക്കാത്തവന്‍ അല്ലാഹുവിനോടും നബിയോടും അനുസരണക്കേട് കാണിച്ചവനാണ്(ബുഖാരി, മുസ്‌ലിം). അബൂതുറാബി ന്നഖ്ശബി(റ) പറയുന്നു: എന്നെ ഒരിക്കല്‍ സത്കരിക്കപ്പെട്ടു. പക്ഷേ ഞാനത് തിരസ്‌കരിച്ചു. അക്കാരണത്താല്‍ 14 ദിവസം ഞാന്‍ വിശപ്പ് മൂലം പരീക്ഷിക്കപ്പെട്ടു (ഇഹ്‌യ 2/14).

ക്ഷണം സ്വീകരിക്കുന്നതിന് അഞ്ച് മര്യാദകള്‍ ഇഹ്‌യാ ഉലൂമിദ്ദീനില്‍ കാണാം. ഒന്ന്, പാവപ്പെട്ടവര്‍ ക്ഷണിച്ചാല്‍ സ്വീകരിക്കാതെ ധനികരുടെ ക്ഷണം മാത്രം സ്വീകരിക്കുന്ന മനോഭാവം ഇല്ലാതിരിക്കുക. അത് നിരോധിക്കപ്പെട്ടതും ഉപേക്ഷിക്കേണ്ടതുമാണ്. അങ്ങനെ ചെയ്യുന്നവര്‍ അഹങ്കാരികളും തിരുചര്യക്കെതിരെ പ്രവര്‍ത്തിക്കുന്നവരുമാണ്. നബി(സ) അടിമകളുടെയും സാധുക്കളുടെയും ക്ഷണം സ്വീകരിച്ചിരുന്നുവെന്ന് അനസ്(റ) വില്‍ നിന്ന് തുര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം.

ഹസന്‍(റ) ഒരു യാത്രയില്‍ യാചകന്മാരായ ഒരു കൂട്ടം സാധുക്കള്‍ ഭക്ഷണം കഴിക്കുന്നതിനരികിലൂടെ കടന്നു പോകാനിടയായി. നിലത്ത് മണല്‍ പരപ്പില്‍ പരന്നിരിക്കുന്ന ആ സംഘത്തെ ഹസന്‍(റ) സലാം പറഞ്ഞ് അഭിമുഖീകരിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: “പ്രവാചകപൗത്രാ, വരൂ, ഭക്ഷണം കഴിക്കാന്‍ ഇറങ്ങി വരൂ.” ഹസന്‍(റ) ആ ക്ഷണം സ്വീകരിച്ചു കൊണ്ട് അവരോട് പ്രതിവചിച്ചു: “നിശ്ചയം അല്ലാഹു അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല.” അദ്ദേഹം അവിടെയിറങ്ങി. അവരോടൊപ്പം മണ്ണില്‍ തന്നെയിരുന്നു കൊണ്ട് കൂട്ടത്തില്‍ ഭക്ഷണം കഴിക്കുകയും ചെയ്തു. “ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ ക്ഷണം സ്വീകരിച്ചിരിക്കുന്നു. നിങ്ങളെ ഞാന്‍ എന്റെ വീട്ടിലേക്കും ക്ഷണിക്കുന്നു. നിങ്ങള്‍ എന്റെ ക്ഷണവും സ്വീകരിക്കണം.”അങ്ങനെ അവര്‍ക്ക് പ്രത്യേക സമയം നിശ്ചയിച്ച് അവരെ അതിവിശിഷ്ടമായി സത്കരിച്ച് സ്വാദിഷ്ട വിഭവങ്ങള്‍ തന്നെ നല്‍കുകയും ചെയ്തു. അവരോടൊപ്പം തന്നെയിരുന്ന് കഴിക്കുകയും ചെയ്തു. പൊതുവെ എത്തിച്ചേരാന്‍ സാധിക്കുന്ന ദൂരപരിധിയിലുള്ളവരുടെ ക്ഷണം സ്വീകരിക്കണം.

