വാരാപ്പുഴ കസ്റ്റഡി മരണം; പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി നിയമസഭ

Posted on: June 6, 2018 11:11 am | Last updated: June 6, 2018 at 1:49 pm
SHARE

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണത്തില്‍ അന്വേഷണം വഴിമുട്ടിയെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സഭ സ്തംഭിച്ചതിനെ തുടര്‍ന്ന് കക്ഷിനേതാക്കളെ സ്പീക്കര്‍ ചര്‍ച്ചക്ക് വിളിച്ചു. പിന്നീട് അല്‍പ നേരത്തിന് ശേഷം വീണ്ടും സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറെ മറച്ച് ബാനര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം വഴിമുട്ടിയെന്നും കുറ്റവാളികള്‍ രക്ഷപ്പെടുന്നതായും ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് പ്രതിപക്ഷം ബഹളം ശക്തമാക്കുകയായിരുന്നു. വിഡി സതീശനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. നിലവില്‍ കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. വിഷയം അടിയന്തര സ്വഭാവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോരുണ്ടായി. സ്പീക്കറുടെ തീരുമാനം അംഗീകരിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു.