Connect with us

Kerala

ആലുവയില്‍ പ്രവാസി യുവാവിനെ മര്‍ദിച്ച നാല് പോലീസുകാര്‍ക്ക് സ്ഥലംമാറ്റം

Published

|

Last Updated

കൊച്ചി: ആലുവ എടത്തലയില്‍ പ്രവാസി യുവാവിനെ നടുറോഡിലിട്ട് മര്‍ദിച്ച സംഭവത്തില്‍ നാല് പോലീസുകാരെ സ്ഥലം മാറ്റി. കേസില്‍ പ്രതികളായ എ എസ് ഐ ഇന്ദുചൂഢന്‍, സി പി ഒമാരായ പുഷ്പരാജ്, അബ്ദുല്‍ ജലീല്‍, അഫ്‌സല്‍ എന്നിവരെ എ ആര്‍ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. എസ് ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.

നേരത്തെ പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി വൈ എസ് പി കെബി പ്രഫുലചന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് നാല് പോലീസുകാര്‍ക്കെതിരെ കേസെടുത്തത്. മര്‍ദനം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

മര്‍ദനത്തിനിരയായ എടത്തല കുഞ്ചാട്ടുകര മരത്തുംകുടി വീട്ടില്‍ ഉസ്മാന്‍ (39) ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഉസമാനെതിരെയും കേസെടുത്തിട്ടുണ്ട്. പോലീസിനെ മര്‍ദിച്ചെന്നാരോപിച്ചാണ് കേസ്. ഇയാളുടെ ശരീരമാസകലം ചതവും മുഖത്ത് മുറിവുമേറ്റിട്ടുണ്ട്. കവിളെല്ലിനും പൊട്ടലേറ്റിട്ടുണ്ടെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ കുഞ്ചാട്ടുകര ഗവ. സ്‌കൂളിന് സമീപമാണ് സംഭവം. പീഡനക്കേസിലെ പ്രതിയുമായി സ്വകാര്യ വാഹനത്തില്‍ വരികയായിരുന്ന മഫ്തി പോലീസ് സംഘത്തിന്റെ വാഹനം ഉസ്മാന്റെ ബൈക്കിലിടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഉസ്മാനും പോലീസുകാരും തമ്മില്‍ തര്‍ക്കമായി. യൂനിഫോമിലല്ലതിരുന്നതിനാല്‍ ആളറിയാതെ ഉസ്മാന്‍ പോലീസിനോട് കയര്‍ത്തു. തുടര്‍ന്ന് ഉസ്മാനെ സംഭവ സ്ഥലത്ത് വച്ചും കാറിലും സറ്റേഷനിലെത്തിച്ചും മര്‍ദിച്ചതായി ദൃക്‌സാക്ഷികളും നാട്ടുകാരും പറയുന്നു. നാട്ടുകാര്‍ എടത്തല പോലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെയാണ് ഉസ്മാനെ അറസ്റ്റിലെത്തിക്കാന്‍ പോലീസ് തയ്യാറായതെന്നും ആരോപണമുണ്ട്. വിദേശത്തായിരുന്ന ഉസ്മാന്‍ കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. നോമ്പുതുറ വിഭവങ്ങള്‍ വാങ്ങി വരുന്നതിനിടെയായിരുന്നു പോലീസിന്റെ കാര്‍ ഇടിച്ചത്.

Latest