Connect with us

National

പ്രണബ് മുഖര്‍ജിയുടെ മകള്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നു

Published

|

Last Updated

കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നാഗ്പൂരില്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച വിവാദം കത്തിനില്‍ക്കുന്നതിനിടെ കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ച് മറ്റൊരു വാര്‍ത്ത. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ പ്രണാബ് മുഖര്‍ജിയുടെ മകള്‍ ഷര്‍മിസ്ത മുഖര്‍ജി ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍എസ്എസ് കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി കോണ്‍ഗ്രസിന്റെ വക്താക്കളില്‍ ഒരാളാണ് ഷര്‍മിസ്ത മുഖര്‍ജി. ഷര്‍മിസ്ത മുഖര്‍ജിയെ സ്ഥാനാര്‍ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ പ്രണാബ് മുഖര്‍ജിയുമായി രണ്ട് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ആരോപണങ്ങൾ ഷർമിസ്ത മുഖർജി നിഷേധിച്ചു. താൻ ബിജെപിയിൽ ചേരുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അവർ ട്വീറ്റ് ചെയ്തു.

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നാളെ നടക്കുന്ന പരിപാടിയിലാണ് കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മറികടന്ന് പ്രണാബ് മുഖര്‍ജി പങ്കെടുക്കുന്നത്. ഇതിനായി അദ്ദേഹം ബുധനാഴ്ച വൈകീട്ട് നാഗ്പൂരില്‍ എത്തിക്കഴിഞ്ഞു. എല്ലാ വര്‍ഷവും നടക്കുന്ന ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ് എന്ന പരിപാടിയിലാണ് മുഖര്‍ജി മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. 800ഓളം വരുന്ന ആര്‍എസ്എസ് വളണ്ടിയര്‍മാരാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്.