Connect with us

Kerala

പഴവില്‍പ്പന പകുതിയായി കുറഞ്ഞെന്ന് വ്യാപാരി സംഘടന

Published

|

Last Updated

കൊച്ചി: നിപ്പാ വൈറസ് ഭീതിയെ തുടര്‍ന്ന് സംസ്ഥാനത്തെ പഴങ്ങളുടെ വില്‍പ്പന 50 ശതമാനം കുറഞ്ഞുവെന്ന് ആള്‍ കേരളാ ഫ്രൂട്ട്‌സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. നിപ്പാ വൈറസ് പഴങ്ങളിലൂടെ പകരുന്നുവെന്ന അനാവശ്യ ഭീതിയാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതുമൂലം 10 ദിവസം ഫ്രൂട്ട്‌സ് വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ പ്രചാരണമായിരുന്നുവെന്ന് വ്യക്തമായതോടെ വീണ്ടും പഴവിപണി സജീവമായിട്ടുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. നിപ്പാ ഭീതി പടര്‍ന്നതോടെ കര്‍ഷകര്‍ക്കാണ് നഷ്ടമുണ്ടായിരിക്കുന്നത്. സാധാരണനിലയില്‍ ഒരു ദിവസം 2000 കോടിയുടെ ഫ്രൂട്ട്‌സ് വില്‍പ്പനയാണ് കേരളത്തിലുള്ളത്. 200 ലോഡ് ഫ്രൂട്ട്‌സാണ് കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വിറ്റുകൊണ്ടിരുന്നത്. റമസാന്‍ സീസണില്‍ ഇരട്ടിയാകേണ്ടതായിരുന്നു. എന്നാല്‍ നിപ്പാ വൈറസ് ഭീതി പടര്‍ന്നതോടെ ഇത് 100 ലോഡായി കുറഞ്ഞു. കോഴിക്കോട് മേഖലയില്‍ 75 ശതമാനമാണ് വില്‍പ്പന കുറഞ്ഞത്. സംസ്ഥാനത്ത് എത്തുന്ന ഫ്രൂട്ട്‌സില്‍ 95 ശതമാനവും ഇതര സംസ്ഥാനത്ത് നിന്നും പുറം രാജ്യങ്ങളില്‍ നിന്നുമാണ്. പുറം രാജ്യങ്ങളില്‍ നിന്ന് വരുന്ന പഴവര്‍ഗങ്ങള്‍ അവിടെ നിന്നും സുരക്ഷാ പരിശോധനകളെല്ലാം കഴിഞ്ഞിട്ടാണ് എത്തുന്നത്. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും പലപ്പോഴായി പഴവര്‍ഗങ്ങള്‍ പരിശോധനക്കയച്ചുവെങ്കിലും ഒരു കേസ് പോലും നിലവിലില്ലന്നും അവര്‍ വ്യക്തമാക്കി.

രാജ്യത്തിനകത്തുനിന്നുമുള്ള പഴങ്ങളുടെ കയറ്റുമതിയേയും അനാവശ്യ പ്രചാരണങ്ങള്‍ ബാധിച്ചിട്ടുണ്ട്. വൈറസ് ഭീത പടര്‍ന്നയുടനെ വിദേശരാജ്യങ്ങള്‍ ഇവിടെ നിന്നുള്ള പഴങ്ങള്‍ ബാന്‍ ചെയ്യുകയാണുണ്ടായതെന്നും ഭാരവാഹികള്‍ പറഞ്ഞു. ഓള്‍ കേരളാ ഫ്രൂട്ട്‌സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി പി ഹംസ, എക്‌സിക്യൂട്ടീവ് മെമ്പര്‍ മോയിന്‍ ഖാന്‍, ഓഫീസ് സെക്രട്ടറി പി കെ ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest