മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ച മാതാവിന്റേയും മകന്റേയും കണ്ണുകള്‍ വെളിച്ചമേകുന്നത് നാല് പേര്‍ക്ക്

Posted on: June 6, 2018 2:00 pm | Last updated: June 6, 2018 at 2:00 pm
SHARE

ബെര്‍ഹംപൂര്‍: ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മരിച്ച മാതാവിന്റേയും മകന്റേയും കണ്ണുകള്‍ ഇപ്പോള്‍ വെളിച്ചമേകുന്നത് നാല് പേര്‍ക്കാണ്. ഒഡീഷയിലെ ബെര്‍ഹംപുരിലാണ് അപൂര്‍വ്വമായ സംഭവം നടന്നത്. കപിലേശ്വരപേട്ട തെരുവിലെ 78കാരിയായ ടി പാര്‍വതി തിങ്കളാഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഇവരുടെ കണ്ണുകള്‍ ഗന്‍ജാം ജില്ലയിലെ എംകെസിജി മെഡിക്കല്‍ കോളജിലെ നേത്ര ബേങ്കിന് ദാനം ചെയ്യുകയായിരുന്നു.

ഇതിന് ശേഷം 24 മണിക്കൂറിനുള്ളില്‍ പിറ്റേന്ന് രാവിലെ പാര്‍വതിയുടെ അസുഖബാധിതനായ മകന്‍ 47കാരനായ കമേസ്വര്‍ റാവുവും മരിച്ചു. തുടര്‍ച്ചയായ രണ്ട് മരണങ്ങള്‍ കുടുംബത്തെ വലിയ ദു:ഖത്തിലാക്കിയെങ്കിലും് റാവുവിന്റെ കണ്ണുകളും കുടുംബം ദാനം ചെയ്യുകയായിരുന്നു. പ്രദേശത്തെ സുഹ്യത്ത് സഹായ സംഘത്തിന്റെ മുന്‍ പ്രസിഡന്റായിരുന്നു റാവു.