Connect with us

National

കാമുകന് പണത്തിനായി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കോളജ് വിദ്യാര്‍ഥിനികള്‍ പിടിയില്‍

Published

|

Last Updated

മുംബൈ: കാമുകന് പണത്തിനായി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് നല്‍കുന്ന രണ്ട് കോളജ് വിദ്യാര്‍ഥിനികള്‍ പോലീസിന്റെ പിടിയിലായി. ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്ത് രണ്ട് മാസത്തിനുള്ളില്‍ ഇവര്‍ കവര്‍ന്നത് 38 മൊബൈല്‍ ഫോണുകളാണ്. കാമുകനായ ഋഷി സിംഗിനായി ഫോണ്‍ മോഷ്ടിച്ച് നല്‍കിയ ട്വിങ്കിള്‍ സോണി(20), ടിനാല്‍ പര്‍മാര്‍(19) എന്നിവരാണ് പിടിയിലായത്. മൂന്ന് ലക്ഷം രൂപക്ക് ഇവരില്‍നിന്നും ഫോണുകള്‍ വാങ്ങിയ രാഹുല്‍ രജപുരോഹിത്(28) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടികളുടെ കാമുകനായ സിംഗിനെ പിടികൂടാനായിട്ടില്ല.

സിംഗിനായി പെട്ടന്ന് പണമുണ്ടാക്കാനാണ് ഫോണുകള്‍ മോഷ്ടിച്ചതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞതായി ഡിസിപി പുരുഷോത്തം കരാദ് പറഞ്ഞു.്‌മൊബൈല്‍ ഫോണുകള്‍ മോഷണം പോയെന്ന നിരവധി പരാതികള്‍ ബോറിവാലി സ്‌റ്റേഷനില്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഡിസിപിയുടെ നേത്യത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിച്ച് വരുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ട്രെയിനില്‍ സഹയാത്രക്കാരിയുടെ ബേഗില്‍നിന്നും ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിക്കവെ സോണിയെയാണ് പോലീസ് ആദ്യം പിടികൂടുന്നത്. സോണിയില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരും പിടിയിലാകുന്നത്. ട്രെയിനില്‍ കോളജിലേക്ക് പോകുംവഴിയാണ് പെണ്‍കുട്ടികള്‍ മോഷണം നടത്തിയിരുന്നത്. പിടിയിലാകുമ്പോള്‍ സോണിയുടെ ബാഗില്‍ ഒമ്പത് മൊബൈല്‍ ഫോണുകളുണ്ടായിരുന്നു.

Latest