കെവിന്‍ വധം നീനു മാനസിക രോഗിയെന്ന് കാണിച്ച് പിതാവ് കോടതിയില്‍

Posted on: June 6, 2018 6:14 am | Last updated: June 6, 2018 at 12:52 am
SHARE

കോട്ടയം: കെവിന്റെ വീട്ടില്‍ നിന്ന് നീനുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പിതാവ് ചാക്കോ കോടതിയെ സമീപിച്ചു. നീനുവിന് മാനസികരോഗമാണെന്നും അതിനാല്‍ കെവിന്റെ വീട്ടില്‍ നിന്ന് മാറ്റണമെന്നും മാനസിക രോഗചികിത്സ വേണമെന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടു.
നീനുവിന് ചികിത്സ വേണമെങ്കില്‍ പ്രത്യേകം അപേക്ഷ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതിനായി പിതാവ് ചാക്കോ കോടതിയില്‍ അപേക്ഷ നല്‍കി. കസ്റ്റഡി അപേക്ഷയിലെ വാദത്തിനിടെ ചികിത്സാകാര്യം ഉന്നയിച്ചിരുന്നെങ്കിലും അപ്രസക്തമെന്ന് ചൂണ്ടിക്കാട്ടി കോടതി അത് പരിഗണിച്ചില്ല.

മറ്റൊരപേക്ഷ നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് ചികിത്സക്കായി നീനുവിനെ കെവിന്റെ വീട്ടില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചാക്കോ കോടതിയെ സമീപിച്ചത്.

നീനുവിനും മാതാവ് രഹ്‌നക്കും മാനസിക രോഗമുണ്ട്. ചികിത്സക്ക് തിരുവനന്തപുരത്ത് കൊണ്ടുപോയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. ചാക്കോയുടെ അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റി. അമ്മ രഹ്്‌ന മാനസിക രോഗത്തിന് ചികിത്സ തേടിയെന്ന്് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചെങ്കിലും ഈ പരാമര്‍ശം മുഖ്യപ്രതിയുടെയും സാക്ഷിയുടേയും മാതാവെന്നതിനാല്‍ പ്രധാന കേസുമായി ഇതിന് ബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം കേസില്‍ പ്രധാന പ്രതിയായ ഷാനു അടക്കമുള്ള ആറ് പേരെ കോടതി വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു.