Connect with us

Gulf

80,000 സസ്യങ്ങള്‍; ദുബൈ വാര്‍ഫില്‍ മേഖലയിലെ ഏറ്റവും വലിയ ഹരിത ചുമര്

Published

|

Last Updated

ദുബൈ: മേഖലയിലെ ഏറ്റവും വലിയ “ഹരിത ചുമര്” ദുബൈയില്‍. ആറ് മീറ്റര്‍ ഉയരത്തില്‍ അത്യാകര്‍ഷകമായ രീതിയില്‍ ദുബൈ പ്രോപ്പര്‍ട്ടീസാണ് പ്രകൃതി സൗഹൃദ ചുമര് തയ്യാറാക്കിയിട്ടുള്ളത്. ദുബൈ ക്രീക്കില്‍ സാംസ്‌കാരിക ഗ്രാമത്തിന്റെ ഹൃദയം എന്നറിയപ്പെടുന്ന ദുബൈ വാര്‍ഫിലാണ് ചുമര്. 80,000 തൈകളുപയോഗിച്ചാണ് നിര്‍മാണം. പ്രതിവര്‍ഷം 4.4 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളന്നത് തടയാന്‍ ഹരിത ചുമരിനാകും.

പരിസ്ഥിതി സൗഹൃദ ജീവിതാന്തരീക്ഷമൊരുക്കുന്നതില്‍ 2018ലെ ലോക സന്തോഷ സൂചിക പ്രകാരം ആഗോളതലത്തില്‍ ഇരുപതും അറബ് മേഖലയില്‍ ഒന്നാം സ്ഥാനവുമാണ് യു എ ഇക്കെന്ന് ദുബൈ പ്രോപ്പര്‍ട്ടീസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രാഇദ് അല്‍ നുഐമി പറഞ്ഞു. സമൂഹത്തിന് അസഖ്യം പ്രയോജനങ്ങള്‍ പച്ചപ്പ് നല്‍കുന്നുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഹരിത ചുമര് ദുബൈ വാര്‍ഫിന്റെ ഭംഗിക്ക് മാറ്റുകൂട്ടുമെന്നും സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും പുത്തന്‍ അനുഭവം സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്‍കുളിര്‍മയേകുന്ന പച്ചപ്പില്‍ തീര്‍ത്ത ചുമര് പ്രകൃതി സ്‌നേഹികളെയും സന്ദര്‍ശകരെയും ദുബൈ വാര്‍ഫിലേക്കും ക്രീക്കിന്റെ തീരത്തേക്കും ആകര്‍ഷിക്കും.

2007ന് ശേഷം ലോകമാകമാനം 93 ശതമാനം ഹരിത ചുമരുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് കൂടുതലും വിമാനത്താവളങ്ങള്‍, വ്യാപാര സമുച്ചയങ്ങള്‍ തുടങ്ങിയവിടങ്ങളിലാണ്. കെട്ടിടങ്ങളുടെ താപനില കുറക്കാന്‍ ഹരിത ചുമരുകള്‍ക്കാകും. ചുറ്റുമുള്ള താപനിലയേക്കാള്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് ചൂട് കുറക്കാന്‍ ഹരിത ചുമരുകള്‍ക്കാകുന്നുണ്ട്.