Connect with us

Kerala

മിഠായിത്തെരുവ് സജീവമായി; കോഴിക്കോട് നഗരം നിപ്പാ ഭീതിയില്‍ നിന്നുണരുന്നു

Published

|

Last Updated

കോഴിക്കോട്: നിപ്പാ ഭീതിയില്‍ വിറങ്ങലിച്ച് നിന്ന കോഴിക്കോട് നഗരം സാവധാനം സാധാരണ നിലയിലേക്ക് നീങ്ങുന്നു. പുതിയ നിപ്പാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവായതുമാണ് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നത്. നിപ്പാ സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ രണ്ട് പേര്‍ സുഖം പ്രാപിക്കുന്നതും ജനങ്ങളുടെ ഭീതി കുറച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ വ്യാപകമായ തോതില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയത് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിന് ജനങ്ങള്‍ക്ക് പ്രേരകമായി. വൈറസ് ബാധയെ കുറിച്ച് പല തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായതോടെയാണ് കോഴിക്കോട് നഗരത്തിലെ പല സ്ഥലങ്ങളും ആളൊഴിഞ്ഞത്. ബസുകള്‍ കൂട്ടത്തോടെ ഓട്ടം നിര്‍ത്തേണ്ടി വന്നു. നിപ്പാ ആദ്യം റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയിലും കൊയിലാണ്ടി, വടകര, നാദാപുരം, താമരശ്ശേരി തുടങ്ങിയ നഗരങ്ങളിലും തിരക്ക് നന്നേ കുറഞ്ഞു. ആളുകള്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും തിരക്കുള്ള ബസില്‍ കയറുന്നതും കുറച്ചു. രാവിലെയും വൈകുന്നേരവും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ട്രെയിനിലും യാത്ര ചെയ്യാന്‍ ആളുകള്‍ മടിച്ചു.
നിപ്പ വൈറസ് ഭീതിയിലുള്ള ജില്ലയിലേക്ക് പതിവിലും നേരത്തെ മഴയും എത്തിയത് ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കുന്നതിന് മറ്റൊരു കാരണം കൂടിയായി. മഴ തുടങ്ങിയത് നിപ്പാ പ്രതിരോധ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു അധികൃതര്‍. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി നഗത്തില്‍ ചെറിയ തോതിലുള്ള ഉണര്‍വ് പ്രകടമായതായി മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ ചരക്ക് കയറ്റിറക്ക് തൊഴിലാളിയായ ഹര്‍ഷല്‍ പറഞ്ഞു.
ചരക്കുകള്‍ കഴിഞ്ഞ ദിവസത്തേതിലും കൂടുതല്‍ വരുന്നുണ്ട്. ബസ് സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് നീങ്ങുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ സുപ്രധാന വാണിജ്യ കേന്ദ്രമായ മിഠായി തെരുവിന്റെ അവസ്ഥ രണ്ടാഴ്ചയിലധികമായി ഏറെ പരിതാപകരമായിരുന്നു. അവധി ദിനങ്ങളുടെ വ്യത്യാസമില്ലാതെ ആളുകള്‍ എത്തിയിരുന്ന ഇവിടെ നിപ്പാ ഭീതി മൂലം ആളിറങ്ങാതായതോടെ ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് വ്യാപാരികള്‍ക്ക് നഷ്ടമായത്. റമസാന്‍ ഇരുപതിന് മുമ്പ് നല്ല കച്ചവടം ഉണ്ടാകേണ്ട ഇവിടെ എത്തിയ ആളുകള്‍ നന്നേ കുറഞ്ഞു. എന്നാല്‍ രണ്ട് ദിവസമായി സ്ഥിതിയില്‍ അല്‍പ്പം മാറ്റമുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മിഠായിത്തെരുവ് യൂനിറ്റ് പ്രസിഡന്റ് കബീര്‍ പറഞ്ഞു.
ബേങ്ക് ലോണെടുത്തും കടം വാങ്ങിയും പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് ചരക്കുകളെത്തിച്ച കച്ചവടക്കാര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. വിവിധ ഷോപ്പുകളില്‍ ആളുകളെത്താതായതോടെ ചരക്കുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. വാഹനഗതാഗതം നിരോധിച്ചതിന് പിന്നാലെയാണ് കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി നിപ്പാ ഭീതി കൂടിയെത്തിയത്. സാധാരണ നില വീണ്ടെടുക്കാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് വ്യാപാരികള്‍ കണക്കുകൂട്ടുന്നത്. വിദേശ നാടുകളില്‍ നിപ്പാ ഭീതി വ്യാപകമായത് കോഴിക്കോട് നഗരത്തിലെ വ്യാപാരത്തെയും സാരമായി ബാധിച്ചുവെന്ന് കോയന്‍കോ ബസാറിലെ ടോപ്‌ടെന്‍ ചുരിദാര്‍ മെറ്റീരിയല്‍സിലെ എം കെ ഇഖ്ബാല്‍ പറഞ്ഞു.

ഗള്‍ഫ് ആശ്രയിച്ചു കഴിയുന്ന ഏറെ കുടുംബങ്ങളുള്ള കോഴിക്കോട്ട് പെരുന്നാള്‍ വസ്ത്രങ്ങളെടുക്കാനും മറ്റുമായി എത്തുന്നവര്‍ ഗള്‍ഫില്‍ നിന്നുള്ള കുടുംബാംഗങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്ന് നഗരത്തിലേക്കുള്ള യാത്ര കുറച്ചത് തിരിച്ചടിയായെന്നും അദ്ദേഹം പറയുന്നു.
നഗരത്തിലെ ബസുകളുടെയും ഓട്ടോ തൊഴിലാളികളും ഏറെ കഷ്ടത്തിലായിരുന്നു രണ്ടാഴ്ചയിലധികം. രണ്ട് ദിവസമായി ജനങ്ങള്‍ ചെറിയതോതില്‍ ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഓട്ടം സാധാരണ നിലയിലേക്ക് ആകാന്‍ ദിവസങ്ങളെടുക്കും. ഓട്ടം കുറഞ്ഞതിനാല്‍ വാടക കൊടുക്കാന്‍ പോലും കാശില്ലെന്ന് ഓട്ടോ തൊഴിലാളിയായ സജീവ് കുമാര്‍ പറഞ്ഞു. നഗരത്തില്‍ സി സി പെര്‍മിറ്റുള്ള നാലായിരത്തിലധികം ഓട്ടോകളാണുള്ളത്. പെരുന്നാളടുക്കുമ്പോള്‍ ഇടതടവില്ലാതെ ഓടിയിരുന്ന പല ഓട്ടോകളും പല സ്ഥലത്തും കൂടുതല്‍ സമയം വിശ്രമിക്കേണ്ട അവസ്ഥയാണുള്ളത്. വരും ദിവസങ്ങളില്‍ നഗരത്തിലേക്ക് വരുമെന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്.

പഴ വിപണിയായിരുന്നു നിപ്പ പ്രതികൂലമായി ബാധിച്ച മറ്റൊരു പ്രധാന മേഖല. പല സ്ഥലത്തും റമസാന്‍ ഉദ്ദേശിച്ചു കൊണ്ടുവന്ന പഴം, പച്ചക്കറി സാധനങ്ങള്‍ വെറുതെയായി. എന്നാല്‍ ഈ വിപണി തിരിച്ചുപിടിക്കാനാകുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ. നിപ്പ ഭീതിയെ തുടര്‍ന്ന് പൊതുപരിപാടികള്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു.ഭീതി ഒഴിഞ്ഞിട്ടുണ്ടങ്കിലും ജില്ലയില്‍ 12 വരെ ജാഗ്രത തുടരും. അതിനിടക്ക് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക കൂടി ചെയ്താല്‍ മാത്രമേ രോഗത്തിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണമായി ഫലം കണ്ടുവെന്ന് പറയാനാവുകയുള്ളൂ.