ഗൗരവതരമായ കേസുകളില്‍ വധശിക്ഷ അനിവാര്യം: ജസ്റ്റിസ് കമാല്‍ പാഷ

Posted on: June 6, 2018 6:07 am | Last updated: June 5, 2018 at 11:54 pm
SHARE

തൃശൂര്‍: ഗൗരവതരമായ ചില കേസുകളില്‍ വധശിക്ഷ അനിവാര്യമാണെന്നും അവിടെ മറ്റു സാധ്യതകള്‍ തേടേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് കമാല്‍ പാഷ. വധശിക്ഷ വേണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായമുണ്ട്. ധാരാളം വധശിക്ഷകള്‍ വിധിച്ചിട്ടുള്ള വലിയ ന്യായാധിപന്മാര്‍ സ്ഥാനത്തുനിന്ന് മാറിക്കഴിഞ്ഞാല്‍ നിലപാട് മാറ്റും. ആരെയും തൂക്കിക്കൊല്ലാന്‍ പാടില്ല, ദൈവം തന്ന ജീവന്‍ മനുഷ്യന്‍ എടുക്കാന്‍ പാടില്ല എന്നൊക്കെ അവര്‍ പറയും. പുറത്തിരുന്ന് അങ്ങനെയൊക്കെ പറയാം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ ഒരു ജഡ്ജി എന്ന നിലക്ക് വധശിക്ഷ വിധിക്കേണ്ടി വന്നിട്ടുണ്ട്. കൊടുക്കേണ്ട കേസുകളിലാണ് കൊടുത്തിട്ടുള്ളതെന്നതിനാല്‍ അതില്‍ പശ്ചാത്താപമില്ല. അത് ഒരു മുന്നറിയിപ്പ് കൂടിയാണ്. ഇന്ത്യന്‍ പീനല്‍കോഡില്‍ വധശിക്ഷ എഴുതിവെച്ചിരിക്കുന്നിടത്തോളം കാലം അത് ദൈവം തന്ന ജീവനാണോ അല്ലയോ എന്നു നോക്കാന്‍ ജഡ്ജിക്ക് വേറെ മാനദണ്ഡങ്ങളൊന്നുമില്ല. പ്രതിക്ക് മാത്രമല്ല മനുഷ്യാവകാശമുള്ളത്. ഇരകളാക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങളാണ് കൂടുതലായി പരിഗണിക്കപ്പെടേണ്ടത്. വധശിക്ഷ ഒഴിവാക്കുന്നതിന് 40 വര്‍ഷം വരെ തടവിന് ശിക്ഷിക്കുന്ന ജഡ്ജിമാരുണ്ട്. എന്നാല്‍, അത്രയും കാലം അവരെ കൊല്ലാക്കൊല ചെയ്യുന്നതിലും ഭേദം വധിക്കുന്നതു തന്നെയാണ്. അത് അപരിഷ്‌കൃതമാണെന്ന അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

കമാല്‍ പാഷ ആളുകളെ തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടുണ്ടെന്നും ഞാനിതേവരെ അങ്ങനെ വിധിച്ചിട്ടില്ലെന്നും ദൈവം തന്ന ജീവന്‍ എടുക്കാന്‍ നമുക്കെന്താണ് അവകാശമെന്നും ഒരു ജില്ലാ ജഡ്ജി കൊല്ലം ചിന്നക്കടയില്‍ വെച്ച് പ്രസംഗിച്ചു. അന്ന് ഞാന്‍ രണ്ടോ മൂന്നോ കേസുകളിലേ അത്തരം വിധികള്‍ പ്രസ്താവിച്ചിരുന്നുള്ളൂ. ഞാന്‍ ചരിത്രം സൃഷ്ടിക്കാന്‍ പോകുകയാണെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ഇന്ത്യന്‍ പീനല്‍കോഡില്‍ പറഞ്ഞ ഒരു ശിക്ഷ കൊടുക്കില്ലെന്ന് ഒരു ജഡ്ജി പറഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്ന് പിന്നീടൊരു വേദിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഞാന്‍ പറഞ്ഞു. ദൈവത്തിന്റെ ആനുകൂല്യത്തെയോ അത് ദോഷമാണെന്നോ ഒരു ജഡ്ജി ചിന്തിക്കാന്‍ പാടില്ല. വ്യക്തിപരമായ കാര്യമായതിനാല്‍ അതിന് പ്രസക്തിയില്ലെന്നും അത് ഭരണഘടനക്കും അദ്ദേഹമെടുത്ത സത്യപ്രതിജ്ഞക്കും എതിരാണെന്നും കമാല്‍ പാഷ പറഞ്ഞു. തിരുത്തല്‍ കേന്ദ്രങ്ങളാണ് ജയിലുകളെങ്കിലും അപൂര്‍വങ്ങളില്‍ അപൂര്‍വമായതോ അതിക്രൂരമായതോ ആയ കൊലപാതകം നിര്‍വഹിച്ചിട്ടുള്ള ഒരാളെ തടവ് ശിക്ഷയിലൂടെ തിരുത്തി സമൂഹത്തിലേക്ക് തിരിച്ചയക്കാന്‍ കഴിയില്ല. അതുകൊണ്ട് കൊല്ലേണ്ടവനെ കൊല്ലുക തന്നെ വേണം.

പ്രകൃതി സ്രോതസ്സുകളെയെല്ലാം നശിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ വീട്ടുപറമ്പിലേക്ക് വലിച്ചെറിയുന്ന കാഴ്ചപ്പാട് മാറിയാലേ നമുക്കു മുന്നോട്ടു പോകാനാകൂവെന്നും കമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.