തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്: ഡിവൈഎസ്പിയെ സ്ഥലംമാറ്റി

Posted on: June 6, 2018 1:48 pm | Last updated: June 6, 2018 at 8:04 pm

തിരുവനന്തപുരം: എടപ്പാളില്‍ സിനിമാ തിയേറ്ററില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസ് അന്വേഷിക്കുന്ന ഡിസിആര്‍ബി. ഡിവൈഎസ്പി ഷാജി വര്‍ഗീസിനെ സ്ഥലംമാറ്റി. പുതിയ ചുമതല നല്‍കിയിട്ടില്ല. പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയാണ് ഉത്തരവിട്ടത്.

പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ തിയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പീഡന വിവരം പോലീസിനെ അറിയിക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് സതീഷിനെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കാനായിരുന്നു പോലീസിന്റെ നീക്കം. എന്നാല്‍, പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.

വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് അറസ്റ്റ് നിയമപരമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി ജി പിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടപടിയിലെ നിയമസാധുത പരിശോധിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഒാഫ് പ്രോസിക്യൂഷനോടും തൃശൂര്‍ റേഞ്ച് ഐ ജിയോടും ഡി ജി പി ആവശ്യപ്പെട്ടു. തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് പുനപ്പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.