മൂന്നാമത്തെ മര്യാദ സുന്നത്ത് നോമ്പുനോറ്റതിന് വേണ്ടി ക്ഷണം സ്വീകരിക്കാതിരിക്കരുത് എന്നതാണ്. നോമ്പുകാരനാണെങ്കിലും ക്ഷണം സ്വീകരിക്കണം. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) വിശദീകരിക്കുന്നു: ശക്തമായ സുന്നത്ത് നോമ്പാണെങ്കിലും നോമ്പുകാരനായ അതിഥി ഭക്ഷണം കഴിക്കാതിരിക്കല്‍ ആതിഥേയനെ വിഷമിപ്പിക്കുമെങ്കില്‍ അവനെ തൃപ്തിപ്പെടുത്താന്‍ അവന്റെ ഭക്ഷണം കഴിക്കല്‍ സുന്നത്താണ്. കാരണം ഈയവസരത്തില്‍ നോമ്പ് മുറിക്കാന്‍ നബി(സ) കല്‍പ്പിച്ചിട്ടുണ്ട്(ഫത്ഹുല്‍ മുഈന്‍ 381). ആതിഥേയന് വിഷമമനുഭവപ്പെടില്ലെങ്കില്‍ നോമ്പ് മുറിക്കല്‍ സുന്നത്തില്ല. പൂര്‍ത്തീകരിക്കല്‍ തന്നെയാണ് നല്ലത്. നോമ്പ് മുറിക്കുമ്പോള്‍ ആതിഥേയനെ തൃപ്തിപ്പെടുത്തുന്നുവെന്ന് കരുതിയാല്‍ പ്രതിഫലം ഏറെക്കിട്ടും.

ആതിഥ്യം സ്വീകരിക്കുന്നതിന്റെ നാലാമത്തെ മര്യാദയായി ഇമാം ഗസാലി(റ) കുറിക്കുന്നു. ഭക്ഷണം നല്ലതോ ചീത്തയോ(അനുവദനീയമായതോ നിഷിദ്ധമായതോ) എന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണെങ്കില്‍ പങ്കെടുക്കരുത്. ഭക്ഷണം നിഷിദ്ധ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചതാണോ അല്ലയോ എന്ന് തിരിച്ചറിയാതിരിക്കുമ്പോള്‍ വിരുന്നുകാരന്‍ ഹറാമായ ഭക്ഷണം കഴിക്കാനുള്ള സാധ്യത വരുന്നു. സത്കാരം നടക്കുന്നത് അപഹരിക്കപ്പെട്ടയിടങ്ങളിലോ നിഷിദ്ധമാര്‍ഗങ്ങളിലൂടെ നേടിയെടുത്ത സുപ്രകളിലോ ആണെങ്കിലും സത്കാരം ഉപേക്ഷിക്കണം. ഏഷണി, പരദൂഷണം, കളവ് പോലുള്ളവ കേള്‍ക്കാനിട വരല്‍, വെറും ഭൗതികമായ കളിതമാശയും വിനോദങ്ങളും മാത്രം ആസ്വദിക്കേണ്ടിവരല്‍ എന്നിവയെല്ലാം ആതിഥ്യം നിരസിക്കാവുന്ന സാഹചര്യങ്ങളാണ്. ആതിഥേയന്‍ അക്രമിയോ ദുര്‍നടപ്പുകാരനോ പുത്തന്‍വാദിയോ ആണെങ്കിലും ക്ഷണം സ്വീകരിക്കാന്‍ പാടില്ല.

ക്ഷണം സ്വീകരിക്കുന്നത് കൊണ്ട് വയറുനിറക്കുക എന്നു മാത്രം ഉദ്ദേശിക്കരുത്. തിരുചര്യ അനുധാവനം ചെയ്യലും സ്രഷ്ടാവിനോടുള്ള അനുസരണക്കേടിനെ സൂക്ഷിക്കലും സഹോദരനെ ബഹുമാനിക്കലും സന്തോഷിപ്പിക്കലും അവന്റെ മനഃസംതൃപ്തി നേടിയെടുക്കലുമാണ് ക്ഷണം സ്വീകരിക്കുന്നതിലൂടെ ഉദ്ദേശിക്കേണ്ടത്. അതോടൊപ്പം അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സാഹോദര്യ ബന്ധം ദൃഢപ്പെടുത്താന്‍ ഉതകുന്നതുമായിരിക്കണം സന്ദര്‍ശനം. ഇത്തരം സദുദ്ദേശ്യങ്ങള്‍ കരുതി ആതിഥ്യമരുളുമ്പോള്‍ അതൊരു ആരാധനയായി മാറുന്നു. ക്ഷണം സ്വീകരിച്ച് ഹാജരായാല്‍ അവനെ സലാം ചൊല്ലി സ്വീകരിക്കണം. വീട്ടില്‍ കയറ്റിയിരുത്തി സൗകര്യപ്രദമായ മുറികള്‍ തയാര്‍ ചെയ്തു കൊടുക്കണം. ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ് തന്നെ ധൃതിയില്‍ വിളിച്ചുവരുത്തി അവന്റെ സമയം പാഴാക്കരുത്.

വിരുന്നുകാരന്‍ വീട്ടിലെ സ്ത്രീകളുടെ മുറികള്‍ക്ക് അഭിമുഖമായി ഇരിക്കരുത്. കയറി ഇരുന്നാല്‍ ഭക്ഷണം വിളമ്പുന്ന ഭാഗത്തേക്ക് കണ്ണും നട്ടിരിക്കുകയുമരുത്. അത് ആര്‍ത്തിയുടെ ലക്ഷണമാണ്. പാര്‍ക്കാന്‍ വന്ന അതിഥിയാണെങ്കില്‍ അവന് ഖിബ്‌ലയുടെ ദിശയും വുളൂ ചെയ്യുന്ന സ്ഥലവും മറ്റു പ്രാഥമിക കര്‍മങ്ങള്‍ക്കുള്ള സൗകര്യവുമെല്ലാം വീട്ടുകാരന്‍ പരിചയപ്പെടുത്തി കൊടുക്കണം. ഇമാം മാലിക്(റ) ശിഷ്യനായ ഇമാം ശാഫിഈ(റ)യെ അതിഥിയായി സത്കരിച്ചപ്പോള്‍ ഇത്യാദി കാര്യങ്ങള്‍ മനസ്സിലാക്കി കൊടുത്തിരുന്നു.

ഭക്ഷണം നല്‍കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഒന്ന്, പെട്ടെന്ന് തന്നെ ഭക്ഷണം നല്‍കണം. അത് അവനെ ബഹുമാനിക്കുന്നതിന്റെ ഭാഗമാണ്. അതിഥികളില്‍ ഒന്നോ രണ്ടോ പേര്‍ കൃത്യസമയത്ത് എത്തിയിട്ടില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി വൈകിക്കുന്നത് ശരിയല്ല. വിശേഷിച്ചും നോമ്പുതുറ സത്കാരങ്ങളില്‍. “എത്താനുള്ള വ്യക്തിക്ക് മനോവിഷമമുണ്ടാകുമെങ്കില്‍, അല്ലെങ്കില്‍ അദ്ദേഹം വിശിഷ്ടാതിഥിയോ മറ്റോ ആണെങ്കില്‍ സദ്യ പിന്തിക്കുന്നതില്‍ കുഴപ്പമില്ല”(ഇത്ഹാഫ് 5/12). ധൃതി കാണിക്കല്‍ പൈശാചികമാണെങ്കിലും അഞ്ച് കാര്യങ്ങളില്‍ ധൃതി അത്യാവശ്യമാണ്. ഹാതിമുല്‍ അസ്വമ്മ്(റ) അവയെ വിവരിക്കുന്നതിങ്ങനെ: അതിഥിക്ക് സദ്യ വിളമ്പല്‍, ജനാസയെ സംസ്‌കരിക്കല്‍, പ്രായമെത്തിയ കന്യകയെ വിവാഹം കഴിച്ച് കൊടുക്കല്‍, കടങ്ങള്‍ വീട്ടല്‍, തെറ്റുകള്‍ ചെയ്താല്‍ തൗബ ചെയ്യല്‍ എന്നീ കാര്യങ്ങളില്‍ ധൃതി കാണിക്കല്‍ തിരുചര്യയാണ് (ഹില്‍യതുല്‍ ഔലിയാഅ്).

