Connect with us

Gulf

ഷാര്‍ജ തീരത്ത് കപ്പലില്‍ കുടുങ്ങിയ 11 ഇന്ത്യന്‍ നാവികരെ നാട്ടിലെത്തിച്ചു

Published

|

Last Updated

ദുബൈ: ഷാര്‍ജ തീരത്ത് കടലില്‍ കപ്പലില്‍ കുടുങ്ങിയ 11 ഇന്ത്യന്‍ നാവികരെ സ്വദേശത്തേക്ക് തിരിച്ചയച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉപേക്ഷിക്കപ്പെട്ട നാല് കപ്പലുകള്‍ ഉള്‍പെട്ട രണ്ട് വ്യത്യസ്ത കേസുകള്‍ കൈകാര്യം ചെയ്തതായി കോണ്‍സുല്‍ ജനറല്‍ വ്യക്തമാക്കി.

നിയമത്തര്‍ക്കം മൂലം കരക്കടുപ്പിക്കാനാവാതെ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന എം ടി സോയ വണ്‍ എന്ന കപ്പലായിരുന്നു ഒന്ന്. ഇതിലെ തൊഴിലാളികളെ രക്ഷിക്കാനായി കോസ്റ്റ് ഗാര്‍ഡുമായും ഷാര്‍ജ പോര്‍ട് അതോറിറ്റിയുമായും ഇന്ത്യന്‍ കോണ്‍സുലേറ്റ് നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മിനിയാന്നാണ് ഇതിലുണ്ടായിരുന്ന ആറ് ഇന്ത്യക്കാരെ സ്വദേശത്തേക്ക് മടക്കി അയച്ചത്. ഇ സി ബി ഇന്റര്‍നാഷണല്‍ എല്‍ എല്‍ സി എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ പാനമയില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ഓറം ഷിപ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ് കപ്പല്‍.

അല്‍ നൗഫ്, സിറ്റി എലൈറ്റ്, ലോഡെയ്ല്‍ എന്നീ മൂന്ന് കപ്പലുകളില്‍ കുടുങ്ങിയ അഞ്ചിലധികം തൊഴിലാളികളെയും നാട്ടിലെത്തിച്ചു. വീനസ് ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ ഫുജൈറ ആസ്ഥാനമായ ഒരു കമ്പനിയായിരുന്നു നടത്തിയിരുന്നത്. നാവികരോട് മോശമായി പെരുമാറിയതിനും ഉപേക്ഷിച്ചതിനും ദ ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (എഫ് ടി എ) വീനസ് ഷിപ്പ് മാനേജ്‌മെന്റ് കമ്പനിക്കെതിരെ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതേ കാരണങ്ങള്‍കൊണ്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ബ്ലാക്ക് ലിസ്റ്റിലും കപ്പല്‍ കമ്പനി പെട്ടിരുന്നു.

കപ്പലില്‍ കുടുങ്ങിയ തൊഴിലാളികളുടെ അവസ്ഥ പരിതാപകരമായിരുന്നുവെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഭക്ഷണവും വെള്ളവും കിട്ടാതെ ആകെ വലഞ്ഞിരുന്നു. ശമ്പളവും കിട്ടാനുണ്ട്. എന്നാലും തൊഴിലാളികള്‍ സ്വന്തം നാട്ടിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് വിപുല്‍ പറഞ്ഞു.

Latest