ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രണാബ് മുഖര്‍ജി നാഗ്പൂരിലെത്തി

Posted on: June 6, 2018 7:57 pm | Last updated: June 7, 2018 at 9:45 am
SHARE

നാഗ്പൂര്‍: എതിര്‍പ്പുകള്‍ക്കിടെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനായി മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണാബ് മുഖര്‍ജി നാഗ്പൂരിലെത്തി. വൈകീട്ട് നാഗ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയെ മുഖര്‍ജിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഹര്‍ഷാരവങ്ങളോടെ എതിരേറ്റു.

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നാളെയാണ് പരിപാടി. ഇവിടെ എല്ലാ വര്‍ഷവും നടക്കുന്ന ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ് എന്ന പരിപാടിയിലാണ് മുഖര്‍ജി മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. 800ഓളം വരുന്ന ആര്‍എസ്എസ് വളണ്ടിയര്‍മാരാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബ് മുഖര്‍ജിയുടെ തീരുമാനത്തിന് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ മുഖര്‍ജിക്ക് കത്തയച്ചിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കും നാഗ്പൂരില്‍ മറുപടി പറയുമെന്നായിരുന്നു മുഖര്‍ജിയുടെ പ്രതികരണം.