റമസാന്റെ ആദ്യ പകുതിയില്‍ വാഹനാപകട മരണങ്ങള്‍ 16

Posted on: June 6, 2018 10:14 pm | Last updated: June 6, 2018 at 10:14 pm
SHARE

ദുബൈ: റമസാന്‍ നാളുകളിലെ ആദ്യത്തെ 15 ദിവസങ്ങളില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ 16 പേര്‍ മരിച്ചതായി അധികൃതര്‍. യു എ ഇയിലുണ്ടായ മറ്റ് അപകടങ്ങളില്‍ 136 പേര്‍ക്ക് മാരകമായി പരിക്ക് പറ്റിയതായും അധികൃതര്‍ വ്യക്തമാക്കി.

റമസാന്‍ മാസം ആരംഭിച്ചതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ 111 അപകടങ്ങളിലാണ് അപകട മരണങ്ങള്‍ ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ട്രാഫിക്ക് കോര്‍ഡിനേഷന്‍ ഡയറക്ടറേറ്റ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 38 ശതമാനം കുറവാണ് അപകട മരണങ്ങളില്‍ രേഖപെടുത്തിയിട്ടുള്ളതെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 26 പേരാണ് വിവിധ അപകടങ്ങളില്‍ മരണപ്പെട്ടത്.

അപകടങ്ങളില്‍ പരിക്ക് പറ്റുന്നവരുടെ എണ്ണവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ് രേഖപ്പെടുത്തിയത്. ഇതേ കാലയളവില്‍ 237 പേര്‍ക്കാണ് പരിക്ക് പറ്റിയതെങ്കില്‍ 136 പേര്‍ക്കാണ് ഈ വര്‍ഷം പരിക്ക് പറ്റിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണം. സിഗ്‌നല്‍ നല്‍കാതെ പെട്ടന്ന് വാഹനം വെട്ടി തിരിച്ചു ലൈന്‍ ചെയ്ഞ്ച് ചെയ്തതിനെ തുടര്‍ന്ന് 38 അപകടങ്ങളാണ് ഉണ്ടായത്. മതിയായ അകലം പാലിക്കാത്തത് മൂലം 16 അപകടങ്ങളാണ് ഉണ്ടായതെന്നും അധികൃതര്‍ അറിയിച്ചു. അശ്രദ്ധമൂലം 14 അപകടങ്ങളുണ്ടായി. അപകടകരമായി വാഹനമോടിച്ചതിനെ തുടര്‍ന്ന് 12 ഗുരുതര അപകടങ്ങളുമുണ്ടായെന്ന് അധികൃതര്‍ വ്യക്തമാക്കി. 31 അപകടങ്ങള്‍ മറ്റ് കാരണങ്ങള്‍ മൂലമാണ്.

റമസാന്‍ മാസത്തില്‍ പകല്‍ സമയങ്ങളില്‍ അശ്രദ്ധമായും നിയമങ്ങള്‍ പാലിക്കാതെയും വാഹനമോടിക്കുന്നത് മൂലമാണ് അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ട്രാഫിക്ക് കോര്‍ഡിനേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ അബ്ദുല്ല അല്‍ കഅബി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here