ഭക്ഷണം നല്‍കുമ്പോള്‍ ആദ്യം വിളമ്പേണ്ടത് പഴവര്‍ഗങ്ങളാണ്(ഉണ്ടെങ്കില്‍). പഴങ്ങള്‍ക്കു ശേഷമായാണ് റൊട്ടിയുടെയും മാംസത്തിന്റെയും മറ്റു വിഭവങ്ങളുടെയുമെല്ലാം സ്ഥാനം. മാംസം കൊണ്ട് സത്കരിക്കണമെന്ന് ഖുര്‍ആന്‍ ദ്യോതിപ്പിക്കുന്നുണ്ട്. ഇബ്‌റാഹീം നബി(അ)യുടെ സത്കാരത്തിന്റെ പ്രധാന വിഭവം മാംസമായിരുന്നു. ഏറ്റവുമൊടുവില്‍ മധുരപലഹാരങ്ങള്‍ കൂടി നല്‍കിയാല്‍ കൂടുതല്‍ ഹൃദ്യവും മധുരമുള്ളതുമാവും സദ്യ. തുടര്‍ന്ന് തണുത്ത വെള്ളവും. തത്വചിന്തകരില്‍ ചിലര്‍ പറഞ്ഞു: “ഭക്ഷണശേഷമുള്ള പലഹാരങ്ങളാണ് എണ്ണമറ്റ വിഭവങ്ങളേക്കാള്‍ ശ്രേഷ്ഠം.
ഭക്ഷണം കഴിക്കുമ്പോള്‍ അതിഥികളുടെ കൂടെ ഇരിക്കണം. ആവശ്യത്തിനനുസരിച്ച് വീണ്ടും വിളമ്പിക്കൊടുത്ത് അതിഥിയെ തൃപ്തിപ്പെടുത്തണം. കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും കഴിക്കാന്‍ പറയണം. അവന് മതിവരുവോളം കഴിക്കാനുള്ള സൗകര്യവും സ്വാതന്ത്ര്യവും കൊടുക്കണം. ഒരു സേവകനായിരിക്കണം ആതിഥേയന്റെ റോള്‍. വിരുന്നുകാരനെ കൊണ്ട് പണിയെടുപ്പിക്കരുത്. പെട്ടെന്ന് സുപ്ര എടുത്തുമാറ്റരുത്. എല്ലാവരും കഴിച്ചു സംതൃപ്തരായി എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം എടുത്തുമാറ്റുക. ഏറ്റവുമൊടുവിലാണ് വീട്ടുകാരന്‍ എണീക്കേണ്ടത്.

സദ്യ പിരിച്ചു വിടുമ്പോഴുമുണ്ട് ചില മര്യാദകള്‍. വിരുന്നുകാരന്റെ കൂടെ വീട്ടുപരിധി വരെ പോയി സന്തോഷത്തോടെയാകണം യാത്രയാക്കേണ്ടത്. നബി(സ) പറഞ്ഞു: “ആതിഥ്യമര്യാദയില്‍ പെട്ടതാണ് അതിഥിയെ പടിപ്പുര വരെ അനുഗമിക്കല്‍. ആത്മ സംതൃപ്തിയോടെയാവണം അവന്‍ പിരിഞ്ഞു പോവേണ്ടത്. ഒപ്പം ആതിഥേയനെ സന്തോഷിപ്പിച്ചു കൊണ്ടും. വല്ല പോരായ്മകളും അനുഭവിച്ചിട്ടുണ്ടെങ്കില്‍ പോലും അതിന്റെ പേരില്‍ വീട്ടുകാരനെ വിഷമിപ്പിക്കരുത്.

മൂന്ന് ദിവസം വരെ വിരുന്നുകാരന് സൗകര്യം ചെയ്തു കൊടുക്കണം. വിരുന്നുകാരന്റെ കാലാവധി മൂന്ന് ദിവസമാണ്. അതിഥിക്കുള്ള പ്രത്യേക പരിഗണന ഒരു ദിവസം മാത്രം നല്‍കിയാല്‍ മതി. നബി(സ) പറയുന്നതായി അബൂശുറൈഹില്‍ ഖുസാഈ(റ) ഉദ്ധരിക്കുന്നു: ഒരു മുസ്‌ലിം തന്റെ സുഹൃത്തിനെ കുറ്റത്തില്‍ അകപ്പെടുത്തുവോളം അവന്റെയടുത്ത് താമസിക്കരുത്. സ്വഹാബികള്‍ ചോദിച്ചു: “എങ്ങനെയാണ് മുസ്‌ലിം, സഹോദരനെ കുറ്റത്തിലകപ്പെടുത്തുക? നബി(സ) പറഞ്ഞു: “അതിഥിയെ സത്കരിക്കാനുള്ള ഒന്നും സുഹൃത്തിന്റെ കയ്യില്‍ ഇല്ലാതിരിക്കെ അവന്റെയടുത്ത് താമസിച്ചാല്‍ അവനെ കുറ്റത്തിലകപ്പെടുത്തി. (മുസ്‌ലിം).

Latest